യു.എ.ഇയ്ക്കും സൗദിക്കും പിന്നാലെ ഖത്തറിലും, ഖത്തറില്‍ ആദ്യ വാനര വസൂരി കേസ് റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം, രോഗം കണ്ടെത്തിയത് വിദേശത്തു നിന്നും മടങ്ങിയെത്തിയ വ്യക്തിക്ക്

ഖത്തറില്‍ ആദ്യ വാനര വസൂരി കേസ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. യു.എ.ഇയ്ക്കും സൗദിക്കും പിന്നാലെയാണ് ഇപ്പോൾ ഖത്തറിലും വാനര വസൂരി റിപ്പോർട്ട് ചെയ്യുന്നത്. വിദേശത്തു നിന്നും മടങ്ങിയെത്തിയ വ്യക്തിയിലാണ് രോഗം കണ്ടെത്തിയത്. രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ വ്യക്തികളെ തിരിച്ചറിഞ്ഞ് ഇവരുടെ ആരോഗ്യ സ്ഥിതി 21 ദിവസത്തേക്ക് നിരീക്ഷിക്കും.
രോഗിയെ ആശുപത്രി ഐസൊലേഷനില്‍ പ്രവേശിപ്പിച്ച് ആവശ്യമായി ചികിത്സ നല്‍കിയതായി അറിയിപ്പില്‍ വ്യക്തമാക്കി. രോഗം എളുപ്പത്തില്‍ തിരിച്ചറിയാനും, നിയന്ത്രിക്കുന്നതിനും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചതായി മന്ത്രാലയം വ്യക്തമാക്കി. രോഗ നിര്‍ണയത്തിന് ദേശീയ ലബോറട്ടറികള്‍ സജ്ജമാക്കിയതിനൊപ്പം രോഗ നിയന്ത്രണത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങളും ആരോഗ്യവിഭാഗം തയ്യാറാക്കിയിട്ടുണ്ട്.
യാത്രാക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ആരോഗ്യ നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കുകയും ചെയ്യണം. വാനര വസൂരി സംബന്ധിച്ച് ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും 16000 നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
ലോകാരോഗ്യ സംഘടനയുമായി ഏകോപിപ്പിച്ച് രാജ്യാന്തര തലത്തിലെയും മേഖലയിലെയും രോഗവ്യാപനം സംബന്ധിച്ച് സൂക്ഷ്മമായ നിരീക്ഷണം നടത്തുന്നതായും ആരോഗ്യ മന്ത്രാലയം വെബ്സൈറ്റില്‍ വിശദമാക്കി. ലോകാരോഗ്യ സംഘടനയുടെ വ്യാഴാഴ്ചത്തെ കണക്കു പ്രകാരം 70 രാജ്യങ്ങളിലായി 14,000 വാനര വസൂരി കേസുകളാണ് സ്ഥിരീകരിച്ചത്.
https://www.facebook.com/Malayalivartha


























