സാങ്കേതിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഇന്നലെ രാത്രി ഉണ്ടായ സംഭവത്തില്‍ എന്താണ് കാരണമെന്നത് സാങ്കേതിക പരിശോധനയ്ക്ക് ശേഷമേ മനസിലാക്കാന്‍ സാധിക്കൂവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഇന്നലെ രാത്രി ഉണ്ടായ സംഭവത്തില്‍ എന്താണ് കാരണമെന്നത് സാങ്കേതിക പരിശോധനയ്ക്ക് ശേഷമേ മനസിലാക്കാന്‍ സാധിക്കൂവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.. ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റേയും പോലീസിന്റേയും അന്വേഷണം നടന്നു വരുന്നു. പോലീസിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഫോറന്‍സിക് പരിശോധനയും നടക്കുന്നുണ്ട്.
സംഭവം ഉണ്ടായ എംആര്‍ഐ മെഷീന്റെ യുപിഎസ് റൂമില്‍ ഉള്‍പ്പെടെ ഫോറന്‍സിക് ടീം പരിശോധന നടത്തുന്നുണ്ട്. അന്വേഷണം പൂര്‍ത്തിയായി റിപ്പോര്‍ട്ട് വരുമ്പോള്‍ മാത്രമാണ് എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള ഒരു സംഭവം ഉണ്ടായതെന്ന് മനസിലാക്കാന്‍ സാധിക്കുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.
എംആര്‍ഐ മെഷീന് മാത്രമായുള്ള യുപിഎസും അതിനുള്ള മുറിയുമാണ്. ഫിലിപ്‌സ് കമ്പനിയുടേതാണ് എംആര്‍ഐ മെഷീന്‍. അതിന്റെ മെയിന്റനന്‍സും ഫിലിപ്‌സ് നിയോഗിച്ച ഏജന്‍സിയാണ് നടത്തുന്നത്. അതിന്റെ ചുമതലയും ഫിലിപ്‌സിനാണ്. എംആര്‍ഐ മെഷീനും യുപിഎസിനും 2026 ഒക്ടോബര്‍ വരെ വാറണ്ടിയുമുണ്ട്. ബന്ധപ്പെട്ട ഏജന്‍സി കൃത്യമായ മെയിന്റനന്‍സ് നടത്തുന്നുണ്ട്.
ഇങ്ങനെ ഒരു സംഭവം എങ്ങനെയാണ് ഉണ്ടായതെന്ന് കൃത്യമായി പരിശോധിക്കപ്പെടണം. ഫിലിപ്‌സ് കമ്പനിയോടും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. എത്രയും പെട്ടെന്ന് ഈ പരിശോധനകള്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സിസിടിവി ഉള്‍പ്പെടെ പരിശോധിച്ച് കൃത്യവും സമഗ്രവും ആയിട്ടുള്ള അന്വേഷണം പോലീസ് നടത്തുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha