യൂ.എ. ഇയിലെ രക്ഷാപ്രവർത്തന ഹെലികോപ്റ്റർ തകർന്നു വീണ് നാലു പേർ മരിച്ചു

യൂ എ ഇയിൽ ഹെലികോപ്റ്റര്‍ അപകടത്തില്‍ നാല് പേര്‍ മരിച്ചു. ദുബായിയിലെ റാസല്‍ ഖൈമയിലെ മലനിരകളില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീഴുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനായി ഉപയോഗിക്കുന്ന ഹെലികോപ്റ്ററാണ് തകര്‍ന്ന് വീണത്. ശനിയാഴ്ച വൈകുന്നേരം 6.30ഓടെയായിരുന്നു അപകടം. സഞ്ചാരികള്‍ക്കായി തയ്യാറാക്കിയ സിപ്‍ലൈനില്‍ തട്ടിയാണ് ഹെലികോപ്റ്റര്‍ തകർന്ന് വീണതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന മൂന്ന് രക്ഷാപ്രവര്‍ത്തകരും ഒരു രോഗിയുമാണ് മരിച്ചത്.
നാഷണല്‍ സെര്‍ച്ച് ആന്റ് റെസ്‍ക്യൂ സെന്ററിന്റെ അഗസ്റ്റ 139 ഹെലികോപ്റ്ററാണ് തകര്‍ന്നുവീണത്. ജബല്‍ ജൈസില്‍ പരിക്കേറ്റ ഒരാളെ രക്ഷിക്കാനായി പോകുമ്പോഴായിരുന്നു അപകടം. രണ്ട് മലനിരകളെ തമ്മില്‍ ബന്ധിപ്പിച്ചിട്ടുള്ള ജബല്‍ജൈസിലെ സിപ്‍ലൈന്‍ ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയതാണ്.
നിരവധി വിനോദസഞ്ചാരികളാണ് സിപ്‍ലൈനിലൂടെ സഞ്ചരിക്കാനായി ദിവസവും ഇവിടെയെത്തുന്നത്. അപകടത്തില്‍ സന്ദര്‍ശകരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. താല്‍കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവെച്ചശേഷം സിപ്‍ലൈനിന് തകരാറുകളുണ്ടോയെന്ന് പരിശോധിക്കുകയാണിപ്പോള്‍. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ റാസല്‍ഖൈമ ഭരണാധികാരിയും യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ശൈഖ് സൗദ് ബിന്‍ സഖര്‍ അല്‍ ഖാസിമി ഉത്തരവിട്ടു.
https://www.facebook.com/Malayalivartha