വോട്ടര്‍ പട്ടികയില്‍ ഒന്നിലധികം തവണ പേര് ചേര്‍ത്തവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദ്ദേശം

മണ്ഡലാടിസ്ഥാനത്തിലുള്ള നിയമസഭാ വോട്ടര്‍ പട്ടികയില്‍ ഒന്നിലധികം തവണ പേര് ചേര്‍ത്തവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു.ഖേല്‍ക്കര്‍ നിര്‍ദ്ദേശിച്ചു. രജിസ്ട്രേഷന് ഓഫീസര്‍മാരോടും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരായ ജില്ലാ കളക്ടര്മാരോടുമാണ് സൂക്ഷ്മ പരിശോധന നടത്താന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്
ജനപ്രാതിനിധ്യ നിയമപ്രകാരം ഒന്നിലധികം നിയമസഭാ മണ്ഡലങ്ങളിലോ, ഒരു നിയമസഭാ മണ്ഡലത്തില്‍ ഒന്നിലധികം തവണയോ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നത് ശിക്ഷാര്‍ഹമാണ്.
ഒരുവര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. നിലവില്‍ ഇത്തരത്തില്‍ ആരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍, സ്ഥിരം താമസമില്ലാത്ത സ്ഥലത്തെ വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണം. ഇതിനായി തിരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടേഴ്സ് പോര്‍ട്ടലില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസറുടെയോ, ബൂത്ത് ലെവല്‍ ഓഫീസറുടെയോ സഹായവും തേടാവുന്നതാണ്. ഒരു സ്ഥലത്ത് നിന്ന് താമസം മാറുമ്പോള്‍, വോട്ടര്‍ പട്ടികയില്‍ നിന്ന് പുതിയ സ്ഥലത്തേക്ക് പേര് മാറ്റാന്‍ ഫോം 8ല്‍ അപേക്ഷ നല്‍കേണ്ടതാണ്. അല്ലാതെ, പുതിയ സ്ഥലത്ത് ഫോം 6ല്‍ വിവരങ്ങള്‍ ബോധപൂര്‍വം മറച്ചുവച്ച് പുതിയ അപേക്ഷ നല്‍കുന്നത് കുറ്റകരവുമാണ്.
"
https://www.facebook.com/Malayalivartha
























