മകന്റെ വിവാഹം നടത്തിയത് രജിസ്ട്രാര്‍ ഓഫീസില്‍;1200 കോടി രൂപയുടെ സംരംഭകനായ പിതാവിന് ആകെ ചെലവായത് രണ്ട് കമ്പ്യൂട്ടറിന്റെ പണം

വിവാഹങ്ങള്‍ ആഡംബരത്തിന്റെ വേദിയാകുമ്പോള്‍ സംരംഭകന്‍ പൊറിഞ്ചു വെളിയത്ത് മകന് ലളിതമായ രജിസ്റ്റര്‍ വിവാഹം നടത്തി. ഓഹരി വിപണി മേഖലയില്‍ 1200 കോടി രൂപയുടെ സംരംഭങ്ങളുടെ ഉടമയാണ് പൊറിഞ്ചു വെളിയത്ത്. എന്നിട്ടും മകന് ലളിതമായി വിവാഹം നടത്തി മാതൃകയാകാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് മകന്റെ വിവാഹ വിശേഷം അദ്ദേഹം വെളിപ്പെടുത്തിയത്.
പൊറിഞ്ചുവിന്റെ മകന്‍ സണ്ണി വെളിയത്തും നവവധുവും രജിസ്ട്രാര്‍ ഓഫീസിന് മുന്നില്‍ നില്‍ക്കുന്ന ചിത്രമാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. രജിസ്ട്രാര്‍ ഓഫീസിന് സംഭാവനയായി നല്‍കിയ രണ്ട് കമ്പ്യൂട്ടറുകളുടെ പണമാണ് വിവാഹത്തിന് ആകെ ചിലവായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്തുകൊണ്ടാണ് മകന് ഇത്രയും ലളിതമായ വിവാഹം നടത്താന്‍ തീരുമാനിച്ചതെന്ന ചോദ്യത്തോട്, താന്‍ വിവാഹം കഴിച്ചതും അങ്ങനെ തന്നെ ആയിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി.
ആളുകള്‍ അവരവരുടെ അറിവ് അനുസരിച്ചാണ് കാര്യങ്ങള്‍ ചെയ്യുന്നത്. മകന്റെ വിവാഹ ചിത്രം ട്വീറ്റ് ചെയ്തത് സാധാരണ നടപടിയായി കണ്ടാല്‍ മതി. അതിനപ്പുറം മറ്റ് പ്രാധാന്യം താന്‍ കല്‍പ്പിക്കുന്നില്ലെന്നും പൊറിഞ്ചു പറഞ്ഞു. മകന്‍ അമേരിക്കയിലാണ്. വിവാഹത്തിനായി പെട്ടന്ന് വന്നതാണ്. മകന്റെ ആഗ്രഹപ്രകാരമുള്ള വിവാഹത്തിന് താന്‍ സമ്മതിക്കുകയായിരുന്നെന്നും അദ്ദേഹം മാധ്യമത്തോട് വെളിപ്പെടുത്തി.
ജീവിതത്തില്‍ പെട്ടെന്ന് തീരുമാനങ്ങള്‍ എടുക്കുന്നയാളാണ് താന്‍. ജീവിതത്തില്‍ ഒന്നും മുന്‍കൂട്ടി തീരുമാനിക്കാറില്ല. മറ്റാരെയും തൃപ്തിപ്പെടുത്താനായി താന്‍ ഒന്നും ചെയ്യാറില്ലെന്നും പൊറിഞ്ചു പറയുന്നു. ഇക്വുറ്റി ഇന്റലിജന്‍സ് എന്ന സ്ഥാപനത്തിന്റെ സ്ഥാപകനും സി.ഇ.ഒയുമാണ് പൊറിഞ്ചു വെളിയത്ത്.
https://www.facebook.com/Malayalivartha

























