ഉമ്മന്‍ചാണ്ടി ഉടനെ പരിഹാരം കണ്ടു സര്‍ക്കാര്‍ ചെലവില്‍ സി.പി.എം...പ്രതിപക്ഷത്തിന്റെ തന്തയ്ക്ക് വിളിക്കുന്നു

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്കപരിപാടി വലിയ വിജയമായിരുന്നു. രാവിലെ മുതല്‍ അടുത്ത ദിവസം രാവിലെ വരെ ഊണും ഉറക്കവും ഉപേക്ഷിച്ച് നിന്നാണ് അദ്ദേഹം ജനങ്ങളുടെ പരാതികള്‍ കേട്ടതും പരിഹാരം കണ്ടതും. അന്ന് അതിനെ പരസ്യമായി പരിഹസിക്കുകയും എതിര്‍ക്കുകയും ചെയ്തിരുന്നവരാണ് സി.പി.എം നേതാക്കള്‍. വില്ലേജ് ഓഫീസര്‍മാരുടെ പണി മുഖ്യമന്ത്രി നേരിട്ട് ചെയ്യുന്നു. ഉദ്യോഗസ്ഥരെ കൊണ്ട് പണിയെടുപ്പിക്കാതെ മുഖ്യമന്ത്രി നേരിട്ടിറങ്ങി അവരുടെ പണിയെടുക്കുകയാണെന്ന് ആക്ഷേപിച്ചു. അതേ സി.പി.എം നേതൃത്വം നല്‍കുന്ന സര്‍ക്കാരിലെ മന്ത്രിമാരെല്ലാം ജനങ്ങളെ കാണാനായി കാരവനില്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. നവകേരള സദസ്സിനെത്തുന്ന ജനങ്ങള്‍ക്ക് മുഖ്യമന്ത്രിയേയും മന്ത്രിമാരെയും നേരിട്ട് കാണാന്‍ പോലും കഴിയില്ല. കൗണ്ടറിലെത്തി പരാതി നല്‍കി മടങ്ങാം. 45 ദിവസത്തിനകം പരിഹാരം കാണുമെന്നാണ് പറയുന്നത്.
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ആര്‍ക്കും നേരിട്ട് കണ്ട് പരാതി നല്‍കാനും കാര്യങ്ങള്‍ ബോധ്യപ്പെടുത്താനും കഴിയുമായിരുന്നു. ഉമ്മന്‍ചാണ്ടിയെ പരിഹസിച്ച ശേഷം അദ്ദേഹം നടത്തിയ ജനസമ്പര്‍ക്ക പരിപാടി മറ്റൊരു രീതിയില്‍ നടത്തുകയാണ് സി.പി.എം നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ചെയ്യുന്നത്. സര്‍ക്കാര്‍ പരിപാടി സി.പി.എം പരിപാടിയാക്കി മാറ്റുകയും ചെയ്യുന്നു. ജനപ്രതിനിധികളല്ലാത്ത ഇ.പി ജയരാജനും പി.കെ ശ്രീമതി ടീച്ചറും അടക്കമുള്ളവര്‍ നവകേരള സദസ്സിന്റെ ഭാഗമാകുന്നത് എങ്ങനെയാണ്. അതുകൊണ്ടാണ് സര്‍ക്കാര്‍ ചെലവില്‍ പ്രതിപക്ഷത്തിന്റെ തന്തയ്ക്ക് വിളിക്കുന്ന പരിപാടിയായി നവകേരള സദസ്സ് തരംതാഴ്‌ന്നെന്ന് കെ.മുരളീധരന്‍ എം.പി ആരോപിച്ചത്. ചെലവ് ഒഴിവാക്കാനാണ് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും കാരവന്‍ പോലുള്ള ബസ്സില്‍ പോകുന്നതെന്ന് പറയുന്നു. എന്നാല്‍ ഈ ബസ്സിന് മുന്നിലും പുറകിലും അകമ്പടിക്ക് അടക്കം എത്ര വാഹനങ്ങളാണ് ഉള്ളതെന്ന് എണ്ണിനോക്കണം. അന്നേരമറിയാം ചെലവ് ഇരിട്ടായോ എന്ന്.
മുഖ്യമന്ത്രിയുടെയോ, മന്ത്രിമാരുടെ കയ്യില്‍ നേരിട്ട് നിവേദനം പോലും കൊടുക്കാനായില്ലെങ്കില്‍ പിന്നെ നവകേരള സദസ്സ് കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത്. സി.പി.എമ്മുകാരുടെയും അവരുടെ പ്രാദേശിക ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സമ്മര്‍ദ്ദവും ഭീഷണിയും കൊണ്ടാണ് ഭൂരിപക്ഷം പേരും നവകേരള സദസ്സിനെത്തുന്നതെന്ന് പരക്കെ ആക്ഷേപമുണ്ട്. എത്തുന്നവരിലേറെയും തൊഴിലുറപ്പ് തൊഴിലാളികള്‍, അങ്കണവാടി ഹെല്‍പ്പര്‍മാര്‍, ഹരിതകര്‍മസേന പ്രവര്‍ത്തകര്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവരാണ്. പരിപാടിയില്‍ പങ്കെടുത്തില്ലെങ്കില്‍ പ്രത്യഘാതം എന്തായിരിക്കുമെന്ന് വാട്‌സാപ്പിലൂടെ നടത്തിയ ഭീഷണിയും പറത്തുവന്നിരുന്നു. അതുകൊണ്ട് ഈ പരിപാടി കൊണ്ട് സാധാരണ ജനങ്ങള്‍ക്കോ, സംസ്ഥാനത്തിനോ എന്ത് നേട്ടാണ് ലഭിക്കുന്നതെന്ന് അറിയില്ല. സാധാരണ സര്‍ക്കാര്‍ പരിപാടികളില്‍ രാഷ്ട്രീയം പറയാറില്ല. എന്നാല്‍ ഇവിടെ അത് മാത്രമാണ് ചര്‍ച്ച ചെയ്യുന്നത്. പ്രതിക്ഷം ദുഷ്ടലാക്കോടെ പ്രവര്‍ത്തിക്കുകയാണെന്ന് വരെ മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ആദ്യ ദിനം ആയിരത്തിലധികം പരാതികളാണ് ലഭിച്ചത്. ഇതിനൊക്കെ പരിഹാരം കാണാനായില്ലെങ്കില്‍ സര്‍ക്കാരിനും സി.പി.എമ്മിനും വലിയ തിരിച്ചടിയായിരിക്കും നേരിടേണ്ടിവരുക. ഉമ്മന്‍ചാണ്ടി ജനസമ്പര്‍ക്ക പരിപാടി നടത്തിയ കാലത്ത് ഓരോ ദിവസത്തെ പരാതികളും തീര്‍പ്പ് കല്‍പ്പിച്ചവയും പുറത്ത് വിട്ടിരുന്നു. വലിയ നിയമപ്രശ്‌നം ഇല്ലാത്തവ ഒഴികെയുള്ള പരാതികളെല്ലാം ഉടനടി പരിഹരിച്ചിരുന്നു. അതുകൊണ്ടാണ് അദ്ദേഹം അന്തരിച്ചപ്പോള്‍ ജനം ഒഴുകിയെത്തിയത്.
പ്രതിപക്ഷം ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ നവകേരള സദസ്സുമായി സഹകരിക്കുന്നില്ല എന്നതും സര്‍ക്കാരിന് തിരിച്ചടിയാണ്. തദ്ദേശ സ്ഥാപനങ്ങളിലെ തനത്ഫണ്ടില്‍ നിന്ന് പണം നല്‍കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. എന്നാല്‍ നയാപൈസ തരില്ലെന്ന് കണ്ണൂര്‍ നഗരസഭ അടക്കം വ്യക്തമാക്കി കഴിഞ്ഞു. കേന്ദ്ര-സംസ്ഥാന പദ്ധതികളടക്കമുള്ള നിരവധി കാര്യങ്ങള്‍, സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി, സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണം തുടങ്ങിയ നിരവധി കാര്യങ്ങളില്‍ തീരുമാനം എടുക്കാനുള്ളപ്പോഴാണ് സര്‍ക്കാര്‍ സംവിധാനം മുഴുവനും ഉപയോഗിച്ച് നവകേരള സദസ്സ് നടത്തുന്നത്. അതും ഒരു മാസത്തോളം പരിപാടി നീണ്ട് നില്‍ക്കും. അതിലൂടെ ഉണ്ടാകുന്ന സാമ്പത്തിക-സമയ നഷ്ടങ്ങളെ കുറിച്ച് ഭരണനേതൃത്വം ചിന്തിക്കുന്നേയില്ല. സര്‍ക്കാരിനെയും മന്ത്രിമാരെയും ഉപദേശിക്കുന്നത് ആരാണെങ്കിലും അവര്‍ക്ക് സംസ്ഥാനത്തിന്റെ വികസനത്തെ കുറിച്ച് യാതൊരു ദീര്‍ഘവീക്ഷണവുമില്ല. ഉണ്ടായിരുന്നെങ്കില്‍ ഇത്രയും വലിയ ധനപ്രതിസന്ധി ഉള്ളപ്പോള്‍ ഇതുപോലുള്ള പരിപാടികള്‍ നടത്തുമോ? അതേസമയം ഹഡില്‍ പോലെയുള്ള അന്താരാഷ്ട്ര സ്റ്റാര്‍ട്ടപ്പ് പരിപാടികള്‍ നടത്തിയത് വലിയ നേട്ടമാണ്. പക്ഷെ, അത് വേണ്ടരീതിയില്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ സര്‍ക്കാരിനായില്ല.
ഒരു മാസത്തോളം മുഖ്യമന്ത്രിയും മന്ത്രിമാരും ഭരണസിരാകേന്ദ്രത്തില്‍ നിന്ന് മാറി നില്‍ക്കുക എന്ന് പറയുമ്പോള്‍ ഭരണം നിശ്ചലം എന്നാണ് അര്‍ത്ഥമാക്കുന്നത്. മുഖ്യമന്ത്രിയും അതത് ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരും പങ്കെടുക്കുന്ന രീതിയില്‍ നവകേരള സദസ്സ് സംഘടിപ്പിച്ചിരുന്നെങ്കില്‍ ഇത്രയും ചെലവുണ്ടാകുമായിരുന്നില്ല. ഒരോ ജില്ലകളിലെയും അല്ലെങ്കില്‍ നിയമസഭാ മണ്ഡലങ്ങളിലെയും പരിപാടികള്‍ തമ്മില്‍ ഇടവേളകളും അനിവാര്യമായിരുന്നു. ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടും സര്‍ക്കാരും സി.പി.എമ്മും മുഖ്യമന്ത്രിയും നേരിടുന്ന ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധതിരിച്ച് മുഖച്ഛായ വീണ്ടെടുക്കാനുള്ള ശ്രമം മാത്രമാണ് നവകേരള സദസ്സ്. അതിന് വേണ്ടി പണവും സമയവും പാഴാക്കുന്നു. ക്ഷേമപെന്‍ഷന്‍, ലൈഫ് പദ്ധതി, മെച്ചപ്പെട്ട പൊതുവിതരണ സംവിധാനം തുടങ്ങി സാധാരണക്കാരന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള കാര്യങ്ങള്‍ മാത്രം ചെയ്താല്‍ ജനമനസ്സില്‍ ഇടംനേടാന്‍ സര്‍ക്കാരിന് കഴിയും. എന്നാല്‍ അതിന് തയ്യാറാകാതെ ഇമ്മാതിരി ആള്‍ക്കൂട്ട പരിപാടികള്‍ സംഘടിപ്പിക്കുന്നതിന്റെ യുക്തി എന്താണെന്ന് ആലോചിച്ചിട്ട് എത്തും പിടിയും കിട്ടുന്നില്ല.
https://www.facebook.com/Malayalivartha