ആഗ്രഹിച്ച രാഷ്ട്രീയവേഷത്തിനായി മൂന്നാമത്തെ പാര്‍ട്ടിയില്‍ ചേക്കേറുന്ന ഖുഷ്ബു
മഹാരാഷ്ട്രയിലെ ഇടത്തരം മുസ്ലിം കുടുംബത്തില്‍ ജനിച്ച ഖുഷ്ബുവിനു മാറ്റം പുതുമയല്ല. ആദ്യം മാറ്റേണ്ടി വന്നതു പേരാണ്. അവര്‍ സിനിമയിലെത്തിയപ്പോള്‍ നഖാത് ഖാനെന്ന പേര് ഖുഷ്ബു എന്നാക്കി. ജനിച്ചുവളര്‍ന്ന മുംബൈ വിട്ട്, 16-ാം വയസ്സിലാണ് ചെന്നൈയിലെത്തിയത്. തെലുങ്ക് സിനിമയില്‍ അരങ്ങേറ്റം കുറിച്ച ഖുഷ്ബു, കീഴടക്കിയതു തമിഴകമാണ്. തൊണ്ണൂറുകളില്‍ തമിഴ്തിര അടക്കിവാണു. പ്രണയത്തിലെ മുറിവുകളും വ്യക്തിജീവിതത്തിലെ വേദനകളും അതിനു തടസ്സമായില്ല.
തമിഴരുടെ ആരാധന പല രീതിയില്‍ അവര്‍ പുറത്തുകാട്ടി. തിരുച്ചിറപ്പള്ളിയില്‍ ഖുഷ്ബുവിനായി ക്ഷേത്രം, 'ഖുഷ്ബു ഇഡ്ഡലി', 'ഖുഷ്ബു ചായ' എന്നിങ്ങനെ ആ ഇഷ്ടം വളര്‍ന്നു. വിവാഹപൂര്‍വ ലൈംഗികബന്ധത്തെ പിന്തുണയ്ക്കുന്ന രീതിയില്‍ നടത്തിയ പ്രസ്താവന കോടതി വ്യവഹാരങ്ങളും വീടിനു നേരെയുള്ള കല്ലേറുമായി നീണ്ടു. തിരുച്ചിറപ്പള്ളിയിലെ ക്ഷേത്രം ആരാധകര്‍ തന്നെ തകര്‍ത്തു.
2010-ല്‍ സ്വന്തമായി അഭിപ്രായമുള്ള വ്യക്തിയെന്ന പ്രതിഛായയോടെ, കരുണാനിധിയുടെ ആശീര്‍വാദത്തോടെ ഡിഎംകെയില്‍ ചേര്‍ന്നു. പലരും ഞെട്ടി. കാരണം, ജയലളിതയുമായി ഏറെ അടുപ്പമുണ്ടായിരുന്ന ഖുഷ്ബു, ജയ ടിവിയില്‍ വര്‍ഷങ്ങളായി 'ജാക്ക്പോട്ട്' എന്ന ജനപ്രിയ പരിപാടി അവതരിപ്പിക്കുന്നുണ്ടായിരുന്നു. പിന്നീട് ഡിഎംകെ വേദികളില്‍ പ്രഭാഷകയായും താരസാന്നിധ്യമായും അവര്‍ നിറഞ്ഞു. എന്നാല്‍, പിന്നെയും നാക്കു പിഴച്ചു.
കരുണാനിധിയുടെ മകന് എം.കെ.സ്റ്റാലിന് തന്നെ ഡിഎംകെയില്‍ പിന്‍ഗാമിയാകണമെന്ന നിര്‍ബന്ധമില്ലെന്നും പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ തീരുമാനമെടുക്കുമെന്നും ഖുഷ്ബു ഒരു അഭിമുഖത്തില്‍ പറഞ്ഞതു വിവാദമായി ആളിപ്പടര്‍ന്നു. തിരുച്ചിറപ്പള്ളിയില്‍ ഡിഎംകെ പ്രവര്‍ത്തകര്‍ അവരെ തടഞ്ഞുവച്ചു, കൂക്കിവിളിച്ചു. ചെന്നൈയില്‍ വീടിനുനേരെ കല്ലേറുണ്ടായി. സ്റ്റാലിന്റെ അതൃപ്തിക്കു പാത്രമായതോടെ, ഡിഎംകെയിലെ ഭാവിയടഞ്ഞു.
കോണ്‍ഗ്രസില്‍ എത്തിയത് 2014-ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനു ശേഷമാണ്. ദേശീയ വക്താവെന്ന പദവിയും ലഭിച്ചു. കോണ്‍ഗ്രസ് നേതാവെന്ന നിലയില്‍ ബിജെപിയെ രൂക്ഷമായി വിമര്‍ശിക്കാന്‍ ഖുഷ്ബു മടിച്ചില്ല. അവരുടെ മുസ്ലിം സ്വത്വംവരെ ഉയര്‍ത്തിക്കാട്ടി ബിജെപി അനുഭാവികള്‍ സമൂഹമാധ്യമങ്ങളിലൂടെ തിരിച്ചടിച്ചു. എല്ലാം ഇനി പഴയ കഥ. ബിജെപിയുടെ തമിഴകത്തെ ഗ്ലാമര്‍ മുഖമാണിപ്പോള്‍ ഖുഷ്ബു. രാഷ്ട്രീയത്തില്‍ അരങ്ങേറ്റം കുറിച്ചു വര്‍ഷം 10 കഴിഞ്ഞിട്ടും ആഗ്രഹിച്ച വേഷം ഖുഷ്ബുവിനു കിട്ടിയിട്ടില്ല. രാഷ്ട്രീയ ജീവിതത്തിലെ 10-ാം വര്‍ഷത്തില്‍, 50-ാം വയസ്സില്‍, ആ വേഷം പ്രതീക്ഷിച്ചാണ് അവര്‍ മൂന്നാമത്തെ പാര്‍ട്ടിയില്‍ ചേക്കേറുന്നതും. മൂന്നാമത്തെ ശ്രമത്തിലെങ്കിലും രാഷ്ട്രീയത്തില്‍ ആഗ്രഹിച്ച വേഷം താരത്തിനു ലഭിക്കുമോ? കാത്തിരുന്നുകാണാം.
https://www.facebook.com/Malayalivartha