ഹോർമുസിൽ വീണ്ടും കപ്പലിന് നേരെ ആക്രമണം, യുഎഇ കപ്പലിലെ 11 പേർക്ക് പരിക്ക്, ഒരാളെ കാണാതായി, കുവൈത്തിലെ അമേരിക്കൻ സൈനിക താവളവും ഇറാന്റെ ലക്ഷ്യത്തിൽ, ഗൾഫ് മേഖലയിൽ വീണ്ടും യുദ്ധഭീതി

ഗൾഫ് മേഖലയിൽ വീണ്ടും ആശങ്കയുടെ മുൾമുനയിൽ ലോകം. ഹോർമുസ് കടലിടുക്കിൽ യുഎഇ കപ്പലിന് നേരെ ആക്രമണം. കപ്പലിലുണ്ടായിരുന്ന 11 പേർക്ക് പരിക്കേറ്റു. ഒരാളെ കാണാതായി. അതേസമയം കുവൈത്തിലെ അമേരിക്കൻ സൈനിക താവളത്തിന് നേരെയും ഇറാന്റെ ഡ്രോൺ ആക്രമണം. പശ്ചിമേഷ്യയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്.
ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന യുഎഇ കപ്പലിന് നേരെയുണ്ടായ ആക്രമണ വിവരം അബുദാബി ആസ്ഥാനമായുള്ള എണ്ണക്കമ്പനിയായ അഡ്‌നോക് സ്ഥിരീകരിച്ചു. ആക്രമണത്തിൽ പരിക്കേറ്റ 11 ജീവനക്കാരെ അടിയന്തര ചികിത്സയ്ക്കായി മാറ്റി. കാണാതായ ജീവനക്കാരനായി തിരച്ചിൽ തുടരുകയാണ്. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റതല്ല, 11 പേർക്കാണ് പരിക്കേറ്റതെന്നതാണ് ശ്രദ്ധേയം.
ഇതിനിടെയാണ് കുവൈത്തിലെ അലി അൽ സലേം വ്യോമത്താവളത്തിന് നേരെ ഡ്രോൺ ആക്രമണം നടത്തിയതായി ഇറാൻ സൈന്യം അവകാശപ്പെട്ടത്. അമേരിക്കൻ സൈന്യം ഉപയോഗിക്കുന്ന ഈ താവളത്തിലെ മിസൈൽ, ഡ്രോൺ സംവിധാനങ്ങളാണ് ലക്ഷ്യമിട്ടതെന്നാണ് ഇറാന്റെ വിശദീകരണം. എന്നാൽ ആക്രമണങ്ങളെ വ്യോമപ്രതിരോധ സംവിധാനങ്ങൾ തടഞ്ഞതായി കുവൈത്ത് സൈന്യം അറിയിച്ചു.
ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതവും ഗൾഫ് രാജ്യങ്ങളിലെ സൈനിക കേന്ദ്രങ്ങളും ഒരേസമയം ഭീഷണി നേരിടുന്ന സാഹചര്യം മേഖലയിലെ ആശങ്ക വർധിപ്പിക്കുകയാണ്. ലോകത്തെ പ്രധാന എണ്ണക്കടത്ത് പാതകളിലൊന്നായ ഹോർമുസിൽ സംഘർഷം നീണ്ടുപോയാൽ ആഗോള എണ്ണവിപണിയെയും വ്യാപാരത്തെയും അത് ബാധിച്ചേക്കാം.
https://www.facebook.com/Malayalivartha
























