ദേശീയ കായികതാരം നവ്യശ്രീയുടെ വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാകുന്നു
ദേശീയ കായികതാരം പയ്യാവൂര്‍ ചീത്തപ്പാറയിലെ നവ്യശ്രീയ്ക്ക് യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ജനകീയ കൂട്ടായ്മ വീട് നിര്‍മിച്ചു നല്കുന്നു. ഇപ്പോഴത്തെ വീട് പൊളിച്ച് സ്ഥലം നികത്തുന്ന പ്രവൃത്തിക്ക് തുടക്കമായി. കേരളത്തെ പ്രതിനിധീകരിച്ച് വിവിധ സംസ്ഥാനങ്ങളില്‍ നടന്ന വടംവലി മത്സരത്തില്‍ എന്നും മുന്‍നിരയില്‍ നിന്ന കായിക പ്രതിഭയ്ക്ക് സുരക്ഷിതമായൊരു വീടില്ലെന്ന് മാധ്യമങ്ങളില്‍ തുടര്‍ച്ചയായി വാര്‍ത്തകള്‍ വന്നതോടെയാണ് നാട് ഒറ്റക്കെട്ടായി മുന്നോട്ട് വന്നത്.
പഠനത്തില്‍ മിടുക്കിയായ നവ്യശ്രീ നെടുങ്ങോം ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു സയന്‍സ് വിദ്യാര്‍ഥിനിയാണ്. വീട് നന്നാക്കാന്‍ അധികൃതര്‍ക്ക് നിരവധി തവണ അപേക്ഷ നല്‍കിയിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ നിരസിക്കുകയായിരുന്നു. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെയാണ് കായിക താരത്തിന്റെ ജീവിത ദുരിതം നാടറിഞ്ഞത്. നിരവധി യുവാക്കളും നാട്ടുകാരും പ്രവര്‍ത്തനങ്ങള്‍ക്കായി ചീത്തപ്പാറയിലെത്തിയിരുന്നു. ദേശീയ വടംവലി മത്സരത്തില്‍ ചാംപ്യനായും, ടീം ക്യാപ്റ്റനായും നവ്യശ്രീ ശ്രദ്ധിക്കപ്പെട്ടിരുന്നു.
നിലവിലുള്ള വീട് പൊളിച്ചു മാറ്റി അതേ സ്ഥലത്താണ് പുതിയ വീട് നിര്‍മിക്കുന്നത്. നാട്ടുകാരും, പൊതു പ്രവര്‍ത്തകരും ഒറ്റക്കെട്ടായി ജനകീയ കമ്മിറ്റിക്ക് രൂപം നല്‍കുകയും വീട് നിര്‍മാണത്തിനായി മുന്നോട്ട് വരികയുമായിരുന്നു. ജിത്തു തോമസ്, കെ.പി. ലിജേഷ്, രജീഷ് അമ്പാടന്‍, ബിജു എസ് നായര്‍, അന്‍സില്‍ വാഴപ്പള്ളി, ഇസ്മായില്‍, വിജില്‍ മോഹനന്, ഡാനിഷ്, ആന്റോ മുണ്ടാനൂര്‍ തുടങ്ങിയവര്‍ പ്രവൃത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.
https://www.facebook.com/Malayalivartha