റോഡ് സേഫ്റ്റി വേള്‍ഡ് സീരിസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് കിരീടം;സച്ചിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ശ്രീലങ്കയെ തകർത്തത് 14 റണ്‍സിന്
റോഡ് സേഫ്റ്റി വേള്‍ഡ് സീരിസ് ക്രിക്കറ്റ് കിരീടം ഇന്ത്യയ്ക്ക്. ശ്രീലങ്ക ലെജന്‍ഡ്സിനെ 14 റണ്‍സിന് കീഴടക്കിയാണ് സച്ചിന്റെ നേതൃത്വത്തില്‍ ഇന്ത്യ ലെജന്‍ഡ്സ് കിരീടം ഉയര്‍ത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ യുവരാജ് സിംഗിന്റെയും യൂസഫ് പത്താന്റെയും അര്‍ധ സെഞ്ചുറിയുടെ ബലത്തില്‍ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 181 എടുത്തിരുന്നു. 36 പന്തില്‍ അഞ്ച് സിക്സും നാല് ഫോറും ഉള്‍പ്പെടെ 62 റണ്‍സ് നേടി പുറത്താകാതെ നിന്ന പത്താനാണ് ടോപ് സ്കോറര്‍. യുവരാജ് 41 പന്തില്‍ നാല് സിക്സും നാല് ഫോറും ഉള്‍പ്പെടെ 60 റണ്‍സ് അടിച്ചു കൂട്ടി. സച്ചിന് 23 പന്തില്‍ 30 റണ്‍സും നേടി.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ ശ്രീലങ്കയ്ക്ക് ഓപ്പണറുമാരായ ദില്‍ഷനും ജയസൂര്യയും മികച്ച തുടക്കമാണ് കുറിച്ചത്. 62 റണ്‍സിലാണ് ശ്രീലങ്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. 21 റണ്‍സ് നേടിയ നായകന് ദില്‍ഷനാണ് ആദ്യം പവലിയന് കയറിയത്.
ജയസൂര്യ (43), ജയസിന്ഹെ (40), വീരരത്നെ (38) എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവച്ചു. എന്നാല്‍ തുടര്‍ച്ചയായ വിക്കറ്റ് നഷ്ടം ശ്രീലങ്കയെ പരാജയത്തിലേക്കു വീഴ്ത്തി. ശ്രീലങ്കയ്ക്ക് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് എടുക്കാനെ സാധിച്ചൂള്ളു.ഇന്ത്യയ്ക്കായി യൂസഫ് പത്താനും ഇര്ഫാന് പത്താനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഗോണിക്കും മുനാഫ് പട്ടേലിനും ഓരോ വിക്കറ്റ് വീതവും ലഭിച്ചു.
https://www.facebook.com/Malayalivartha