ദേവയാനി മരിച്ചിട്ടില്ല... ദുബായില്‍ യുവതിയെ കാണാതായതിനെ തുടര്‍ന്ന് ദേവയാനി ആത്മഹത്യ ചെയ്‌തെന്ന് ബന്ധുക്കള്‍; എന്നാല്‍ ഗള്‍ഫിലെന്ന് ക്രൈംബ്രാഞ്ച്

ഇടപ്പള്ളി സ്വദേശിനി സ്മിതയെ 10 വര്‍ഷംമുമ്പു ദുബായിലെ ഭര്‍തൃഗൃഹത്തില്‍നിന്നു കാണാതായ സംഭവത്തെ തുടര്‍ന്ന് ആരോപണ വിധേയയായ ദേവയാനി ആത്മഹത്യ ചെയ്തിട്ടില്ലെന്ന് ക്രൈം ബ്രാഞ്ച്. കണ്ണൂര്‍ സ്വദേശിനിയായ ദേവയാനിയുടെ ബന്ധുക്കള്‍ ആത്മഹത്യാ പ്രചാരണത്തിലൂടെ പോലീസിനെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി.
ദുബായില്‍നിന്നു നേരത്തെ നാടുകടത്തപ്പെട്ടു തിരിച്ചെത്തിയ ദേവയാനി 2013 ല്‍ വ്യാജ പാസ്‌പോര്‍ട്ടില്‍ ഗള്‍ഫിലേക്കു തന്നെ മടങ്ങിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. ഇവര്‍ ഗള്‍ഫില്‍ എവിടേക്കാണു പോയതെന്നും മറ്റുമുള്ള വിവരങ്ങള്‍ ക്രൈംബ്രാഞ്ച് വിശദമായി അന്വേഷിച്ചുവരികയാണ്.
സ്മിതയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഭര്‍ത്താവ്, സാബു എന്നു വിളിക്കുന്ന ആന്റണിയുടെ ദുബായിലെ കാമുകിയായിരുന്നു മിനി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ദേവയാനി. ദുബായ് പോലീസ് ആന്റണിയെയും ദേവയാനിയെയും അവിഹിതബന്ധത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്ത് 110 ദിവസം ജയിലില്‍ അടച്ചിരുന്നു. തുടര്‍ന്നു ദേവയാനിയെ നാടുകടത്തുകയായിരുന്നു. തിരികെ നാട്ടിലെത്തിയ ദേവയാനിയെക്കുറിച്ച് ഒന്നുമറിയില്ലെന്ന നിലപാടാണ് ഇവരുടെ ആദ്യ ഭര്‍ത്താവിലെ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ സ്വീകരിച്ചത്. ഇതിനിടെ, ദേവയാനി ആത്മഹത്യ ചെയ്‌തെന്ന നിലയിലുള്ള ചില വിവരങ്ങള്‍ ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തെ ചിലര്‍ ധരിപ്പിച്ചു.
ആത്മഹത്യയുണ്ടായാല്‍ അസ്വാഭാവിക മരണത്തിന് കേസുണ്ടാവുമെന്നതിനാല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ സഹായത്തോടെ ക്രൈംബ്രാഞ്ച് സംസ്ഥാനത്തെ മുഴുവന്‍ പോലീസ് സ്‌റ്റേഷനുകളിലും അന്വേഷണം നടത്തിയെങ്കിലും ദേവയാനി എന്ന പേരില്‍ ആരും ജീവനൊടുക്കിയതായി വിവരം ലഭിച്ചില്ല. ഇതോടെ, ആത്മഹത്യാ വാദം കെട്ടുകഥയാണെന്ന് ക്രൈംബ്രാഞ്ച് നിഗമനത്തിലെത്തിയിരുന്നു. തുടര്‍ന്ന്, നടത്തിയ വിശദമായ അന്വേഷണത്തിലാണ് ദേവയാനി വീണ്ടും രാജ്യംവിട്ടതായി ക്രൈംബ്രാഞ്ചിനു വിവരം ലഭിച്ചത്.
അതേസമയം, ഷാര്‍ജയിലെ ഒരു മോര്‍ച്ചറിയില്‍ 10 വര്‍ഷമായി സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കാണാതായ സ്മിതയുടേതാണെന്ന് ഏറെക്കുറെ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇവരുടെ മാതാപിതാക്കളോട് ദുബായിലേക്കെത്താന്‍ ദുബായ് പോലീസ് ആവശ്യപ്പെട്ടിരിക്കുകയാണ്. ദുബായിലേക്കു പോകാനുള്ള തയാറെടുപ്പിലാണ് എറണാകുളം ഇടപ്പള്ളിയിലുള്ള സ്മിതയുടെ മാതാപിതാക്കള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha