അങ്ങനെ അത് പഴങ്കഥയായി... സൗദി വനിതകള്‍ വാഹനവുമായി റോഡുകളില്‍

സൗദി റോഡുകളില്‍ വലിയ ആഘോഷത്തോടെ വനിതകള്‍ വാഹനവുമായി ഇറങ്ങി. ട്രാഫിക് പൊലീസും മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങളും വഴി നീളെ അവര്‍ക്ക് ആശംസകളുമായി നിരന്നു. വനിതകള്‍ ഓടിച്ചുവരുന്ന ഓരോ വാഹനവും നിര്‍ത്തിച്ച് മംഗളാശംസകള്‍ നേരുകയും പൂച്ചെണ്ടുകള്‍ കൈമാറുകയും ചെയ്തു. വനിതകളുടെ ഡ്രൈവിങ്ങിന് ദശകങ്ങള്‍ തുടര്‍ന്ന നിരോധം അങ്ങനെ സൗദി അറേബ്യയില്‍ പഴങ്കഥയായി.
സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെയും ആധുനികവത്കരണ നയങ്ങളില്‍ സുപ്രധാനമായിരുന്നു വനിതകളുടെ ഡ്രൈവിങ്ങിനുള്ള നിയന്ത്രണം ഒഴിവാക്കുകയെന്നത്. മഹത്തായ നേട്ടമാണിതെന്ന് രാജകുടുംബാംഗവും ശതകോടീശ്വരനുമായ അമീര്‍ വലീദ് ബിന്‍ തലാല്‍ പ്രതികരിച്ചു. മകള്‍ റീം ഓടിക്കുന്ന കാറില്‍ പേരക്കുട്ടികള്‍ക്കൊപ്പം റിയാദ് നഗരത്തില്‍ യാത്ര ചെയ്യുന്ന വീഡിയോയും അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചു.
അരലക്ഷത്തിലേറെ വനിതകള്‍ ഇതുവരെ ഡ്രൈവിങ് ലൈസന്‍സ് സമ്ബാദിച്ചുകഴിഞ്ഞതായാണ് വിവരം. 2020 ഓടെ 30 ലക്ഷം വനിതകള്‍ വാഹനമോടിക്കുമെന്ന് സര്‍വേ ഏജന്‍സികള്‍ പ്രവചിക്കുന്നു. വനിതകള്‍ വാഹനമോടിച്ച് തുടങ്ങുന്നതോടെ ഹൗസ് ഡ്രൈവര്‍മാരുടെ തൊഴില്‍ സാധ്യതകളും കുറയും. മലയാളികള്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിന് വിദേശികളാണ് സൗദി കുടുംബങ്ങളില്‍ ഹൗസ് ഡ്രൈവര്‍മാരായി ജോലി ചെയ്യുന്നത്. വിവിധ തൊഴില്‍ മേഖലകളിലെ സ്വദേശി വത്കരണത്താല്‍ പ്രതിസന്ധിയിലായ പ്രവാസരംഗത്തെ ഇതെങ്ങനെ ബാധിക്കുമെന്നത് വരും മാസങ്ങളില്‍ കണ്ടറിയാം.
https://www.facebook.com/Malayalivartha