10 ഇയര്‍ ചലഞ്ച്, 20 ഇയര്‍ ചലഞ്ച്... അങ്ങനെ എന്തെല്ലാം നമ്മള്‍ കാണുന്നു 'സൈബറിടത്തില്‍' ! ഇതാ 50 വര്‍ഷത്തെ സൗഹൃദം ആഘോഷിക്കുന്ന രണ്ട് സുഹൃത്തുക്കള്‍ !

വിവാഹവാര്‍ഷികം, പിറന്നാള്‍, ചരമവാര്‍ഷികം അങ്ങനെ ഒരാളുടെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട സന്തോഷങ്ങളും ദു:ഖങ്ങളും ഒക്കെ എത്രനാളായി അനുഭവിക്കുന്നുവെന്ന് ചുറ്റുമുള്ളവരെ അറിയിക്കുമ്പോള്‍, സന്തോഷങ്ങള്‍ അധികരിക്കുകയും , പങ്കിടുന്ന ദു:ഖങ്ങള്‍ കുറയുകയും ചെയ്യുന്നു എന്ന വിശ്വാസം കൊണ്ടാകാം മുന്‍പറഞ്ഞ ദിനങ്ങളുമായി ബന്ധപ്പെട്ടുള്ള പരസ്യങ്ങള്‍ സാധാരണമാണ്. അതു പോരാഞ്ഞിട്ട് വളര്‍ത്തു പൂച്ചയുടെ ചരമവാര്‍ഷികം വരെ പത്രപരസ്യമായി നല്‍കുന്ന കാലമെത്തിപ്പോയി.
എന്നാല്‍ ഇപ്പോഴിതാ ഒരു പത്രപരസ്യം വൈറലാകുന്നു. സൗഹൃദത്തിന്റെ 50 വര്‍ഷം ആഘോഷിക്കുന്ന രണ്ട് സുഹൃത്തുകളുടെ പരസ്യമാണ് സൈബറിടത്തിലെ ചര്‍ച്ചാവിഷയം.
തിരുവനന്തപുരം നെയ്യാറ്റിന്‍കര പാമ്പുകാല സ്വദേശികളായ രാജേന്ദ്രനും ഷാജിയുമാണ് കഥയിലെ നായകന്മാര്‍. ഈ കഴിഞ്ഞ മെയ് 21-നാണ് ഇരുവരുടെയും സൗഹൃദത്തിന്റെ 50-ാം വാര്‍ഷികം തികഞ്ഞത്. ഇത് ആഘോഷിക്കാനാണ് പത്രത്തില്‍ പരസ്യം നല്‍കിയത്.
എന്നുമുതലാണ് കണ്ടുമുട്ടിയതെന്ന് ചോദിച്ചാല്‍ അതും മെയ് 21-ന് തന്നെയെന്ന് ഇവര്‍ പറയും. കാരണം 1969 മെയ് 21-നാണ് ഇരുവരുടെയും ജന്മദിനം. ജനിച്ചനാള്‍ മുതല്‍ ഈ കാലമത്രയും നിലനിര്‍ത്തിയ ദൃഢസൗഹൃദത്തിന്റെ കഥ രാജേന്ദ്രന്‍ പങ്കുവെക്കുന്നു.
ഞങ്ങളുടെ സൗഹൃദം എന്നുതൊട്ടാണെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ, ജനിച്ച ദിവസം മുതല്‍. ഒരു മതിലിന് അപ്പുറത്തും ഇപ്പുറത്തുമുള്ള വീടുകളാണ് ഞങ്ങളുടേത്. വളര്‍ന്നതും പഠിച്ചതും എല്ലാം ഒരുമിച്ചാണ്. ഞങ്ങള്‍ വിവാഹം കഴിച്ചതും ഒരേ സ്ഥലത്തുനിന്നാണ്. വിവാഹം കഴിഞ്ഞ് ഞങ്ങളുടെ സൗഹൃദത്തിന് യാതൊരു കോട്ടവും തട്ടിയില്ല. കൂടുതല്‍ ദൃഢമായതേയുള്ളൂ. എന്റെ ഭാര്യ കെവി കൃഷ്ണയും ഷാജിയുടെ ഭാര്യ അമ്പിളിയും അടുത്ത സുഹൃത്തുക്കളാണ്. ഇപ്പോള്‍ ഞങ്ങളുടെ മക്കളും ഇതേ സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ട്. ഞങ്ങള്‍ ഒരുമിച്ച് ടൂറൊക്കെ പോകാറുണ്ട്.
എന്റെ വീട്ടില്‍ ഞങ്ങള്‍ ഒമ്പത് പേരാണ്, ഷാജിയുടെ വീട്ടില്‍ മൂന്ന് സഹോദരിമാരുടെ ഏക സഹോദരനാണ് ഷാജി. അവന്‍ പൊതുവേ ശാന്ത സ്വഭാവക്കാരനാണ്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാലോ ചെയ്താലോ ഒന്നും തിരിച്ച് പറയില്ല. എന്റെ അത്രയും ആരോഗ്യവും അവനില്ല. പത്തുപതിനഞ്ച് വയസുണ്ടായിരുന്നപ്പോള്‍ ഒരിക്കല്‍ അവന്‍ ഫുട്‌ബോള്‍ കളിക്കാന്‍ വന്നത് പുതിയ ടീഷര്‍ട്ട് ഇട്ടുകൊണ്ടാണ്. ഇതുകണ്ടിട്ട് അവനെക്കാള്‍ അഞ്ച് വയസ് പ്രായമുള്ള ഒരാള്‍ ഷര്‍ട്ട് വലിച്ചുകീറി. അവനൊന്നും പറഞ്ഞില്ല. എനിക്ക് പക്ഷെ സഹിച്ചില്ല. ഞാന്‍ അയാളെ വീട്ടില്‍ കയറി തല്ലി. അന്ന് തൊട്ട് ഇന്നോളം സുഖത്തിലും ദുഖത്തിലും ഞങ്ങള്‍ ഒരുമിച്ചുണ്ട്.
ഷാജിയിപ്പോള്‍ ചെന്നൈയിലാണ്. പക്ഷെ എപ്പോള്‍ വന്നാലും എന്നെ കാണാതെ അവന്‍ പോകില്ല. എത്ര തിരക്കുണ്ടെങ്കിലും ഞങ്ങള്‍ കണ്ടിരിക്കും. ജീവിതത്തിന്റെ ഒരു ഭാഗം കൂടിയാണവന്‍ എനിക്ക്. ഞങ്ങള്‍ ഈ സൗഹൃദത്തിന്റെ 25 വര്‍ഷം പരസ്യം നല്‍കണമെന്ന് കരുതിയതാണ്. അന്നുപക്ഷെ സാധിച്ചില്ല.
എങ്ങനെയാണ് ഇത്രയും കാലം സൗഹൃദം കാത്തുസൂക്ഷിക്കാന്‍ സാധിച്ചതെന്ന് ചോദിച്ചാല്‍ രാജേന്ദ്രന്‍ ഒറ്റ ഉത്തരമേയുള്ളൂ. ക്ഷമ. ആരെങ്കിലും ഒരാള്‍ എന്തെങ്കിലും തെറ്റ് ചെയ്താലും അത് ക്ഷമിക്കാനുള്ള കഴിവ് വേണം. പിന്നെ ഞങ്ങളുടെ ചെറുപ്പത്തില്‍ ഫോണ്‍ ഇല്ല. അതുകൊണ്ട് കോണ്‍ടാക്ട് നഷ്ടപ്പെട്ട് സൗഹൃദം മുറിഞ്ഞ് പോകുന്ന അവസ്ഥയുമില്ല. കാണണമെന്ന് തോന്നിയാല്‍ അപ്പോള്‍ വന്ന് കാണും. അങ്ങനെ ഇവര്‍ക്കൊപ്പം സൗഹൃദം വളര്‍ന്നു വലുതാകുകയായിരുന്നു- അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha