ദയാധനം റിയാദ് കോടതിയിലെത്തിച്ചു, അബ്ദുൽ റഹീമിന്റെ മോചനം ഈ മാസം അവസാനത്തോടെയാകാൻ സാധ്യതയേറുന്നു, ഇനി അവസാന ഘട്ട നടപടികളിലേക്ക്...!

സൗദി ജയിലിൽ വർഷങ്ങളായി കഴിയുന്ന മലയാളിയായ അബ്ദുൽ റഹീമിന്റെ മോചനം ഈ മാസം അവസാനത്തോടെ സാധ്യമാകുമെന്നാണ് കരുതുന്നത്. റഹീമിനായി സ്വരൂപിച്ച ദയാധനം റിയാദ് കോടതിയിലെത്തി. 34 കോടി രൂപയുടെ (15 മില്യൻ റിയാൽ) ചെക്കാണ് റിയാദിലെ കോടതിയിൽ എത്തിയത്. ഇരുവിഭാഗവും കോടതിയിൽ എത്തി, ഒത്തുതീർപ്പ് വ്യവസ്ഥകളിൽ ഒപ്പുവയ്ക്കുന്നതോടെ റഹീമിന്റെ മോചനം അധികം വൈകാതെ സാധ്യമാകും. വധശിക്ഷ ഒഴിവാക്കാൻ അനുരഞ്ജന കരാറില്‍ വാദി, പ്രതി ഭാഗം പ്രതിനിധികള്‍ ഒപ്പുവച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ത്യൻ എംബസി റിയാദ് ഗവർണറേറ്റിന് കൈമാറിയ ചെക്കാണ് കോടതിയിലെത്തിയത്. ഇതോടെ അവസാന ഘട്ട നടപടികളിലേക്കാണ് കേസ് എത്തിയത്.
ഈദ് അവധി കഴിഞ്ഞ് കോടതി തുറന്നാലുടൻ മോചനത്തിനുള്ള നടപടികൾ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കോടതി കേസ് പരിഗണിക്കുന്ന ദിവസം ഇരു വക്കീലുമാരോടും ഹാജരാകാൻ കോടതി ആവശ്യപ്പെടും. തുടർന്ന് വധശിക്ഷ റദ്ദ് ചെയ്യുന്ന വിധിയാണ് ആദ്യമുണ്ടാകുക. അത് കഴിഞ്ഞാൽ മോചന ഉത്തരവിൽ കോടതി ഒപ്പ് വെക്കുമെന്നാണ് കരുതുന്നത്. അതോടെ മോചനം സാധ്യമാകും. കേസുമായി ബന്ധപ്പെട്ട എല്ലാ പുരോഗതികളും റിയാദിലെ ജയിലിൽ കഴിയുന്ന റഹീമിനെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ നേരിട്ട് അറിയിക്കുന്നുണ്ട്.
ഈ മാസം അവസാനത്തോടെ റഹീമിനെ മോചിപ്പിച്ച ശേഷം നാട്ടിലേക്ക് തിരിച്ചയയ്ക്കാനാണ് സഹായ സമിതിയുടെ ശ്രമം. ജയിലിൽ നിന്ന് നേരിട്ട് നാട്ടിലേക്കായിരിക്കും അയക്കുക. എംബസി ഉദ്യോഗസ്ഥന്‍ യൂസുഫ് കാക്കഞ്ചേരി, അറ്റോര്‍ണി സിദ്ദീഖ് തുവ്വൂര്‍ എന്നിവര്‍ റിയാദ് ഗവര്‍ണറേറ്റിലെത്തിയാണ് റിയാദ് ക്രിമിനല്‍ കോടതി ചീഫ് ജസ്റ്റിസിന്റെ പേരിലുള്ള 15 മില്യന്‍ റിയാലിന്റെ ചെക്ക് കൈമാറിയത്. റഹീം മോചനത്തിലെ ഏറ്റവും സുപ്രധാന നടപടിയാണ് ഇത്.
അതേസമയം, ഇതുവരെയുള്ള കേസുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് തിങ്കളാഴ്ച ബത്ഹ ഡി-പാലസ് ഹോട്ടലിൽ സഹായ സമിതി സ്റ്റിയറിങ് കമ്മിറ്റി ചേർന്നു. കഴിഞ്ഞ 16 വർഷമായി റിയാദ് ജയിലിൽ കഴിയുകയാണ് കോഴിക്കോട് കോടമ്പുഴ മച്ചിലകത്ത് പീടിയേക്കൽ വീട്ടിൽ അബ്ദുറഹീം. 2006 നവംബറിൽ 26ആം വയസിലാണ് അബ്ദുറഹീം ഹൗസ് ഡ്രൈവർ വിസയിൽ റിയാദിൽ എത്തിയത്. സ്‌പോൺസർ ഫായിസ് അബ്ദുല്ല അബ്ദുറഹ്മാൻ അൽ ഷഹ്രിയുടെ മകൻ അനസിനെ പരിചരിക്കലായിരുന്നു പ്രധാന ജോലി.
കഴുത്തിന് താഴെ ചലനശേഷി ഇല്ലാത്ത അനസിന് ഭക്ഷണം നൽകിയിരുന്നത് കഴുത്തിൽ ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു. 2006 ഡിസംബർ 24നാണ് അബ്ദുറഹീമിന്റെ കൂടെ ജി.എം.സി വാനിൽ യാത്ര ചെയ്യുകയായിരുന്ന അനസ് മരിച്ചത്. ഷോപ്പിംഗിനായി പുറത്തു പോകുമ്പോൾ ട്രാഫിക് സിഗ്‌നൽ കട്ട് ചെയ്യാൻ ആവശ്യപ്പെട്ട് അനസ് റഹീമിനോട് വഴക്കിട്ടു. ഇത് അനുസരിക്കാതിരുന്ന അബ്ദുറഹീമിന്റെ മുഖത്ത് അനസ് പല തവണ തുപ്പി. ഇത് തടയാൻ ശ്രമിച്ചപ്പോൾ അബദ്ധത്തിൽ കൈ കഴുത്തിലെ ഉപകരണത്തിൽ തട്ടുകയും അനസ് ബോധരഹിതനാകുകയും മരിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha