പ്രവാസികൾക്ക് കൗതുകം നുകർന്ന് കുന്തിരിക്ക മുത്ത് പ്രദർശനം

കോടികൾ വിലമതിക്കുന്ന അപൂർവ ഇനത്തിൽ പെടുന്ന കുന്തിരിക്ക മുത്തുകളുടെയും ആഭരണങ്ങളുടെയും പ്രദർശനം ഖത്തറിൽ ആരംഭിച്ചു. ഖത്തറിലെ കത്താറ യിലാണ് പ്രദർശനം നടക്കുന്നത് .ഇതാദ്യമായാണ് ഖത്തറിൽ കുന്തിരിക്ക മുത്തിന്റെ പ്രദർശനം നടക്കുന്നത് . നൂറ്റാണ്ടുകൾ പഴക്കമുള്ളതും പ്രകൃതിദത്തവുമായ മുത്തുകളും ആഭരണങ്ങളുമാണ് പ്രദർശനത്തെ ശ്രദ്ധേയമാക്കുന്നത്. ആദ്യ ദിനം തന്നെ പിതൃ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽതാനി ഉൾപ്പെടെ ഒട്ടേറെ പ്രമുഖർ പ്രദർശനം കാണാനെത്തി.
കുന്തിരക്ക മരത്തിന്റെ കറ സംസ്‌കരിച്ച് പ്രത്യേക രീതിയിൽ കടഞ്ഞെടുത്താണ് മുത്തുകൾ നിർമ്മിക്കുന്നത്. പല നിറത്തിലും വലുപ്പത്തിലുമുള്ള മുത്തുകൾ, ജപമാലകൾ, നെക്‌ലസുകൾ, ബ്രേസ്‌ലെറ്റുകൾ തുടങ്ങിയ ആഭരണങ്ങളും പ്രദർശനത്തിലുണ്ട്. മധ്യപൂർവദേശത്തെ ഏറ്റവും വലിയ പ്രദർശനമാണിത്. കത്താറ ജനറൽ മാനേജർ ഡോ. ഖാലിദ് ബിൻ ഇബ്രാഹിം അൽ സുലൈത്തിയാണ് പ്രദർശനം ഉദ്‌ഘാടനം ചെയ്‌തത്. ഖത്തറിനു പുറമേ തുർക്കി, കുവൈത്ത്, ലബനൻ, പോളണ്ട്, ലിത്വാനിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള 80 വ്യാപാരികളുടെ സ്‌റ്റാളുകളാണ് പ്രദർശനത്തിലുണ്ട്.
ആദ്യ പ്രദർശനത്തിന്റെ ഒന്നാംദിനം തന്നെ വലിയ ജനപങ്കാളിത്തമാണ് ലഭിച്ചതെന്നും കുന്തിരക്ക മുത്തുവ്യവസായത്തിന് വൻ വളർച്ച നേടിക്കൊടുക്കാൻ ഇതു സഹായിക്കുമെന്നും അൽ സുലൈത്തി പറഞ്ഞു. കത്താറ ബിൽഡിങ് 12ലാണ് സ്‌റ്റാളുകൾ സജ്‌ജീകരിച്ചിരിക്കുന്നത്. ഇന്ന് ഉച്ചയ്‌ക്കു 3 മുതൽ രാത്രി 10വരെ സ്‌റ്റാളുകൾ തുറന്നിരിക്കും. പ്രവേശനം സൗജന്യമാണ്. സമാപന ദിവസമായ നാളെ രാവിലെ 10 മുതൽ രാത്രി 10 വരെ പ്രവേശനമുണ്ട്.
https://www.facebook.com/Malayalivartha