ഗൾഫിൽ മലയാളികളടക്കമുള്ള പ്രവാസി കുടുംബങ്ങള്‍ക്കിടയില്‍ കലഹങ്ങളും അസ്വസ്ഥതകളും വർദ്ധിക്കുന്നതായി റിപ്പോർട്ടുകൾ

അജ്മാനില്‍ കാണാതായ 2 പിഞ്ചുകുട്ടികളെ അജ്മാന്‍ ഹൈവേയുടെ അരികില്‍ നിന്ന് അജ്മാന്‍ പോലീസ് കണ്ടെത്തി. എന്നാല്‍ പോലീസിനോട് കുട്ടികള്‍ പറഞ്ഞകാരണം ഞെട്ടിപ്പിക്കുന്നതായിരുന്നു. മലയാളികളായ മാതാപിതാക്കള്‍ തമ്മിലുള്ള നിരന്തര കലഹം കാരണമാണ് തങ്ങള്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയതെന്നായിരുന്നു ഇവരുടെ വെളിപ്പെടുത്തല്‍. ഇവരുടെ മാതാവ് നിരന്തരം പിതാവിനെ അതിക്രൂരമായി പീഡിപ്പിയ്ക്കാറുണ്ടെന്നായിരുന്നു കുട്ടികള്‍ പോലീസിനോട് പറഞ്ഞിരുന്നത്. പിന്നീട് മാതാപിതാക്കളെ പോലിസ് സ്‌റ്റേഷനില്‍ വിളിച്ച് വരുത്തി ഇനി കലഹം ആവര്‍ത്തിച്ചാല്‍ കുട്ടികളെ മാനസികമായി പീഡിപ്പിയ്ക്കുന്നതിന് കേസെടുക്കും എന്ന് പോലിസ് താക്കീത് ചെയ്താണ് പറഞ്ഞയച്ചത്.
അടുത്തിടെയാണ് ദുബായ് താമസിയിക്കുന്ന മറ്റൊരു ഇന്ത്യക്കാരനായ പ്രവാസി യുവാവ് ഭാര്യയ്‌ക്കെതിരെ പേഴ്‌സണല്‍ സ്റ്റാറ്റസ് കോര്‍ട്ടില്‍ കേസ് ഫയല്‍ ചെയ്തത്. വാക്കുകള്‍ കൊണ്ടും ശാരീരികമായും ഭാര്യ ഉപദ്രവിക്കുന്നുവെന്നായിരുന്നു ഇയാളുടെ പരാതി. തന്റെ ശരീരത്തില്‍ ആഴമേറിയ മുറിവുകളുണ്ടെന്നും ഭാര്യയെ തനിക്ക് ഭയമാണെന്നും യുവാവ് പരാതിയില്‍ ആരോപിച്ചിരുന്നു. ഇതിനെ സാധൂകരിക്കുന്ന വൈദ്യപരിശോധന റിപോര്‍ട്ടും ഇദ്ദേഹം കോടതിയില്‍ ഹാജരാക്കി. ഗാര്‍ഹീക പീഡനത്തിന്റെ വെളിച്ചത്തില്‍ തനിക്ക് വിവാഹമോചനം അനുവദിക്കണമെന്നായിരുന്നു യുവാവിന്റെ ആവശ്യം. കേസിന്റെ വാദം കേട്ട കോടതി യുവാവിന് വിവാഹമോചനം അനുവദിക്കുകയും ചെയ്തു. ഇയാളുടെ ഭാര്യ ഇപ്പോള്‍ സ്വന്തം നാട്ടില്‍ താമസിക്കുകയാണ്.
ദുബായിക്കാരനായ മറ്റൊരു മലയാളി പേഴ്‌സണല്‍ സ്റ്റാറ്റസ് കോടതിയെ സമീപിച്ചത് തന്റെ ഭാര്യയ്‌ക്കെതിരെ അവിഹിതബന്ധം ചുമത്തിയത്. ഭാര്യയ്ക്ക് നല്ല വരുമാനമുണ്ടെന്നും തന്റെ കമിതാവിനും ആഡംബര ജീവിതത്തിനും വേണ്ടി അവള്‍ വരുമാനം ചിലവഴിക്കുകയാണെന്നും ഇയാള്‍ ആരോപിച്ചു. 3 കുട്ടികളുണ്ടായിരുന്നിട്ടും ഭാര്യ അകന്ന് കഴിയുകയാണെന്നും പരാതിയില്‍ പറയുന്നു. അസ്വാഭാവിക പെരുമാറ്റത്തിന്റെ പേരില്‍ ഭാര്യയില്‍ നിന്നും വിവാഹമോചനം വേണമെന്നാണ് ഇയാളുടേയും ആവശ്യം. എന്നാല്‍ കേസിന്റെ വാദത്തിനിടെ ഭാര്യ കുട്ടികളുമായി സ്ഥലം വിട്ടിരുന്നു. പിന്നീട് അവർ കോടതിയില്‍ ഹാജരാവുകയും വിവാഹമോചനത്തിന് തയ്യാറാണെന്ന് അറിയിക്കുകയുമായിരുന്നു.
ഇത്തരം കേസുകള്‍ വര്‍ദ്ധിച്ചുവരികയാണെന്ന് അഭിഭാഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. നിരവധി ഭര്‍ത്താക്കന്മാരാണ് ഭാര്യമാരുടെ പീഡനങ്ങള്‍ക്കിരകളാകുന്നത്. എന്നാല്‍ ഇവരില്‍ വളരെ ചുരുക്കം ചിലര്‍ മാത്രമാണ് നിയമസഹായം തേടി കോടതികളിലെത്തുന്നത്. പലപ്പോഴും തൊഴിലിടങ്ങളില്‍ ഭര്‍ത്താക്കന്മാര്‍ക്ക് കൂടുതല്‍ സമയം ചിലവഴിക്കേണ്ടിവരും. ഇത് തന്നെ അവഗണിക്കാനെന്ന തോന്നല്‍ ഭാര്യയിലുണ്ടാവുകയും തൊടുന്നതിനും പിടിക്കുന്നതിനും അവള്‍ ഭര്‍ത്താവിനെ കുറ്റപ്പെടുത്താനും കാരണമാകും. ക്രമേണ ഭര്‍ത്താവിന് അവിഹിതബന്ധമുണ്ടെന്ന ആരോപണത്തില്‍ ഭാര്യ എത്തിനില്‍ക്കും. കുട്ടികളുമായി രാജ്യം വിടുമെന്ന് ഭീഷണിപ്പെടുത്തുന്ന ഭാര്യമാര്‍ ഒട്ടും കുറവല്ല. ഇത് ഭര്‍ത്താക്കന്മാരെ ഭയ ചകിതരാക്കുന്നു.
തന്റെ മക്കള്‍ ഏത് സമയവും തന്നില്‍ നിന്ന് അകറ്റപ്പെടുമെന്ന ചിന്ത ഇവരെ മാനസീകമായി പീഡിപ്പിക്കും. ഭര്‍ത്താക്കന്മാര്‍ക്കെതിരെ അവിഹിതബന്ധങ്ങള്‍ ചുമത്തുന്ന ഭാര്യമാര്‍ക്ക് ദുബായിയിലെ നിയമം അക്ഷരാര്‍ത്ഥത്തില്‍ തുണയാകാറുണ്ട്. ഇവിടെ അവിഹിതബന്ധങ്ങള്‍ ക്രിമിനല്‍ കുറ്റമാണ്. അതുകൊണ്ട് തന്നെ അവിഹിത ആരോപണവും ഭര്‍ത്താക്കന്മാരെ വെട്ടിലാക്കുന്നുമുണ്ട്.
https://www.facebook.com/Malayalivartha