കേന്ദ്രത്തിൽ ബിജെപിയെ പ്രതിരോധിക്കാൻ കോൺഗ്രസ്സ് ഇല്ലാതെ സാധ്യമാകില്ല ;ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രാദേശിക പാര്‍ട്ടികളും നിർണായകം; പ്രകാശ് കാരാട്ട്

ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രാദേശിക പാർട്ടികൾ നിർണായകമെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു. കേന്ദ്രത്തിൽ കോൺഗ്രസ് ഇല്ലാതെ ബിജെപിയെ പ്രതിരോധിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.കലയുടെ നാല്പതാം വാര്‍ഷികാഘോഷങ്ങളിൽ മുഖ്യതിഥിയായി പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം. വാർത്താസമ്മേളനത്തിലാണ് കാരാട്ട് കോൺഗ്രസ് വിരുദ്ധ സമീപനം മയപ്പെടുത്തിയത്.
ബംഗാളിൽ ബിജെപിയും തൃണമൂലുമാണ് മുഖ്യ എതിരാളികൾ . ബംഗാളിൽ കോൺഗ്രസുമായി സഹകരിക്കുമോ എന്ന് ഇപ്പോൾ പറയാൻ ആകില്ലെന്നും കാരാട്ട് പറഞ്ഞു. സംസ്ഥാന തലങ്ങളിലെ പ്രാദേശിക കൂട്ടുകെട്ടുകൾക്ക് ബിജെപിയെ പ്രതിരോധിക്കാൻ കഴിയും. അതിനുവേണ്ടി പ്രാദേശികമായി വിവിധ കക്ഷികളുമായി സഹകരിക്കും.
ഓരോ സംസ്ഥാനത്തും സാഹചര്യങ്ങള്‍ അനുസരിച്ച് പ്രാദേശിക കക്ഷികളുടെ നേതൃത്വത്തില്‍ ജനാധിപത്യ സഖ്യമോ ധാരണയോ ആണ് വേണ്ടത്. ജനങ്ങളെ ഫലപ്രദമായി ബിജെപിക്കെതിരെ അണിനിരത്തുക എന്നതാണ് ചരിത്രപരമായ ദൗത്യമായി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഏറ്റെടുക്കുവാനുള്ളതെന്നും മാറിയ സാഹചര്യത്തില്‍ കോണ്‍ഗ്രസിനെ ഒഴിച്ച് നിര്‍ത്തി ബിജെപിയെ പ്രതിരോധിക്കുകയെന്നത് പ്രായോഗികമല്ലെന്നും കാരാട്ട് അഭിപ്രായപ്പെട്ടു.
ഉത്തര്‍പ്രദേശില്‍ ബിജെപിയെ പ്രതിരോധിക്കുന്നത് എസ്പിയും ബിഎസ്പിയുമാണ്, ബിഹാറില്‍ ആര്‍ജെഡിയും സഖ്യ കക്ഷികളും മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസും എന്‍സിപിയുമാണ്. എല്ലാ സംസ്ഥാനത്തും അത് മാറിക്കൊണ്ടിരിക്കുന്നു. പക്ഷേ ബംഗാളിന്‍റെ കാര്യത്തില്‍ സാധാരണയായുള്ള സാഹചര്യമല്ല നിലവിലിലുള്ളത്. പ്രതിപക്ഷ കക്ഷികളെ മുഴുവന്‍ അടിച്ചമര്‍ത്തുക എന്ന ലക്ഷ്യത്തില്‍ വിശ്വസിക്കുന്ന ഒരു ഭരണകക്ഷിയാണ് അവിടെയുള്ളത്. ഇടതുപക്ഷവും കോണ്‍ഗ്രസും നിലനില്‍പ്പിനായുള്ള സമരത്തിലാണെന്നും ബിജിപിക്ക് ഇല്ലാത്ത ശക്തി കാണിച്ച് മത്സരം അവരും തൃണമൂലും തമ്മിലാണെന്ന ധാരണ വരുത്താനുള്ള ശ്രമത്തിലാണ് മമതാ ബാനര്‍ജിയെന്നും പ്രകാശ് കാരാട്ട് കുറ്റപ്പെടുത്തി. സംസ്ഥാനതലത്തില്‍ സഖ്യങ്ങള്‍ക്ക് സാധ്യതയുണ്ടെങ്കിലും ദേശീയതലത്തില്‍ പ്രാദേശിക പാര്‍ട്ടികളുമായി ചേര്‍ന്ന് മൂന്നാംമുന്നണി രൂപീകരിക്കുകയെന്നത് ഇപ്പോഴത്തെ സാഹചര്യത്തില്‍ അസാധ്യമാണ്.
കേന്ദ്രം പാസാക്കിയ സാമ്പത്തിക സംവരണം ബിജെപിയുടെ രാഷ്ട്രീയ നാടകമാണ്. സാമ്പത്തിക സംവരണത്തെ സിപിഎം എതിർക്കുന്നില്ല. എന്നാൽ അത് നടപ്പാക്കിയ രീതിയോട് യോജിപ്പില്ല. സംവരണം നടപ്പാക്കാൻ ബിജെപിക്ക് താത്പര്യമില്ല എന്നതാണ് യാഥാർഥ്യം. എളുപ്പത്തിൽ കോടതിയിൽ ചോദ്യം ചെയ്യപ്പെടാവുന്ന സാഹചര്യമുണ്ടെന്ന് അറിഞ്ഞിട്ടും തിടുക്കപ്പെട്ടുള്ള തീരുമാനം തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മാത്രമുള്ളതാണ്.
മുന്നോക്കാര്‍ക്കിടയിലെ പിന്നോക്കക്കാര്‍ക്ക് സംവരണം നല്‍കണമെന്നത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ നിലപാടാണ്. ഇഎംഎസിന്‍റെ കാലത്ത് തന്നെ ഈ വിഷയം പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. സാമ്പത്തിക സംവരണം ജനങ്ങള്‍ക്കിടയില്‍ വേര്‍തിരവ് ഉണ്ടാക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശബരിമല വിഷയത്തില്‍ ബിജെപിയുടേത് കപട നിലപാടാണ്. സുപ്രിംകോടതിയുടെ വിധി നടപ്പിലാക്കുകയെന്ന നിയമപരമായ ബാധ്യതയാണ് സര്‍ക്കാര്‍ നിറവേറ്റുന്നത്. പക്ഷേ വിഷയത്തെ വര്‍ഗീയവത്കരിച്ച് കേരളസമൂഹത്തെ പിന്തിരിഞ്ഞു നടത്താനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത് .
കല ഭാരവാഹികളായ ആർ.നാഗനാഥൻ, സജി തോമസ് മാത്യു, കേരള പ്രവാസി ക്ഷേമനിധി ബോർഡ് അംഗം എൻ.അജിത്കുമാർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
https://www.facebook.com/Malayalivartha