സച്ചിന്‍ തിരഞ്ഞ, ബാറ്റിംഗിലെ പിഴവിന്റ കാരണം കണ്ടെത്തി 'തിരുത്താന്‍ ' സഹായിച്ച കാപ്പിക്കാരന്‍ ആരാധകനെ കണ്ടെത്തി!

വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു ഹോട്ടല്‍ മുറിയിലേക്ക് തനിക്ക് കാപ്പിയുമായി വന്ന് തന്റെ ബാറ്റിങ് ടെക്‌നിക്കിലെ പിഴവു തിരുത്തിയ ആ 'അപരിചിതനെ' കണ്ടെത്തിത്തരാമോ എന്ന് ചോദിച്ചത് സാക്ഷാല്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറായിരുന്നു.
സംഭവം ഇങ്ങനെ: വര്‍ഷങ്ങള്‍ക്കു മുന്‍പു ചെന്നൈയില്‍ നടന്ന ഒരു ടെസ്റ്റ് മത്സരത്തിനായി താജ് ഹോട്ടലില്‍ താമസിക്കുകയായിരുന്നു സച്ചിന്‍. പരിശീലനത്തിനു ശേഷം സച്ചിന്‍ മുറിയിലേക്ക് ഒരു കാപ്പി ആവശ്യപ്പെട്ടു. കാപ്പിയുമായി എത്തിയ വെയ്റ്റര്‍ താന്‍ സച്ചിന്റെ വലിയ ആരാധകനാണെന്നും സച്ചിനുമായി ഒരു കാര്യം ചര്‍ച്ച ചെയ്യാനുണ്ടെന്നും പറഞ്ഞു. സച്ചിന്റെ ബാറ്റിങ് ശൈലിയില്‍ ചെറിയ ചില മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്നും അതിനു കാരണം സച്ചിന്‍ കൈമുട്ടിലിടുന്ന പാഡ് ( എല്‍ബോ ഗാര്‍ഡ്) ആണെന്നും അയാള്‍ പറഞ്ഞു.
വെയ്റ്ററുടെ നിരീക്ഷണം വാസ്തവമാണെന്നു സച്ചിനു മനസ്സിലായി. കൈമുട്ടിലിടുന്ന പാഡുകാരണം സച്ചിനു തന്റെ ബാറ്റിങ് ശൈലിയില്‍ മാറ്റം വരുത്തേണ്ടി വന്നിരുന്നു. ഇതു മനസ്സിലായതോടെ പാഡില്‍ ചില മാറ്റങ്ങള്‍ വരുത്തി പഴയ ശൈലിയിലേക്കു മടങ്ങാനും സാധിച്ചു.
ഇംഗ്ലിഷിലും തമിഴിലും സച്ചിന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. സച്ചിനെ സഹായിക്കാന്‍ ആരാധകര്‍ ഇറങ്ങിത്തിരിച്ചതോടെ സംഭവം വൈറലായി! 2017ല്‍ ഒരു ടെലിവിഷന്‍ അഭിമുഖത്തിലാണ് സച്ചിന്‍ ഇക്കാര്യം ആദ്യം വെളിപ്പെടുത്തിയത്.
സച്ചിന്റെ ചോദ്യത്തിന് തൊട്ടടുത്ത ദിവസം തന്നെ ഉത്തരം കിട്ടി. ചെന്നൈയിലെ താമസത്തിനിടെ സച്ചിനെ സഹായിച്ച ഗുരുപ്രസാദ് എന്ന ആ 'ഹോട്ടല്‍ വെയ്റ്ററെ', ഹോട്ടല്‍ ശ്യംഖലയായ താജ് ഹോട്ടല്‍സ് തന്നെ സച്ചിനു കണ്ടെത്തി കൊടുത്തു.
'ആ വെയ്റ്ററുടെ നിരീക്ഷണം കേട്ടപ്പോള്‍ എനിക്കാദ്യം കൗതുകമാണു തോന്നിയത്. പക്ഷേ അതു വളരെ കൃത്യമായിരുന്നു. അയാളുടെ നിരീക്ഷണം തുടര്‍ന്നുള്ള മത്സരങ്ങളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ എന്നെ സഹായിച്ചു. ഇപ്പോള്‍ അയാളെ വീണ്ടും കണ്ടെത്താനുള്ള ശ്രമത്തിലാണു ഞാന്‍ . നിങ്ങള്‍ക്കെന്നെ സഹായിക്കാമോ' -എന്നാണ് സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചത്.
ഇതിനു തൊട്ടടുത്ത ദിവസമാണ് താജ് ഹോട്ടല്‍സ് തന്നെ ആ ഹോട്ടല്‍ വെയ്റ്ററെ കണ്ടെത്തിയത്. ഇക്കാര്യം വെളിപ്പെടുത്തി അവര്‍ സച്ചിനെ ടാഗ് ചെയ്ത് ട്വീറ്റും ചെയ്തു:
'ചെന്നൈയില്‍ താമസത്തിനിടെ ഞങ്ങളുടെ സഹപ്രവര്‍ത്തകനുമായി കണ്ടുമുട്ടിയ പഴയ ഓര്‍മകള്‍ പങ്കുവച്ചതിന് ഹൃദ്യമായ നന്ദി സച്ചിന്‍. താജ് ഹോട്ടല്‍സിന്റെ പാരമ്പര്യത്തെ ഹൃദയത്തോടു ചേര്‍ത്തുപിടിക്കുന്ന ഈ സഹപ്രവര്‍ത്തകര്‍ ഞങ്ങളുടെ അഭിമാനമാണ്. (താങ്കള്‍ തിരയുന്ന) ആ വ്യക്തിയെ ഞങ്ങള്‍ കണ്ടെത്തിക്കഴിഞ്ഞു. നിങ്ങള്‍ ഇരുവരെയും വീണ്ടും പരിചയപ്പെടുത്തുന്നതില്‍ ഞങ്ങള്‍ക്കും അതിയായ സന്തോഷം' - താജ് ഹോട്ടല്‍സ് ട്വിറ്ററില്‍ കുറിച്ചു. ഗുരുപ്രസാദും സച്ചിനുമൊത്തുള്ള ചിത്രവും താജ് ഹോട്ടല്‍സ് പങ്കുവച്ചിട്ടുണ്ട്.
ഈ കഥയ്ക്ക് ഒരു ട്വിസ്റ്റുണ്ട്. ഗുരുപ്രസാദ് സത്യത്തില്‍ ഒരു ഹോട്ടല്‍ വെയ്റ്ററല്ല. 19 വര്‍ഷങ്ങള്‍ക്കു മുന്‍പ് ചെന്നൈയിലെ താജ് ഹോട്ടലില്‍ താമസിക്കാനെത്തിയ സച്ചിന്‍ ഉള്‍പ്പെടെയുള്ളവരുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന വ്യക്തിയാണ് അദ്ദേഹം. അന്ന് ഹോട്ടല്‍ വെയ്റ്ററുടേതിനു സമാനമായ യൂണിഫോമിലായതിനാലാകാം, സച്ചിന്‍ തന്നെ ഹോട്ടല്‍ വെയ്റ്ററായി തെറ്റിദ്ധരിച്ചതെന്ന് ഗുരുപ്രസാദ് പറയുന്നു. രണ്ടു പതിറ്റാണ്ടിനിപ്പുറവും തന്നെ സച്ചിന്‍ ഓര്‍മിക്കുന്നതിലെ അദ്ഭുതവും ഗുരുപ്രസാദ് മറച്ചുവയ്ക്കുന്നില്ല.
'ഹോട്ടല്‍ വെയ്റ്റര്‍മാരുടേതു പോലുള്ള യൂണിഫോമിലായതിനാലാകാം അന്ന് സച്ചിന്‍ എന്നെ ഹോട്ടല്‍ വെയ്റ്ററായി തെറ്റിദ്ധരിച്ചത്. അന്ന് ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പരയുടെ ഭാഗമായാണ് സച്ചിന്‍ ചെന്നൈയിലെത്തിയത്. സൂപ്പര്‍താരത്തെ കാണാനും ഒന്നു മിണ്ടാനും ലഭിച്ച സുവര്‍ണാവസരത്തില്‍ ഞാന്‍ അതീവ സന്തുഷ്ടനായിരുന്നു. സച്ചിന്‍ കൈമുട്ടിലിടുന്ന പാഡ് ( എല്‍ബോ ഗാര്‍ഡ്) അദ്ദേഹത്തിന്റെ കൈക്കുഴയുടെ സ്വാഭാവിക ചലനത്തെ തടസ്സപ്പെടുത്തുന്നുണ്ടെന്ന് ആ പ്രശ്‌നം പരിഹരിക്കണമെന്നുമാണ് അന്ന് ഞാന്‍ പറഞ്ഞത്. എന്നെ കേള്‍ക്കാന്‍ സച്ചിന്‍ കാട്ടിയ സൗമനസ്യം അന്നേ എന്നെ ഞെട്ടിച്ചിരുന്നു' - ഗുരുപ്രസാദ് ഓര്‍ത്തെടുത്തു.
'അക്കാലത്ത് ഞാനും സുഹൃത്തുക്കളും സച്ചിന്റെ ഒരു ഇന്നിങ്‌സ് പോലും കാണാതെ വിട്ടിരുന്നില്ല. ഞാനും സച്ചിനും ഏതാണ്ട് ഒരേ പ്രായമാണ്. അദ്ദേഹത്തിന്റെ മിക്ക ഇന്നിങ്‌സുകളും കാണാനുള്ള ഭാഗ്യവും ലഭിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ സച്ചിന്റെ ബാറ്റിങ് ശൈലി എനിക്ക് നല്ല പരിചയവുമായിരുന്നു. ആ പാഡ് ധരിച്ചതിനുശേഷം സച്ചിന്റെ ബാറ്റിങ്ങില്‍ എന്തോ ഒരു വ്യത്യാസം തോന്നിയിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ സംബന്ധിച്ച് കൈക്കുഴ വളരെ പ്രധാനപ്പെട്ടതാണ്. സച്ചിന്‍ മുതല്‍ വിരാട് കോലി വരെ കൈക്കുഴയെ വളരെയധികം ആശ്രയിക്കുന്നവരാണ്. പന്ത് കാലിലേക്കാണു വരുന്നതെങ്കിലും കൈക്കുഴയുടെ പ്രത്യേക ചലനത്തിലൂടെ അവരത് കൈകാര്യം ചെയ്യും. ഓഫ് സൈഡിലേക്കോ മിഡിലിലേക്കോ ആണു പന്തു വരുന്നതെങ്കിലും കൈക്കുഴയാണ് പന്തിനെ നേരിടാനുള്ള പ്രധാന ആയുധം. ചെറുതെങ്കിലും ക്രിക്കറ്റില്‍ ഇതു വളരെ പ്രധാനപ്പെട്ടൊരു സംഭവമാണ്' - സച്ചിന്റെ ബാറ്റിങ്ങിലെ പ്രശ്‌നം ഇതാണെന്ന് കണ്ടെത്തിയതെങ്ങനെ ചോദ്യത്തിന് മറുപടിയായി ഗുരുപ്രസാദ് വിശദീകരിച്ചു.
ഈ പ്രശ്‌നത്തേക്കുറിച്ച് വിശദീകരിച്ചപ്പോള്‍ 'എങ്ങനെയാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതെ'ന്ന് അന്ന് സച്ചിന്‍ തന്നോടു ചോദിച്ചെന്നും ഗുരുപ്രസാദ് വെളിപ്പെടുത്തുന്നു. 'സച്ചിന്‍ തെന്‍ഡുല്‍ക്കറിനെ ശ്രദ്ധിക്കാത്ത ഏത് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകനാണുള്ളത്?' - ഗുരുപ്രസാദ് ചോദിക്കുന്നു. ഇപ്പോള്‍ സച്ചിനുമായി വീണ്ടുമൊരു കണ്ടുമുട്ടലിനുള്ള അവസരം തുറക്കുമ്പോള്‍, ആകാംക്ഷയോടും അതിലേറെ ആവേശത്തോടും കാത്തിരിക്കുകയാണ് ഗുരുപ്രസാദ്.
https://www.facebook.com/Malayalivartha