ദുബായിലെ കോളേജ് ക്യാമ്പസിനുള്ളിൽ പ്രവാസി മലയാളി ജീവനൊടുക്കിയ നിലയിൽ

ദുബായിലെ കോളേജ് ക്യാമ്പസ്സിൽ പ്രവാസി മലയാളിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കോട്ടയം സ്വദേശി ഷിബിൻ തോമസാണ് ആത്മഹത്യ ചെയ്തത്. ജുമൈറ അൽ വാസൽ റോഡിലെ ജെംസ് ജുമൈറ കോളജിൽ തിങ്കളാഴ്ച രാവിലെ ആയിരുന്നു സംഭവം.
കോട്ടയം സ്വദേശിയായ ഷിബിൻ തോമസ് ക്യാംപസ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ജീവനൊടുക്കുകയായിരുന്നു. അതേസമയം ഈ സമയത്ത് വിദ്യാർത്ഥികളാരും സ്കൂളിൽ ഉണ്ടായിരുന്നില്ലെന്ന് അധികൃതർ പ്രസ്താവനയിൽ അറിയിച്ചു. ജീവനക്കാരന്‍റെ മരണത്തെ തുടർന്ന് സ്കൂളിന് അവധി നൽകി.
തങ്ങളുടെ ഒരു ജീവനക്കാരൻ കോളേജ് ക്യാംപസിനുള്ളിൽ മരണപ്പെട്ടുവെന്ന വിവരം സ്ഥിരീകരിച്ച് ജെംസ് അധികൃതർ പ്രസ്താവന ഇറക്കിയിരുന്നു. 'ഒരു ജീവനക്കാരൻ ക്യാംപസിനുള്ളിൽ മരണപ്പെട്ടുവെന്ന സംഭവം ഞങ്ങൾ സ്ഥിരീകരിക്കുകയാണ്. ബന്ധപ്പെട്ട അധികൃതരെയെല്ലാം വിവരം അറിയിച്ചിട്ടുണ്ട്. ഒരു വിദ്യാർഥിയും സംഭവത്തിന് ദൃക്സാക്ഷിയായിട്ടില്ല'.. പ്രസ്താവനയിൽ പറയുന്നു.
ജെംസ് എഡ്യുക്കേഷൻ കുട്ടികളുടെ സുരക്ഷയ്ക്ക് അർഹിക്കുന്ന പ്രാധാന്യം നൽകുന്നവരാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു. അതേസമയം സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. എന്നാൽ, ആത്മഹത്യയാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
രാവിലെ ഏകദേശം 8.55ഓടെ എല്ലാ കുട്ടികളും ക്ലാസിൽ കയറണമെന്ന അനൗൺസ്മെന്‍റ് ഉണ്ടായി. ഇതിനിടെ, സയൻസ് ക്വാർട്ടറിൽ ക്ലാസ് മുറികള്‍ ഉണ്ടായിരുന്ന വിദ്യാർഥികളോട് അവിടുത്തെ വരാന്തയിൽ പ്രവേശിക്കരുതെന്ന് നിർദ്ദേശം ലഭിച്ചു. കുട്ടികൾ അവിടെ പ്രവേശിക്കാതിരിക്കാൻ അധ്യാപകരും തടസം സൃഷ്ടിച്ചുവെന്നും ഒരു വിദ്യാർഥി പറയുന്നു. അൽപസമയം കഴിഞ്ഞപ്പോൾ പൊലീസ് വാഹനങ്ങളും ആംബുലൻസും എത്തി. പിന്നീട് രക്ഷിതാക്കൾ എത്തി കൂട്ടിക്കൊണ്ടു പോയെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു വിദ്യാർഥി പറയുന്നു. ദുബായിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായാണ് ജെംസ് ജുമൈറ കോളേജ് കണക്കാക്കപ്പെടുന്നത്. 1999ലാണ് ഇത് സ്ഥാപിതമായത്.
https://www.facebook.com/Malayalivartha