വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി... സൗദിയില്‍ ഏഴ് മലയാളി നഴ്‌സുമാര്‍ ജയിലില്‍

വ്യാജ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ കുറ്റത്തിന് സൗദി ആരോഗ്യ മന്ത്രാലയം ഏഴ് മലയാളി നഴ്‌സുമാരെ ജയിലില്‍ അടച്ചു. ദമാം,അല്‍ ഖോബാര്‍ എന്നീ ആശുപത്രികളില്‍ ജോലി ചെയ്തിരുന്ന മലയാളി നഴ്‌സുമാരാണ് ആരോഗ്യ മന്ത്രാലയത്തിന്റെ സൂക്ഷ്മ പരിശോധനയില്‍ പിടിക്കപ്പെട്ടിട്ടുള്ളത്.
പിടിക്കപ്പെട്ടവരില്‍ മൂന്ന് പേര്‍ കോട്ടയം ജില്ലയില്‍ നിന്നുള്ളവരും രണ്ട് പേര്‍ കൊല്ലം ജില്ലയില്‍ നിന്നുള്ളവരുമാണ്. ഒരു കോഴിക്കോട് സ്വദേശിയും ഒരും മലപ്പുറം സ്വദേശിയും ജയിലിലായതാണ് വിവരം. രണ്ട് നഴ്‌സുമാര്‍ നിരീക്ഷണത്തിലാണ്. ഇന്ത്യന്‍ എംബസിയും പ്രശ്‌നത്തില്‍ ഇടപെട്ടിട്ടുണ്ടെങ്കിലും എന്ത് നടപടി സ്വീകരിക്കും എന്ന് വ്യക്തമല്ല.ട്രാവല്‍ ഏജന്റുമാര്‍ നല്‍കിയ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റുകളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
പിടിക്കപ്പെട്ടവരുടെ പേരുവിവരങ്ങള്‍ ആശുപത്രികള്‍ പുറത്ത് വിട്ടിട്ടില്ല. 2005 ന് ശേഷം സൗദിയില്‍ വന്നവരുടെ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളും പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റുകളും ആരോഗ്യ മന്ത്രാലയം കഴിഞ്ഞ വര്‍ഷം ശേഖരിച്ച് പരിശോധനക്ക് വിധേയമാക്കിയിരുന്നു. സൗദിയിലേക്ക് ആരോഗ്യ മേഖലയില്‍ ജോലിക്ക് വരുന്നവര്‍ നാട്ടില്‍ രണ്ട് വര്‍ഷം പ്രവര്‍ത്തി പരിചയം വേണം എന്ന നിബന്ധന മറികടക്കാനാണ് പലരും വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിക്കുന്നത്. കുടുംബത്തോടൊപ്പം താമസിക്കുന്നവരാണ് പിടിക്കപ്പെട്ടവരില്‍ പലരും.
ആരോഗ്യ മന്ത്രാലയം പരിശോധന ശക്തമാക്കിയതോടെ നിരവധി പേരാണ് ആശങ്കയിലായത്. പിടിക്കപ്പെട്ടാല്‍ ക്രിമിനല്‍ കുറ്റം ചുമത്തി വിചാരണ നേരിടേണ്ടി വരുന്നതിനാല്‍, നാട്ടിലേക്കുള്ള തിരിച്ചു പോക്കും പ്രയാസകരമാവും. നിലവില്‍ ജോലി ചെയ്യുന്നവരും ആശങ്കയിലാണ്. നേരത്തെ അല്‍ഹസയിലും ,റിയാദിലും മലയാളി നേഴ്‌സുമാര്‍ സമാനമായ കേസില്‍ പിടിക്കപ്പെട്ടിരുന്നു. പെരുന്നാളിന് ശേഷം കൂടുതല്‍ പരിശോധന ഉണ്ടാകുമെന്നാണ് അധികൃതരില്‍ നിന്ന് ലഭിക്കുന്ന വിവരം.സൗദിയിലേക്ക് പുതുതായി ജോലിക്ക് വരുന്ന ഉദ്യോഗാര്‍ഥികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഇന്ത്യന്‍ എംബസിയും മുന്നറിയിപ്പ് നല്‍കി.
https://www.facebook.com/Malayalivartha