യു.എ.ഇ സന്ദർശനത്തിന് എത്തുന്നവർക്കുമെല്ലാം മനംമയക്കുന്ന കാഴ്ചയൊരുക്കി യു.എ.ഇയിലെ ഏറ്റവും വലിയ മനുഷ്യ നിര്‍മിത തടാകമായ അൽ ഖുദ്‌റ പ്രണയ തടാകം

യു.എ.ഇയിലെ ഏറ്റവും വലിയ മനുഷ്യ നിര്‍മിത തടാകമായ അൽ ഖുദ്‌റ എന്ന പ്രണയ തടാകം യു.എ.ഇ സന്ദർശനത്തിന് എത്തുന്നവർക്കുമെല്ലാം മനംമയക്കുന്ന കാഴ്ചയൊരുക്കുന്നു. സീഹ് അല്‍ സലാം മരുഭൂമിക്കും ബാബ് അല്‍ ശംസിനും മധ്യത്തിലാണ് മരുഭൂമിയിലെ ഈ സ്വർഗ്ഗം .
ആകാശക്കാഴ്ചയിൽ രണ്ട് ഹൃദയചിഹ്നങ്ങൾ ഒരുമിച്ചുചേർത്തതു പോലെ ഉള്ള ഈ പ്രണയ തടാകം മരുഭൂമിയുടെ ഒത്തനടുവിലാണ്. കാറ്റിനോടൊത്തു നൃത്തമാടുന്ന ഫലവൃക്ഷങ്ങളും മരങ്ങളിൽ ചേക്കേറുന്ന പക്ഷികളും നൽകുന്ന ദൃശ്യഭംഗിയും കാവ്യഭംഗിയും കണ്ടു തന്നെ ആസ്വദിക്കണം.
യു എ ഇ സന്ദർശനത്തിനെത്തുന്നവർക്ക് രണ്ടാമതൊന്നാലോചിക്കാതെ ഈ പ്രണയ തടാകത്തിലേക്ക് വരാം . രണ്ട് മരക്കൊമ്പുകൾക്കുനടുവിൽ മരപ്പാളിയിൽ ’ലവ് ലേക്ക്’ എന്നെഴുതി തൂക്കിയ ബോർഡാണ് സന്ദർശകരെ സ്വീകരിക്കുക. എന്ന് വെച്ച് കമിതാക്കൾക്ക് മാത്രം ചെല്ലാവുന്ന ഒരു സ്ഥലമാണെന്ന് തെറ്റിദ്ധരിക്കേണ്ട...മനസ്സിൽ സ്നേഹവും ചെറുപ്പവും സൂക്ഷിക്കുന്ന ആരെയും ആകർഷിക്കുന്ന ഒരു വശ്യത തടാകത്തിനുണ്ട്.. പക്ഷി സ്നേഹികൾക്ക് ഏറെ സന്തോഷിക്കാനുള്ള വകയുണ്ട് തടാകത്തിൽ
പ്രാപ്പിടിയന്മാരും വേട്ടപ്പരുന്തുകളും മുതൽ താറാവുകൂട്ടങ്ങളും അരയന്നങ്ങളും വരെയുള്ള 175ല്‍ പരം പക്ഷി ഇനങ്ങളുടെ സാന്നിധ്യം ആണ് ഇവിടെയുള്ളത് . വംശനാശം നേരിടുന്ന ഹുബാറ പക്ഷികള്‍ക്കായി പ്രത്യേക സംരക്ഷിത മേഖലതന്നെ ഒരുക്കിയിട്ടുണ്ട്. അറേബ്യന്‍ ഓറിക്‌സ് മുതൽ 12 ഇനം സസ്തനികള്‍ ഇവിടെ പ്രചനനം നടത്തുന്നു. 100 അറേബ്യന്‍ മല മാനുകള്‍, 50ഓളം മണല്‍ മ്ലാവുകള്‍ ഇവയെല്ലാം വെള്ളം കുടിക്കാനെത്തുന്ന കാഴ്ച ഓരോ സന്ദർശകനും മറക്കാനാവാത്തതായിരിക്കും
പലതരം മത്സ്യങ്ങളും തടാകത്തിലുണ്ട്. സന്ദർശകർക്ക് നിറക്കാഴ്ചകൾ സമ്മാനിക്കുന്ന ജപ്പാനീസ് ഓറഞ്ച് മീനും സ്വർണമീനുകളുമെല്ലാം ഇതിലുൾപ്പെടും.
തടാകത്തോട് ചേർന്ന് നട്ടുപിടിപ്പിച്ച മരങ്ങൾ ആകാശക്കാഴ്ചയിൽ ഇംഗ്ലീഷിൽ ’ലവ്’ എന്നെഴുതിയത് പോലെയാണ്
നാല് വ്യത്യസ്ത ഇടങ്ങളിൽ സന്ദർശകർക്ക് വിശ്രമിക്കാനുള്ള സൗകര്യം ഉണ്ട്. .. ബാർബെക്യൂ ചെയ്യാനായി അടുപ്പുകളോടുകൂടിയ പ്രത്യേക ഇടവും ഇവിടെയുണ്ട്. സൂര്യകാന്തിപ്പൂക്കളും ഒലിവ് മരങ്ങളും ചേർന്ന് നിൽക്കുന്ന ഏഴ് കിലോമീറ്ററിൽ മൂന്നുനിരയിലായി റബ്ബർ പതിച്ച നടവഴികളിലൂടെ നടക്കാനും സൈക്ലിങിനും ഉള്ള സൗകര്യങ്ങളുമുണ്ട്. സൈക്കിളുകള്‍ക്ക് മാത്രമായി തീര്‍ത്ത 86 കിലോ മീറ്റര്‍ പാതയാണ് അല്‍ ഖുദ്റയെ സമ്പന്നമാക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ സൈക്കിള്‍ പാതയുള്ള നെതര്‍ലാന്‍റ്സിനെ ഓര്‍മിപ്പിക്കുന്ന തരത്തിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പാതക്കിരുവശവും തണല്‍ വിരിക്കാന്‍ മരങ്ങളുള്ളതിനാല്‍ കൊടും ചൂടിനെ പോലും കൂസാതെ സൈക്കിള്‍ ചവിട്ടാം.
അൽ ഖുദ്‌റ തടാകത്തിനടുത്തുനിന്ന് പത്തുമിനിറ്റ് അൽ സലാം മരുഭൂമിയിലൂടെ യാത്രചെയ്താൽ 5,50,000 ചതുരശ്ര മീറ്ററിൽ പരന്നുകിടക്കുന്ന പ്രണയതടാകത്തിനരികിൽ എത്തിച്ചേരാം. 16,000 ഒലീവ് മരങ്ങളാണ് ഇവിടെ വച്ചുപിടിപ്പിച്ചിട്ടുള്ളത്. ഇതോടൊപ്പം മരുഭൂമിയിലെ സ്ഥിരസാന്നിദ്ധ്യമായ ഗാഫ് മരമുൾപ്പെടെ പല ഇനങ്ങളിലുള്ള എട്ട് ലക്ഷത്തോളം ചെടികളും ഇവിടെ പരിപാലിക്കപ്പെടുന്നുണ്ട്. ആഴ്ചയിൽ ആയിരത്തോളവും വാരാന്ത്യങ്ങളിൽ മൂവായിരത്തോളവും സന്ദർശകർ ഇവിടെ എത്തുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്
ശൈഖ് സായിദ് റോഡില്‍ നിന്ന് ഉമ്മുസുഖീം റോഡിലൂടെ നേരെ പോയാല്‍ ഇവിടെ എത്താം. അല്‍ ഖൈല്‍, എമിറേറ്റ്സ് റോഡ് വഴി വരുന്നവര്‍ അല്‍ ഖുദ്റയിലേക്കുള്ള ദിശയിലേക്കാണ് തിരിയേണ്ടത്. സമീപത്ത് അറേബ്യന്‍ റെയ്ഞ്ചസ്, സ്റ്റുഡിയോ സിറ്റി, മോട്ടോര്‍ സിറ്റി എന്നിവയാണുള്ളത്
https://www.facebook.com/Malayalivartha