പ്രവാസിക്ഷേമ പെന്‍ഷന്‍ ഏകീകൃത നിരക്കിലാക്കിയതിനു പിന്നാലെ 60 കഴിഞ്ഞവരെയും അംഗമാക്കുന്നത് പരിഗണനയില്‍

പ്രവാസിക്ഷേമ പെന്‍ഷന്‍ ഏകീകൃത നിരക്കില്‍ 2000 രൂപയാക്കിയതിനു പിന്നാലെ കൂടുതല്‍ ആളുകള്‍ക്ക് പെന്‍ഷന്‍ ലഭ്യമാക്കാനുള്ള നടപടിയും പരിഗണനയില്‍. വിവിധ കാരണങ്ങളാല്‍ പദ്ധതിയില്‍ ചേരാന്‍ കഴിയാത്ത 60 വയസ്സു കഴിഞ്ഞവരെ പത്തു വര്‍ഷത്തെ അംശാദായം ഒരുമിച്ച് വാങ്ങി പെന്‍ഷന് അര്‍ഹരാക്കുന്നതുള്‍പ്പെടെ നടപടികളാണ് ആലോചനയിലുള്ളത്.
ക്ഷേമബോര്‍ഡ് അംഗീകരിച്ച ആവശ്യം അനുമതിക്കായി സര്‍ക്കാറിന് സമര്‍പ്പിച്ചിരിക്കുകയാണ്. അനുമതി ലഭിച്ചാല്‍ ആയിരക്കണക്കിനാളുകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭ്യമാകുക. മാത്രമല്ല, പെന്‍ഷന്‍ തുക ഇരട്ടിയിലധികം കൂട്ടിയതിനാല്‍ വിദേശങ്ങളില്‍ വീട്ടുജോലിയും മറ്റും ചെയ്ത് തിരിച്ചെത്തിയ നിര്‍ധന സ്ത്രീകള്‍ക്കുള്‍പ്പെടെ വലിയ ആശ്വാസമാണ് ലഭിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസികളില്‍നിന്ന് അഞ്ചു ലക്ഷത്തില്‍ കുറയാത്ത തുക നിക്ഷേപമായി സ്വീകരിച്ച് മൂന്നു വര്‍ഷത്തിനുശേഷം നിശ്ചിത രൂപ എല്ലാമാസവും ഡിവിഡന്റായി നല്‍കുന്ന പദ്ധതിയും പ്രവാസിക്ഷേമ ബോര്‍ഡ് സര്‍ക്കാര്‍ മുമ്പാകെ അനുമതിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ആറു തവണകളായോ ഒരുമിച്ചോ തുക സ്വീകരിച്ചാണ് മൂന്നു വര്‍ഷത്തിനുശേഷം ഡിവിഡന്റ് അനുവദിക്കുക.
ബന്ധപ്പെട്ട വ്യക്തിക്ക് മരണം വരെയും അതിനുശേഷം ഭാര്യക്കുമാണ് ഡിവിഡന്റ് അനുവദിക്കുക. ഭാര്യയും മരിച്ചാല്‍ നിക്ഷേപമായി സ്വീകരിച്ച തുക നോമിനികളായ മക്കള്‍ക്ക് കൈമാറും. പ്രതിമാസം 5000 രൂപയെങ്കിലും ആനുകൂല്യമായി ലഭിക്കുന്നതരത്തിലാണ് പദ്ധതി വിഭാവനം ചെയ്തത്.
സര്‍ക്കാറിന് പ്രത്യേകിച്ച് സാമ്പത്തിക നഷ്ടമൊന്നുമുണ്ടാവാത്ത പദ്ധതിയുടെ ഫയല്‍ മുഖ്യമന്ത്രിയുടെ ഓഫിസ് ധനവകുപ്പിന് അയച്ചതായാണ് വിവരം. പ്രവാസിക്ഷേമ ഫണ്ടില്‍ ആകെ പ്രവാസികളുടെ പത്തു ശതമാനം പോലും നിലവില്‍ അംഗങ്ങളല്ല. പത്തു ലക്ഷം പേരെ അംഗങ്ങളാക്കുന്നതിനായി ജനകീയ കാമ്പയിനും ബോര്‍ഡ് ഉടന്‍ ആരംഭിക്കും.
60 വയസ്സുവരെ കേവലം അഞ്ചു വര്‍ഷം മാത്രം അംശാദായം അടക്കുന്നവര്‍ക്ക് 2000 രൂപയും വളരെ മുമ്പേ പദ്ധതിയില്‍ ചേര്‍ന്ന് അംശാദായം അടച്ചവര്‍ക്ക് ആനുപാതികമായ തോതില്‍ വര്‍ധിപ്പിച്ച പെന്‍ഷനുമാണ് ലഭിക്കുക. അംശാദായം അടക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തേ നിലനിന്നിരുന്ന അവ്യക്തതകള്‍ക്ക് ഇതിനകം ബോര്‍ഡ് പരിഹാരമുണ്ടാക്കിയിട്ടുണ്ട്. അവ്യക്തതകളും മറ്റും കാരണം നേരത്തേ ഭൂരിഭാഗം പ്രവാസികളും പദ്ധതിയോട് പുറംതിരിഞ്ഞ് നില്‍ക്കുകയായിരുന്നു ചെയ്തിരുന്നത്.
60 വയസ്സ് കഴിഞ്ഞവര്‍ക്ക് വാര്‍ധക്യ പെന്‍ഷന് അര്‍ഹതയുണ്ടായിരിക്കെ വര്‍ഷങ്ങളോളം അംശാദായം അടച്ച് പദ്ധതിയില്‍ എന്തിന് ചേരണം എന്നതായിരുന്നു പ്രവാസികളുടെ ചോദ്യം. പെന്‍ഷന്‍ 2000 രൂപയാക്കിയതോടെ ഈ വാദഗതികള്‍ ഇല്ലാതായിട്ടുണ്ട്. 300 രൂപ അംശാദായം അടക്കുന്നവര്‍ക്ക് 1000 രൂപയും 100 രൂപ അടക്കുന്നവര്‍ക്ക് 500 രൂപയുമായിരുന്നു നേരത്തേ പെന്‍ഷന്‍ ലഭ്യമായിരുന്നത്.
https://www.facebook.com/Malayalivartha