ഇന്ന് പത്താമുദയം: നടക്കാതെ പോയ എല്ലാ കാര്യങ്ങളും മുഹൂര്‍ത്തം നോക്കാതെ ഇന്നു നടത്താം
മേടമാസത്തിലെ പത്താം ദിവസമാണ് 'പത്താമുദയം'. മേടമാസം പത്താംതീയതി സൂര്യന്‍ ഉച്ചം പ്രാപിക്കുന്ന ദിവസമാകയാല്‍ ജ്യോതിഷപ്രകാരവും ഈദിനത്തിന് പ്രാധാന്യമെറെയാണ്. കേരളത്തിന്റെ ആയിരത്താണ്ട് പഴക്കമുള്ള അനുഷ്ഠാന ദിനാചാരമാണ് പത്താമുദയം.
ശുഭകാരകമായ, കാര്‍ഷിക പ്രാധാന്യമുള്ള ദിവസമാണ് പത്താമുദയം. നല്ല മുഹൂര്‍ത്തമില്ലാത്തതുകൊണ്ട് നടക്കാതെ പോയ കാര്യങ്ങളും മാറ്റിവെച്ച കാര്യങ്ങളും മുഹൂര്‍ത്തം നോക്കാതെ പത്താമുദയം നാളില്‍ നടത്താറുണ്ട്.
മേടം തുലാം മാസങ്ങളിലെ പത്താമത്തെ ദിവസത്തെയാണ് പത്താമുദയം എന്നും, പത്താത എന്നും പറയാറുള്ളത്. മേടവിഷു തുലാവിഷു എന്ന് വിഷു രണ്ടുള്ളതു പോലെ പത്താമുദയവും രണ്ടുണ്ട്. പക്ഷെ, തുലാത്തിലെ പത്താമുദയം തുലാപ്പത്ത് എന്ന പേരിലാണ് പ്രസിദ്ധം. അതുകൊണ്ട് പത്താമുദയം എന്നു പറയുമ്പോള്‍ പൊതുവേ വിവക്ഷിക്കുന്നത് മേടപ്പത്ത് ആണ്. വിഷുവിന്റെ പ്രാധാന്യം പത്താമുദയം വരെ നില നില്‍ക്കും. കര്‍ഷകന്‍ വിത്തിറക്കുക പത്താമുദയം നാളിലാണ്. അപ്പോഴേക്കും ഒന്നു രണ്ട് വേനല്‍ മഴ കിട്ടി പാടവും പറമ്പും കുതിര്‍ന്നിരിക്കും.
പണ്ടുള്ളവര്‍ പത്താമുദയനാളില്‍ പുലരും മുന്‍പേ എഴുന്നേറ്റ് കണികാണുകയും , കന്നുകാലികളെ ദീപം കാണിക്കുകയും ചെയ്യുന്ന പതിവുണ്ടായിരുന്നു. വയനാട്ടിലെ കുറിച്യര്‍ പത്താമുദയത്തിനാണ് ആയോധന കലകളുടെ പ്രദര്‍ശനം നടത്താറുള്ളത്. പത്താമുദയം നാളില്‍ ചിലയിടങ്ങളില്‍ വെള്ളിമുറം കാണിക്കുക എന്നൊരു ചടങ്ങ് നടത്താറുണ്ട്. ഉണക്കലരി പൊടിച്ച് തെള്ളി പൊടിയാക്കിയത് മുറത്തിലാക്കി സ്ത്രീകള്‍ ഉദയ സൂര്യനെ ലക്ഷ്യമാക്കി കിഴക്കോട്ട് തിരിഞ്ഞ് വിളക്ക് കൊളുത്തി മുറ്റത്ത് വെക്കുന്നു.
ഉദയം കഴിഞ്ഞാല്‍ ഈ അരിപ്പൊടി എടുത്ത് പലഹാരമുണ്ടാക്കി പ്രസാദമായി കഴിക്കുന്നു. ആദിത്യപ്രീതിക്കായി നടത്തുന്ന ഈ ചടങ്ങ് ചില ക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ കൂട്ടത്തോടെ നടത്താറുണ്ട്. മുറങ്ങള്‍ക്കു പകരം താലമാണ് ഉപയോഗിക്കുക. മുമ്പത്തെ കേരളത്തില്‍ തുലാപ്പത്ത് മുതല്‍ മേടപ്പത്തുവരെ കര്‍ഷകര്‍ക്കും നായാട്ട്കാര്‍ക്കും ഉത്സവകാലമായിരുന്നു സമൃദ്ധിയുടെ കാലമായിരുന്നു.
ഈശ്വരാരാധനയുടേയും കാര്‍ഷിക സംസ്‌കൃതിയുടേയും അര്‍ത്ഥനിര്‍ഭരമായ അനേകം ദര്‍ശനങ്ങള്‍ മേടമാസത്തിലെയും തുലാമാസത്തിലേയും പത്താമുദയത്തിന്റെ ചടങ്ങുകളില്‍ കാണാം. വടക്കന്‍ കേരളത്തിലാണ് കൂടുതലായും ഇതിനോടനുബന്ധമായ ചടങ്ങുകള്‍ കൂടുതലായി കാണപ്പെടുന്നത്.
സൂര്യോദയത്തിനു മുമ്പേ കുളിച്ച് കുറിയഞ്ചും വരച്ച് തറവാട്ട് കാരണവരും തറവാട്ടമ്മയും മുറ്റത്ത് നിലവിളക്കും നിറനാഴിയുമായി കാത്തുനില്‍ക്കും. ചരാചര ജീവകാരനായ പകല്‍വാഴുന്ന പൊന്നുതമ്പുരാന്‍ കിഴക്കു ദിക്കില്‍ ഉദിച്ചു പൊങ്ങുമ്പോള്‍ മന്ത്രമുഖരിതമായ അന്തരീക്ഷത്തില്‍ വാല്‍ക്കിണ്ടിയില്‍ നിന്ന് വെള്ളം ജപിച്ചെറിഞ്ഞും ഇരുകയ്യിലും ഉണക്കലരി വാരിയെടുത്തെറിഞ്ഞ് അരിയിട്ടെതിരേറ്റും പത്താമുദയത്തെ തറവാട്ടിനകത്തേക്ക് നിലവിളക്കിലൂടെ പൂജാമുറിയിലേക്ക് ആനയിക്കും. അന്നുതൊട്ട് തറവാട്ടില്‍ നവോത്സാഹമാണ് കളിയാടുക.
കാറുമൂടാത്ത പത്താമുദയം നാടിനും വീടിനും സമ്പല്‍സമൃദ്ധിയാണ് സമ്മാനിക്കുന്നതത്രേ. പൊതുവേ ജ്യോതിഷപ്രകാരം ഈദിവസം എല്ലാ ശുഭകര്‍മ്മങ്ങള്‍ക്കും ഉത്തമമാണ്.
https://www.facebook.com/Malayalivartha