ഖത്തറിലും താരമായി 'അഭിനന്ദന്‍ മീശ'; ഖത്തറിലെ മലയാളിയ്ക്ക് മീശ വച്ചത് പാക്കിസ്ഥാനി സ്വദേശി

ഇന്ന് ഇന്ത്യയിലെ താരം വിങ് കമാന്‍ഡര്‍ അഭിനന്ദ് വര്‍ധമാനാണ്. പാക്കിസ്ഥാന്റെ പിടിയിലും നെഞ്ച് വിരിച്ചു നിന്ന്, തന്റെ രാജ്യത്തെ ഒറ്റുകൊടുക്കാനാകില്ലെന്ന് പ്രഖ്യാപിച്ച ധീര ജവാനാണ് അഭിനന്ദന്‍. പാക് മണ്ണില്‍ നിന്നും മടങ്ങിയെത്തിയ അഭിനന്ദനെ രാജ്യം വീരോചിതമായാണ് സ്വീകരിച്ചത്. ഇന്ത്യ-പാക് സംഘര്‍ഷത്തെ ഒരുപരിധി വരെ കുറക്കുന്നതിലും അഭിനന്ദന് പങ്കുണ്ട്. അഭിനന്ദനോടുള്ള ആദരവും തങ്ങളുടെ മീശയിലൂടെ അറിയിക്കാനുള്ള തിരക്കിലാണ് ഇപ്പോള്‍ ഇന്ത്യാക്കാര്‍.
യൂറോപ്യന്‍ രാജ്യമായ ഓസ്ട്രിയയുടെ ഭരണാധികാരിയായിരുന്ന ഫ്രാന്‍സ് ജോസഫിന്‍റേതിന് സമാനമാണ് അഭിനന്ദന്‍റെ മീശ. അഭിനന്ദന്‍റെ അസാമാന്യ ധൈര്യവും രാജ്യത്തോടുള്ള സ്നേഹവും വാർത്തകളായതിന് പിന്നാലെ അദ്ദേഹത്തോടുള്ള ആരാധനയാണ് പലരേയും അഭിനന്ദൻ സ്റ്റൈൽ മീശ അനുകരിക്കുന്നതിനായി പ്രചോദിപ്പിച്ചത്.
രാജ്യത്തിനകത്തും പുറത്തുമായി നിരവധി പേര്‍ ഇതിനോടകം ഇത്തരത്തില്‍ മീശ വെച്ച ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്നുണ്ട്. എന്നാല്‍ ഖത്തറിലെ മലയാളി വ്യവസായി ജിബി എബ്രഹാം വച്ച 'അഭിനന്ദന്‍ മീശ'യ്ക്ക് ഒരു പ്രത്യേകതയുണ്ട്.
ദോഹയില്‍ പാക്കിസ്ഥാനി യുവാവ് നടത്തുന്ന സലൂണില്‍ നിന്നാണ് ജിബി 'അഭിനന്ദന്‍ മീശ' വച്ചത്. പാക്കിസ്ഥാനിലെ റാവല്‍പിണ്ടി സ്വദേശി അബ്ദുല്‍ കരീം ഇസയാണ് ബ്യൂട്ടീഷന്‍. മീശ വച്ച ശേഷം സലൂണിലെ കസേരയില്‍ നിന്ന് എഴുന്നേറ്റ ഉടനെ അവിടെ ഉണ്ടായിരുന്ന അപരിചിതരായ ചിലര്‍ തനിക്ക് ഹസ്തദാനം ചെയ്‌തെന്നും കൈയടിച്ചെന്നും എറണാകുളം തിരുവാണിയൂര്‍ ഇലയിടത്ത് ഇഞ്ചിപ്പറമ്ബില്‍ കുടുംബാംഗമായ ജിബി പറഞ്ഞു.
ഖത്തറില്‍ അഭിനന്ദന്‍ മീശ വച്ച് നടക്കുന്നതിലൂടെ രാജ്യത്തിന്റെയും സേനയുടെയും അഭിമാനം ഉയര്‍ത്തുകയാണ് ലക്ഷ്യമെന്നും ഇതിനകം മലയാളികള്‍ ഉള്‍പ്പെടെ ഒട്ടേറെ ഭാരതീയര്‍ 'അഭിനന്ദന്‍ മീശ' സ്വന്തമാക്കിയെന്നും ജിബി പറഞ്ഞു.
https://www.facebook.com/Malayalivartha