പോലീസ് സ്റ്റേഷനില്‍ വച്ച് പകര്‍ത്തിയ ടിക് ടോക് വീഡിയോ വൈറലായതോടെ പോലീസുകാരിയ്ക്ക് സസ്‌പെന്‍ഷന്‍!

ഗുജറാത്തില്‍ പൊലീസ് സ്റ്റേഷനില്‍ വച്ച് ഡാന്‍സ് ചെയ്യുന്ന ടിക് ടോക് വീഡിയോ പകര്‍ത്തി പ്രചരിപ്പിച്ച വനിതാ പൊലീസ് ഉദ്യോഗസ്ഥയെ സസ്പെന്‍ഡ് ചെയ്തു. ബോളിവുഡ് ഗാനത്തിന് ചുവടുവയ്ക്കുന്ന പൊലീസുകാരിയുടെ വീഡിയോ വൈറലായി മാറിയിരുന്നു.
ലോക് രക്ഷക് ദള്‍ റിക്രൂട്ട് ആയ അര്‍പിത ചൗധരി എന്ന പൊലീസുകാരിക്ക് എതിരെയാണ് നടപടി സ്വീകരിച്ചത്. മെഹ്സാന ജില്ലയിലെ ലംഗ്നജ് പൊലീസ് സ്റ്റേഷനില് വച്ചാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. യൂണിഫോം ഇടാതെ ലോക്കപ്പിന് മുമ്പില്‍ നിന്നു കൊണ്ടാണ് വീഡിയോ പകര്‍ത്തിയത്.
ഡ്യൂട്ടിയിലിരിക്കെ യൂണിഫോം ധരിച്ചില്ല , പൊലീസ് സ്റ്റേഷന് അകത്ത് വച്ച് വീഡിയോ പകര്‍ത്തി പ്രചരിപ്പിച്ചു എന്നിങ്ങനെയുള്ള ചട്ടലംഘനം അര്‍പിത ചൗധരി നടത്തിയെന്നാണ് ചുമത്തിയിരിക്കുന്ന കുറ്റം. പൊലീസുകാര്‍ അച്ചടക്കം പാലിക്കേണ്ടവരാണ്. അതവര്‍ ചെയ്യാത്തത് കൊണ്ടാണ് സസ്പെന്‍ഡ് ചെയ്തത്, ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് മഞ്ജിത വന്‍സാര വ്യക്തമാക്കി.
ജൂലൈ 20-നാണ് അര്‍പിത വീഡിയോ പകര്‍ത്തിയിരിക്കുന്നത്. പിന്നീട് ടിക് ടോക്കിലൂടേയും വാട്സ്ആപ്പിലൂടേയും വീഡിയോ പ്രചരിപ്പിച്ചു. 2016-ലാണ് അര്‍പിത സര്‍വീസില്‍ പ്രവേശിപ്പിക്കുന്നത്. 2018-ലാണ് മെഹ്സാനയിലേക്ക് സ്ഥലംമാറ്റം കിട്ടിയത്. എന്തായാലും സുന്ദരിയായ പോലീസുകാരിയുടെ ടിക് ടോക് വീഡിയോ യുവാക്കളുടെ ഫോണില്‍ പറന്നു കളിക്കുകയാണ്.
https://www.facebook.com/Malayalivartha