എണ്ണയുല്‍പാദനം : ഒപെക് നയത്തിനെതിരെ നിശിത വിമര്‍ശനവുമായി ഒമാന്‍

രാജ്യാന്തര എണ്ണവില അതിവേഗം കൂപ്പുകുത്തുമ്പോഴും ഉല്‍പാദനം കുറക്കേണ്ടതില്ലെന്ന ഒപെക് നയത്തിനെതിരെ നിശിത വിമര്‍ശനവുമായി ഒമാന്‍ രംഗത്ത്. കുവൈത്തില്‍ നടന്ന ഊര്‍ജ സമ്മേളനത്തിലാണ് ഒമാന്‍ എണ്ണ മന്ത്രി മുഹമ്മദ് ബിന്‍ ഹമദ് അല്‍ റുംഹി ഉല്‍പാദനം കുറച്ച് വില നിയന്ത്രിക്കേണ്ടതില്ലെന്ന എണ്ണയുല്‍പാദക രാഷ്ട്രങ്ങളുടെ കൂട്ടായ്മയുടെ തീരുമാനത്തിനെതിരെ രംഗത്തെത്തിയത്. ഒപെക് നടപടി വിപണിയില്‍ അസ്ഥിരതയാണുണ്ടാക്കുന്നത്. ഉല്‍പാദക രാഷ്ട്രങ്ങള്‍ക്ക് ഇതുകൊണ്ട് ഒരു പ്രയോജനവുമില്ല. വില നിയന്ത്രിക്കാന്‍ നടപടി വൈകുന്നതിനാല്‍ കുറഞ്ഞ എണ്ണശേഖരവും കരുതല്‍ ധനശേഖരവുമുള്ള ഒമാന്‍ അടക്കം രാഷ്ട്രങ്ങള്‍ ബജറ്റ് കമ്മിയടക്കം പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുകയാണെന്നും മന്ത്രി യോഗത്തില്‍ പറഞ്ഞതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
കുവൈത്ത്, ഇറാഖ് എന്നിവിടങ്ങളിലെ എണ്ണ മന്ത്രിമാരുടെ സാന്നിധ്യത്തിലാണ് യോഗം നടക്കുന്നത്. ഇതാദ്യമായാണ് ഒപെക് രാഷ്ട്രങ്ങളുടെ നിലപാടിനെതിരെ ഒമാന്‍ പരസ്യമായി രംഗത്തുവരുന്നത്. എന്നാല്‍, ഒമാന്‍ എണ്ണമന്ത്രിയുടെ അഭിപ്രായം സംബന്ധിച്ച് ഇറാഖ്, കുവൈത്ത് പ്രതിനിധികള്‍ പ്രതികരിച്ചിട്ടില്ല. വരുമാനത്തെക്കാള്‍ വിപണി പങ്കാളിത്തത്തിന് എന്ത് പ്രാധാന്യമാണുള്ളതെന്ന് മനസ്സിലാവുന്നില്ലെന്ന് റുംഹി പറഞ്ഞു. ഒപെക് നടപടി താല്‍ക്കാലികമായി ഉയര്‍ന്ന ചെലവുള്ള ഉല്‍പാദകരെ വിപണിയില്‍നിന്ന് പിന്നോട്ടടിപ്പിച്ചേക്കാം. എന്നാല്‍ അവര്‍ വൈകാതെ തിരിച്ചുവരുന്നത് കാണേണ്ടി വരും. ഇതുവഴി വിപണിയില്‍ അസ്ഥിരതയും അരക്ഷിതാവസ്ഥയുമാണ് ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു.
എണ്ണ വിലയിടിവിനെ തുടര്‍ന്ന് രാജ്യത്തിന്റെ ഈ വര്‍ഷത്തെ ബജറ്റില്‍ 2.5 ശത കോടി റിയാലിന്റെ കമ്മിയുണ്ടാകുമെന്ന് ജനുവരി ആദ്യ വാരം ധനകാര്യമന്ത്രി അറിയിച്ചിരുന്നു. എന്നാല്‍, എണ്ണവില വീണ്ടും ഇടിഞ്ഞ സാഹചര്യത്തില്‍ ബജറ്റ് കമ്മി വര്‍ദ്ധിക്കാനിടയുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























