മൂന്നുവര്‍ഷം നീണ്ട 'ജയില്‍ ജീവിതം' കഴിഞ്ഞ് ബ്രൂണിയും ബ്രൂണോയും റാണിയും വെള്ളിയാഴ്ച പുറത്തിറങ്ങും. ജയിലില്‍നിന്ന് ആരാകും തങ്ങളെ കൂട്ടിക്കൊണ്ടുപോകുക എന്നത് അവര്‍ക്കറിയില്ല. പക്ഷേ, വെള്ളിയാഴ്ച മുതല്‍ ഏതെങ്കിലും വീട്ടിലായിരിക്കും മൂവരുടെയും ജീവിതം. എറണാകുളം ജില്ലാ ജയിലില്‍ കഴിയുന്ന ഡോബര്‍മാന്‍ ഇനത്തില്‍പ്പെട്ട ബ്രൂണിയും ജര്‍മന്‍ ഷെപ്പേഡ് ഇനമായ ബ്രൂണോയും ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട റാണിയും കാത്തിരിക്കുകയാണ്, പുതിയ ഗൃഹജീവിതത്തിനായി...

മൂന്നുവര്‍ഷം മുമ്പ് മുന്‍ ജയില്‍ മേധാവി ഋഷിരാജ് സിങ്ങാണ് ആറുമാസം പ്രായമുള്ള ഈ നായക്കുട്ടികളെ എറണാകുളം ജില്ലാ ജയിലില്‍ കൊണ്ടുവന്നത്. പോലീസ് സേനാ പരിശീലനത്തിന് അയയ്ക്കാതെ മൂന്നുപേരെയും ജയിലില്‍ത്തന്നെ വളര്‍ത്തുകയായിരുന്നു. വലിയ സൗഹൃദത്തിലായിരുന്നു മൂവരും. ഇവ വളര്‍ന്നതോടെ പരിപാലനം ബുദ്ധിമുട്ടായി.
ഇതിനിടെ ഇവരെ പരിപാലിച്ചിരുന്ന ഉദ്യോഗസ്ഥന്‍ സ്ഥലംമാറിപ്പോയി. ഇതോടെയാണ് മൂവരെയും ലേലം ചെയ്ത് വില്‍ക്കാന്‍ ജയില്‍ വകുപ്പ് തീരുമാനിച്ചത്. വെള്ളിയാഴ്ച മൂന്നുമണിക്കാണ് ലേലം. ഇതിന്റെ അറിയിപ്പ് വന്ന ദിനംതന്നെ 200-ലേറെപ്പേര്‍ ഏറ്റെടുക്കാന്‍ താത്പര്യം കാണിച്ച് വിളിച്ചിരുന്നു.
ജയിലില്‍ മൂന്ന് മുറികളുള്ള കൂട് ഇവര്‍ക്കുണ്ടായിരുന്നു. ഭക്ഷണമായി ദിവസവും കോഴിയിറച്ചിയും ഡോഗ് ഫുഡും. ഇറച്ചി പാകം ചെയ്യാന്‍ പ്രത്യേക ഗ്യാസ് അടുപ്പുവരെ സജ്ജീകരിച്ചിരുന്നു. ദിവസവും രാവിലെ ആറിന് വ്യായാമത്തോടെയാണ് ഇവരുടെ ദിനം ആരംഭിക്കുന്നത്. ഇവരെ വ്യായാമം ചെയ്യിപ്പിക്കാന്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം മൃഗസ്നേഹികളായ തടവുകാരും കൂടും.
''മൂന്നുപേരും വലിയ ശൗര്യക്കാരാണ്. എന്നാല്‍ കാക്കിയിട്ടവരെ കണ്ടാല്‍ അനുസരണക്കാരാകും. കാക്കിയിടാതെ വന്നാല്‍ ചിലപ്പോള്‍ ഉദ്യോഗസ്ഥരുടെ നേര്‍ക്കുപോലും കുരച്ചുചാടും. ജയിലില്‍ ഇവര്‍ ഉള്ളത് ഒരര്‍ത്ഥത്തില്‍ വലിയ സുരക്ഷ തന്നെയായിരുന്നു'' - പ്രിസണ്‍ ഓഫീസര്‍ വി.ടി. പ്രദീപനും അസി. പ്രിസണ്‍ ഓഫീസര്‍ പി. റോഷ്‌ലാലും പറഞ്ഞു.
കെന്നല്‍ ക്ലബ്ബിന്റെ രജിസ്‌ട്രേഷനും ഹെല്‍ത്ത് കാര്‍ഡുമൊക്കെയുള്ള ഇവര്‍ക്ക് കൃത്യമായ വാക്‌സിനേഷനും നല്‍കിയിട്ടുണ്ട്. ലേലത്തില്‍ സ്വന്തമാക്കുന്നവര്‍ക്ക് അപ്പോള്‍ത്തന്നെ ഇവരെ കൊണ്ടുപോകാമെന്ന് ജയില്‍ സൂപ്രണ്ട് അഖില്‍ എസ്. നായര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha