പ്രവാസജീവിതം നല്‍കുന്നത് ഒറ്റപ്പെടല്‍... ഒരുപാട് പണം ഉണ്ടാക്കി പക്ഷേ കുടുംബത്തോടൊപ്പം ചെലവിടാനാകുന്നില്ല, ഗള്‍ഫ്ജീവിതം മടുത്ത് തുടങ്ങി, ഞങ്ങള്‍ക്ക് ഇവിടെ നിന്നാല്‍ മതിയോ കുടുംബമൊക്കെ വേണ്ടേ, തൊഴില്‍ അന്വേഷിച്ച് കടല്‍ കടക്കുന്നവരുടെ എണ്ണം കുറയുന്നു

പ്രവാസജീവിതം മതിയാക്കി നിരവധി പേരാണ് ഇപ്പോള്‍ നാട്ടിലേക്ക് വരുന്നത്. കൂടുതലും അതില്‍ ഇന്ത്യക്കാരാണ്. നല്ലൊരു ജോലിയും നല്ല ശമ്പളവും കിട്ടുമെന്ന് കരുതിയാണ് പലരും ഗള്‍ഫിലേക്ക് പോകുന്നത്. കുടുംബവുമായി സമയം ചെലവിടാന്‍ പ്രവാസികള്‍ക്ക് പറ്റുന്നില്ല.
ഉരുകുന്ന വെയിലിലും പൊടിക്കാറ്റിലും അവര്‍ നിര്‍ത്താതെ പണിയെടുക്കുകയാണ്. എല്ലുമുറിയെ പണിയെടുത്ത് അവശരായാലും ഒരു ദിവസത്തെ അവധി ചോദിയ്ക്കാന്‍ അവര്‍ക്ക് മടിയാണ്. അവധിയെടുത്താല്‍ നഷ്ടമാകുക രണ്ട് ദിവസത്തെ ശമ്പളമാണ്. അതിന് അവര്‍ക്കിവിടെ ലക്ഷങ്ങളോ കോടികളോ അല്ല ശമ്പളം കിട്ടുന്നത്. എന്നാലും നാട്ടിലുള്ള മക്കളുടേയും ഭാര്യയുടേയും മുഖം ഓര്‍ക്കുമ്പോള്‍ മരണത്തെപ്പോലും തോല്‍പ്പിച്ച് അവര്‍ പണിയെടുക്കും. ആരാണവര്‍ എന്നല്ലേ. പ്രവാസികള്‍.
അല്‍പ്പം വേദനയോടയല്ലാതെ ഖത്തറിലെ പ്രവാസി ദുരിത ജീവിതത്തെപ്പറ്റി പറയാനാകില്ല. 2022 ഖത്തര്‍ ഫിഫ വേള്‍ഡ് കപ്പിനോട് അനുബന്ധിച്ച് സ്‌റ്റേഡിയത്തിന്റെയും മറ്റും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കെത്തിയവരാണ് ദുരിത ജീവിതം നയിക്കുന്നത്. ആയിരത്തിലധികം ഇന്ത്യക്കാരായ പ്രവാസികളാണ് ഖത്തറില്‍ ഉള്‍പ്പടെ കഴിഞ്ഞ വര്‍ഷങ്ങളില്‍ മരിച്ചത്.
തൊഴിലിനായി സ്വന്തം നാടും വീടും വിട്ട് കരയും കടലും കടന്ന് പോകുന്നവരാണ് ഇന്ത്യാക്കാരില്‍ മിക്കവരും. മണലാരണ്യങ്ങളിലും ഇരുണ്ട ഭൂഖണ്ഡത്തിലും എന്തിന് മഞ്ഞു പുതച്ച ഹിമപ്രദേശങ്ങളില്‍ പോലും നമ്മള്‍ ജോലി തേടി പോകുന്നവരാണ്. എന്നാല്‍ തൊഴില്‍ അന്വേഷിച്ച് കടല്‍ കടക്കുന്നവരുടെ എണ്ണം കുറഞ്ഞ് വരികയാണെന്നാണ് അടുത്തിടെ പുറത്തിറക്കിയ പഠനം ചൂണ്ടിക്കാട്ടുന്നു.
തൊഴില്‍ വെബ്‌സൈറ്റായ ഇന്‍ഡീഡ് നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തില്‍ തൊഴില്‍ അന്വേഷിച്ച് പുറത്ത് പോകുന്നവരുടെ എണ്ണം അഞ്ച് ശതമാനം കുറഞ്ഞുവെന്നാണ് സൂചിപ്പിക്കുന്നത്. ഇതില്‍ തന്നെ അമേരിക്ക, യു.കെ എന്നിവിടങ്ങളിലേക്ക് തൊഴില്‍ തേടി പോകാന്‍ ശ്രമിക്കുന്നവരുടെ എണ്ണത്തില്‍ യഥാക്രമം 38 ശതമാനത്തിന്റെയും 42 ശതമാനത്തിന്റെയും കുറവുണ്ടായി.
ഗള്‍ഫ് രാജ്യങ്ങളിലേക്ക് കുടിയേറാന്‍ നോക്കുന്നവരുടെ എണ്ണത്തിലും 21 ശതമാനത്തിന്റെ കുറവുണ്ടായി. എണ്ണ വിലയിലുണ്ടായ കുറവും, പശ്ചിമേഷ്യയിലെ സാമ്പത്തിക മെല്ലപ്പോക്കും സ്വദേശീവത്ക്കരണവുമാണ് ഇതിന്റെ കാരണമായി ചൂണ്ടിക്കാട്ടുന്നത്.
ഗള്‍ഫ് മേഖലയില്‍ ജോലി തേടിയെത്തുന്ന ഇന്ത്യക്കാരുടെ എണ്ണം കുറഞ്ഞതായി റിപ്പോര്‍ട്ട്. ഗള്‍ഫ് രാജ്യങ്ങളിലെ എണ്ണവാതക വ്യവസായ മേഖലയില്‍ അനുഭവപ്പെട്ട വിലയിടിവാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്. എണ്ണവാതക രംഗത്ത് പുതിയ വികസന പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞതും പ്രശ്‌നമായി.
സൗദി അറേബ്യയില്‍ തൊഴില്‍, വ്യാപാര, വാണിജ്യ മേഖലയില്‍ സ്വദേശി പൗരന്‍മാരെ നിയമിക്കാനുള്ള ശ്രമം വര്‍ധിച്ചത് കൂടുതല്‍ തൊഴില്‍ അവസരങ്ങളില്‍ ഗണ്യമായ കുറവുണ്ടാക്കി. തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്നവരുടെ എണ്ണത്തിലും വര്‍ധനയുണ്ടായി.
ആറ് ഗള്‍ഫ് സഹകരണ രാജ്യങ്ങളിലായി ജോലി ചെയ്യുന്ന ഇന്ത്യന്‍ തൊഴിലാളികളുടെ എണ്ണം 2015ല്‍ 7,58,684 ആയിരുന്നു. ഇത് 2016ല്‍ 5,07,296 ആയി കുറഞ്ഞുവെന്നാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്കുകള്‍ വെളിപ്പെടുത്തുന്നത്. യുഎഇയില്‍ ഇന്ത്യന്‍ തൊഴിലാളികളുടെ എണ്ണം 2,25,512 ആയിരുന്നത് 1,63,731 ആയി കുറഞ്ഞു.
സൗദിയിലാകട്ടെ, 3,06,642 ഇന്ത്യക്കാരുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 1,65,356 പേര്‍ മാത്രം. ജിസിസി രാജ്യങ്ങളിലെ സാമ്പത്തിക മാന്ദ്യത്തെത്തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് ജോലിതേടിയെത്തുന്ന തൊഴിലാളികളുടെ എണ്ണം കുറഞ്ഞുവരികയാണെന്നു വിദേകാര്യമന്ത്രാലയം ചൂണ്ടിക്കാണിക്കുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്കുള്ള പണമൊഴുക്കും കുറഞ്ഞു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്കുള്ള പണമൊഴുക്ക് 9 ശതമാനം കുറഞ്ഞു. അതിനു മുന്‍ സാമ്പത്തിക വര്‍ഷമയച്ച പണവുമായി താരതമ്യപ്പെടുത്തുമ്പോഴാണിത്. 201516 സാമ്പത്തിക വര്‍ഷം 68.9 ബില്യണ്‍ ഡോളറായിരുന്നു ഇന്ത്യയിലേക്ക് അയച്ച പണം.
ഇത് 201617 സാമ്പത്തിക വര്‍ഷം 62.7 ബില്യണ്‍ ഡോളറായി കുറഞ്ഞതായി ലോക ബാങ്ക് റെക്കോര്‍ഡുകള്‍ സൂചിപ്പിക്കുന്നു. നീലക്കോളര്‍ തൊഴിലാളികള്‍ മുതല്‍ വിദഗ്ധരായ പ്രഫഷണലുകള്‍ വരെയുള്ള ഇന്ത്യന്‍ തൊഴിലാളികളുടെ പുതിയ റിക്രൂട്ടിങ്ങും ഗള്‍ഫ് രാജ്യങ്ങളിലേക്ക് കുറഞ്ഞിരിക്കുന്നതായി റിക്രൂട്ടിങ് ഏജന്റുമാരും പറയുന്നു. സൗദി അറേബ്യ, ബഹ്‌റൈന്‍, യുഎഇ എന്നീ രാജ്യങ്ങളുടെ ഖത്തറുമായുള്ള ഉപരോധ പ്രശ്‌നങ്ങള്‍ ഇന്ത്യക്കാര്‍ക്കിടയില്‍ ആശങ്ക ഉണ്ടാക്കിയതായും ചൂണ്ടിക്കാട്ടുന്നു.
ഖത്തറിലേക്ക് ജോലി തേടിപ്പോകുന്നതിനും യാത്ര പുറപ്പെടുന്നതിനെക്കുറിച്ചുമെല്ലാം ആശങ്കകള്‍ നിലനില്‍ക്കുന്നു. ജിസിസി രാജ്യങ്ങളില്‍ മൂല്യവര്‍ധിത നികുതി ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികളും ഗള്‍ഫില്‍ താമസിക്കുന്ന പ്രവാസി ഇന്ത്യക്കാര്‍ക്ക് ആശ്വാസകരമായി തോന്നുന്നില്ല. സൗദി അറേബ്യയില്‍ ഏര്‍പ്പെടുത്തിയ പുതിയ കുടുംബ നികുതിയും ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha