എൽഡിഎഫിന്റെയും യുഡിഎഫിന്റെയും പ്രധാന നേതാക്കൾ കാലാകാലങ്ങളായി സിഎംആർഎല്ലിൽ നിന്നും കോടിക്കണക്കിന് രൂപ മാസപ്പടി വാങ്ങുന്നുണ്ട്; ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ

എൽഡിഎഫിന്റെയും യുഡിഎഫിന്റെയും പ്രധാന നേതാക്കൾ കാലാകാലങ്ങളായി സിഎംആർഎല്ലിൽ നിന്നും കോടിക്കണക്കിന് രൂപ മാസപ്പടി വാങ്ങുന്നുണ്ടെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബിജെപി മാത്രമാണ് ഇത്തരം പ്രകൃതിയെ ചൂഷണം ചെയ്യുന്ന കമ്പനികളിൽ നിന്നും പണം വാങ്ങാത്തതെന്നും കോഴിക്കോട് ബാലുശ്ശേരിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും മാത്രമല്ല യുഡിഫ് വന്നാൽ മുഖ്യമന്ത്രി ആകുമെന്ന് പറയുന്ന ചെന്നിത്തലയും മാസപ്പടി വാങ്ങിയിട്ടുണ്ട്. ഉപമുഖ്യമന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടിക്കും മറ്റു പ്രധാനപ്പെട്ട എല്ലാ നേതാക്കൾക്കും മാസപ്പടി ലഭിച്ചിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥർക്കും ഐഎഎസ് ഉദ്യോഗസ്ഥർക്കും ചില പ്രമുഖർക്കും ഇങ്ങനെ മാസപ്പടി കൊടുത്തിട്ടുണ്ട്. എന്തിനാണ് സിഎംആർഎൽ ഇത്തരത്തിൽ മാസപ്പടി നൽകുന്നത്. എസ്എഫ്ഐ അന്വേഷണത്തിന് ശേഷമാണ് കാര്യങ്ങൾ എല്ലാവർക്കും ബോധ്യമാകുന്നത്.
രണ്ട് മുന്നണികളുടെയും മുഖംമൂടി വലിച്ചു കീറുന്ന സംഭവങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ബാങ്ക് വഴി വാങ്ങിച്ച പണത്തെക്കാൾ എത്രയോ ഇരട്ടി അല്ലാതെ കൈപ്പറ്റിയവരാണ് ഇപ്പോഴത്തെ ആരോപണവിധേയരെന്ന് ഉറപ്പാണ്. എൽഡിഎഫും യുഡിഎഫും കരിമണൽ കമ്പനിയിൽ നിന്നും എന്തിനാണ് മാസപ്പടി വാങ്ങിയതെന്ന് ജനങ്ങളോട് തുറന്നു പറയണം. എസ്എഫ്ഐയുടെ അന്വേഷണം രാഷ്ട്രീയപ്രേരിതമാണെന്ന് ഇതുവരെ രാജ്യത്ത് ആരും പറഞ്ഞിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
https://www.facebook.com/Malayalivartha