കേന്ദ്രത്തിന്റെ നീക്കം വെട്ടിനിരത്തി കെ സുധാകരന്‍ ; പിണറായി വിജയനെയും എംവി ഗോവിന്ദനെയും നേരിടാന്‍ നാക്കും തോക്കുമുള്ള കെപിസിസി പ്രസിഡന്റ് വരാതെ പറ്റില്ലെന്ന അഭിപ്രായമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകർക്ക്

നായ തിന്നുകയുമില്ല തീറ്റിക്കുകയുമില്ല എന്നതാണ് കേരളത്തിലെ കോണ്‍ഗ്രസിന്റെ പ്രത്യേകത. ആന്റോ ആന്റണിയും സണ്ണി ജോസഫും കെപിസിസി പ്രസിഡന്റാകാന്‍ കുപ്പായം തുന്നിയിരിക്കെ നിലവിലെ പ്രസിഡന്റ് കെ സുധാകരന്‍ കേന്ദ്രത്തിന്റെ നീക്കം വെട്ടിനിരത്തി. ആന്റോയോ സണ്ണിയോ കോണ്‍ഗ്രസ് പ്രസിഡന്റായാല്‍ കേരളത്തില്‍ കോണ്‍ഗ്രസിന്റെ വെടി തീരുമെന്ന് കേരളത്തിലെ ഒന്‍പത് എംപിമാരും 20 എംല്‍എമാരും രാഹുല്‍ ഗാന്ധിയെ നേരില്‍ വിളിച്ച് പറഞ്ഞതോടെ കളി ആകെ മാറി. ചൊവ്വാഴ്ച ഉച്ചയ്ക്ക് ആന്റോ ആന്റണിയെ കെപിസിസി പ്രസിഡന്റായി പ്രഖ്യാപിക്കാനിരിക്കെയാണ് ആന്റോയ്‌ക്കെതിരെ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നാകെ പടവെട്ടിയത്.
പ്രിയങ്കാ ഗാന്ധിയുടെയും ഭര്‍ത്താവ് റോബര്‍ട്ട് വധേരയുടെയും പിന്തുണയിലാണ് ആന്റോ ആന്റണി കെപിസിയിലെ ചാരുകസേര ഉറപ്പിച്ചത്. ഈ സമ്മര്‍ദത്തെ സോണിയാ ഗാന്ധിയും പിന്‍തുണച്ചെങ്കിലും ആന്റോയുടെ പേര് അവസാന നിമിഷം വെട്ടിപ്പോയി. ഗാന്ധി കുടുംബത്തിലെ പ്രധാന സഹായിയും ഉപദേശകനുമായ കെസി വേണുഗോപാല്‍ പരമാവധി പയറ്റിയെങ്കിലും ആന്റോയ്ക്ക് അത് ഗുണകരമായില്ല. സണ്ണി ജോസഫിന് പഞ്ചായത്ത് പ്രസിഡന്റായിരിക്കാന്‍പോലും യോഗ്യതയും കഴിവുമില്ലെന്നാണ് കേരളത്തിലെ ചില കോണ്‍ഗ്രസ് എംപിമാര്‍ ഹൈക്കമാന്‍ഡിനെ ധരിപ്പിച്ചത്.
കേരളത്തിലെ അടുത്ത മുഖ്യമന്ത്രിയാകാന്‍ ഉടുപ്പു തുന്നിയിരിക്കുന്ന വിഡി സതീശനും രമേശ് ചെന്നിത്തലയും ശുദ്ധ നായന്‍മാരായതിനാല്‍ അടുത്ത കെപിസിസി പ്രസിഡന്റ് ഒരു നസ്രാണിയാവട്ടെയെന്ന മട്ടിലാണ് ആന്റോയും സണ്ണിയും പയറ്റിനോക്കിയത്. കേരളത്തിലെ നസ്രാണി ബിഷപ്പുമാര്‍ ഒരാളുടെയും പിന്തുണ രണ്ടു പേര്‍ക്കും കിട്ടിയില്ലെന്നത് വേറെ കഥ. ഇരു കൂട്ടരും പല മെത്രാന്‍മന്ദിരങ്ങളും കയറിയിറങ്ങിയെങ്കിലും കാറ്റ് അനുകൂലമായില്ല.
മാത്രവുമല്ല കത്തോലിക്കമായ ആന്റോ ആന്റണിയും കുടുംബവും പെന്തക്കോസ്ത് സഭയുടെ അടുപ്പക്കാരും അഭ്യുദയകാംക്ഷികളുമാണെന്ന കിംവദന്തിയില്‍ കഴമ്പുണ്ടെന്ന ചില തീവ്രകത്തോലിക്കന്‍മാര്‍ അപവാദം പറഞ്ഞു പരുത്തുകയും ചെയ്തു. ഈഴവ സമുദായക്കാരനായ കെ സുധാകരന്‍തന്നെ കെപിസിയില്‍ തുടരട്ടെ എന്ന നിലപാടിലേക്ക് നീക്കങ്ങള്‍ ശക്തമാവുകയും ചെയ്തു. തനിക്കു രോഗമൊന്നുമില്ലെന്നും മൂലയ്ക്കിരുത്താന്‍ ഒരുത്തനും നോക്കേണ്ടെന്നുമൊക്കെ കെ സുധാകരന്‍ പലരെയും നോക്കി വച്ചനത്തുകയും ചെയ്തു. കെ സുധാകരനെ കെപിസിസി അധ്യക്ഷപദവിയില്‍ നിന്നു പറിക്കാന്‍ ഏറെക്കാലമായി ആത്മാര്‍ഥമായി പണിയെടുത്തുവരുന്ന ദേശീയനേതാവാണ് കെസി വേണുഗോപാല്‍.
പിണറായി വിജയനെയും എംവി ഗോവിന്ദനെയും നേരിടാന്‍ നാക്കും തോക്കുമുള്ള കെപിസിസി പ്രസിഡന്റ് വരാതെ പറ്റില്ലെന്ന അഭിപ്രായമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ഏറെപ്പേര്‍ക്കും. നസ്രാണിയെയാണ് കോണ്‍ഗ്രസ് പ്രസിഡന്റായി പരിഗണിക്കുന്നതെങ്കില്‍ മാത്യു കുഴന്‍നാടനുണ്ടെന്നും അയാള്‍ക്കുള്ള വീറും വാശിയും വേറൊരു നേതാവിനുമില്ലെന്നുമാണ് കോണ്‍ഗ്രസിലെ വിവരമുള്ള നേതാക്കളുടെയും അണികളുടെയും അഭിപ്രായം. ഒരാളെയും കിട്ടിയില്ലെങ്കില്‍ റോജി എം ജോണിനെ പ്രസിഡന്റാക്കാന്‍വരെ ചില ജ്ഞാനികള്‍ പറഞ്ഞത് റോജിയോടുള്ള താല്‍പര്യംകൊണ്ടല്ല മറിച്ച് ആന്റോ ആന്റണിയോടും സണ്ണി ജോസഫിനൊടുമുള്ള എതിര്‍പ്പുകൊണ്ടാണ്.
കുമ്പക്കുടി സുധാകരന്‍ എന്ന കെ സുധാകരനു പകരം കോണ്‍ഗ്രസിന് നയിക്കാന്‍ ഇന്നു ത്രാണിയും തന്റേടവുമുള്ള ഏക നേതാവ് കെ കരുണാകരന്റെ മകനായ കെ മുരളീധരനാണ്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ചിലരുടെ പാരകള്‍ക്ക് ഇരയായി തൃശൂരില്‍ തോല്‍പ്പിക്കപ്പെട്ട മുരളീധരനെ അനുനയിപ്പിക്കാന്‍ പറ്റിയ കസേരയാണ് കെപിസിസി പ്രസിഡന്റ് സ്ഥാനമെന്നു പറഞ്ഞപ്പോള്‍ അതു വെട്ടിയതും കെസി വേണുഗോപാലാണ്.
ഫോട്ടോ കണ്ടാല്‍ തിരിച്ചറിയുന്ന ആളായിരിക്കണം കെപിസിസി പ്രസിഡന്റ് എന്ന കെ മുരളീധരന്‍ റഞ്ഞതില്‍ പല കാര്യമുണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ആറു മാസം ബാക്കിനില്‍ക്കെ കൊള്ളാവുന്നയാള്‍ കോണ്‍ഗ്രസിന്റെ അമരത്ത് വന്നില്ലെങ്കില്‍ എല്‍ഡിഎഫ് പഴയതുപോലെ കേരളം തൂത്തുവാരും.തല്ലിത്തീരുന്ന തറവാടാണ് കേരളത്തിലെ കോണ്‍ഗ്രസ്. അധികാരക്കൊതി മാറാത്ത കുറെ നേതാക്കന്‍മാരും അവരുടെയും സ്ഥാനമോഹവും കയ്യിട്ടുവാരലുമാണ് കേരളത്തില്‍ കോണ്‍ഗ്രസിനെ തറപറ്റിക്കുന്നത്. കെ കരുണാകരന്റെയും എകെ ആന്റണിയുടെയും കാലം മുതല്‍ തല്ലും കാലുവാരലും അടിയും പിടിയും കോണ്‍ഗ്രസില്‍ പുതുമയുള്ള കാര്യമല്ല. കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍ കൂട്ടയടി മുതല്‍ തെറിവിളി വരെ പലപ്പോഴും നടന്നിട്ടുമുണ്ട്.
കേരളത്തിലെ കോണ്‍ഗ്രസില്‍ നേതാക്കള്‍ക്ക് കുറവില്ലെങ്കിലും കൊള്ളാവുന്ന നേതാക്കള്‍ നന്നേ കുറഞ്ഞുവരികയാണ്. കഴിവും പ്രാപ്തിയുമുള്ള ചെറുപ്പക്കാരെ വളര്‍ത്തിക്കൊണ്ടുവരാന്‍ തലമുതിര്‍ന്ന നേതാക്കള്‍ സമ്മതിക്കുന്നുമില്ല. 50 കൊല്ലം കോണ്‍ഗ്രസിനെ വിഴുങ്ങിയ ശേഷം കെവി തോമസ് പിണറായിയുടെ പിന്നാലെ അധികാരം തേടി പോയതുപോലെ ഒരു സംഭവങ്ങളാണ് ഈ പാര്‍ട്ടിയില്‍ അരങ്ങേറുന്നത്. മൂക്കില്‍ പല്ലു കിളിര്‍ത്ത കിളവന്‍മാര്‍വരെ അധികാരത്തിനു വേണ്ടി കടിപിടി പൂട്ടുന്ന ഗതികേടാണ് കോണ്‍ഗ്രസില്‍ നടമാടുന്നത്.
കോണ്‍ഗ്രസില്‍ നേതാക്കളുടെ എണ്ണം കൂടിവരുമ്പോഴും പ്രവര്‍ത്തകരുടെ എണ്ണം നന്നേ കുറയുകയാണ്. കോണ്‍ഗ്രസിലെ നല്ലൊരു ശതാമാനം നായന്‍മാരും സവര്‍ണജാതിക്കാരും സമീപകാലത്ത് ബിജെപിയിലേക്കു പോയി. ഒരു വിഭാഗം നസ്രാണികള്‍ മാണിയുടെ കൊടി പിടിച്ച് എല്‍ഡിഎഫിലേക്ക് പോയി. അധികാരമൊന്നുമില്ലാതെ പത്തു കൊല്ലമായി ഗതികെട്ടു നടക്കുന്ന മുസ്ലീം ലീഗില്‍ നിന്നും അണികളുടെ ചോര്‍ച്ച ചെറുതൊന്നുമല്ല. മലപ്പുറം ജില്ലയില്‍പോലും ലീഗിന്റെ കാല്‍ക്കീഴില്‍ നിന്ന് മണ്ണൊലിച്ചുപോകുന്നുണ്ടെന്ന് കുഞ്ഞാലിക്കുട്ടിക്കും പാണക്കാട് തങ്ങള്‍ക്കും നന്നായി അറിയാം. കേരളത്തില്‍ കോണ്‍ഗ്രസിന് വാര്‍ഡു കമ്മിറ്റിയോ ബ്ലോക്ക് കമ്മിറ്റിയോ ഇല്ലാത്ത പ്രദേശങ്ങള്‍ പലതായിരിക്കെ താഴേത്തട്ടില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താതെ ഈ പ്രസ്ഥാനം കേരളത്തില്‍ രക്ഷപ്പെടുകയില്ല.
യുഡിഎഫില്‍ കോണ്‍ഗ്രസ് കഴിഞ്ഞാല്‍പിന്നെ ലീഗിനാണ് ശക്തിയുള്ളത്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ ജോസഫും മോന്‍സ് ജോസഫും കുറെ നേതാക്കളുണ്ടെന്നല്ലാതെ പല ജില്ലകളിലും ജില്ലാ കമ്മിറ്റിപോലുമില്ലെന്ന വിവരം വിവരമുള്ള മലയാളികള്‍ക്കൊക്കെ അറിയാം. ജനങ്ങളുമായി ബന്ധമോ ജനകീയപ്രശ്‌നങ്ങളില്‍ ഇടപെടലോ നടത്താതെ കോണ്‍ഗ്രസ് കേരളത്തില്‍ ഇനിയൊരിക്കലും രക്ഷപ്പെടില്ല.
നിലവിലെ സാഹചര്യത്തില്‍ ജനവിരുദ്ധതകൊണ്ട് ജനങ്ങളെ വെറുപ്പിച്ചവനാണെങ്കിലും പിണറായി വിജയന്‍തന്നെ വീണ്ടും അധികാരിത്തിലെത്താനുള്ള സാഹചര്യമാണ്. പ്രതിപക്ഷ നേതാവെന്ന നിലയില്‍ വിഡി സതീശന്‍ കാര്യമായ വിജയമൊന്നുമില്ല. ഒച്ചയും വായും വച്ചിട്ടു കാര്യമില്ല ശക്തമായ ജനകീയ പ്രക്ഷോഭം നടത്തി ജനങ്ങളെ ഉണര്‍ത്തുന്ന ഒരു പരിപാടിയും വിജയിപ്പിക്കാന്‍ വിഡി സതീശന് കഴിഞ്ഞിട്ടില്ല. ഒറ്റയാള്‍ പ്രകടനംകൊണ്ടൊന്നും കേരളത്തില്‍ പിണറായിയെ വിറപ്പിക്കാന്‍ കഴിയില്ലെന്ന് സതീശന്‍ ഇപ്പോഴും മനസിലാക്കിയിട്ടില്ല.
https://www.facebook.com/Malayalivartha