സ്കൂൾബാഗിന്റെ ഭാരംകുറയ്ക്കൽ... വിഷയം ചർച്ചചെയ്യാൻ അടുത്തയാഴ്ച ഉന്നതതലയോഗം ചേരും....

സ്കൂൾബാഗിന്റെ ഭാരംകുറയ്ക്കാൻ സർക്കാരിനുമുന്നിലുള്ളത് രണ്ടു വിദഗ്ധ റിപ്പോർട്ടുകളാണ്. എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്തെ എസ്.സി.ഇ.ആർ.ടി. പഠനറിപ്പോർട്ടും ബാലാവകാശ കമ്മിഷൻ സമർപ്പിച്ച റിപ്പോർട്ടുമാണവ. വിഷയം ചർച്ചചെയ്യാനായി അടുത്തയാഴ്ച ഉന്നതതലയോഗം ചേരുകയും ചെയ്യും. ദേശീയ മാനദണ്ഡവും എൻ.സി.ഇ.ആർ.ടി.യുടെ സ്‌കൂൾബാഗ് നയവും പരിഗണിച്ചാവും പരിഷ്‌കാരമെന്ന് വ്യക്തമാക്കി അധികൃതർ.
ടൈംടേബിൾ ക്രമീകരണമാണ് രണ്ടു റിപ്പോർട്ടുകളിലെയും പ്രായോഗിക നിർദേശമുള്ളത്. എൽ.പി.യിൽ നാലും യു.പി., ഹൈസ്‌കൂൾതലങ്ങളിൽ പത്തും ഹയർസെക്കൻഡറിയിൽ ആറും വിഷയങ്ങളാണ് പഠിക്കാനുള്ളത്. ദിവസം എട്ടു പീരിയഡുകളിലായി ഏഴോ എട്ടോ വിഷയങ്ങളാണ് പഠിപ്പിക്കുന്നത്. ഇതിനുപകരം മൂന്ന്, നാല് വിഷയങ്ങൾ മാത്രമാക്കി ടൈംടേബിൾ പുനഃക്രമീകരിച്ച് പുസ്തകങ്ങളുടെ എണ്ണം പകുതിയാക്കാം. ഇതു നടപ്പാക്കാൻ മോഡൽ ടൈംടേബിൾ തയ്യാറാക്കി പൊതുവിദ്യാഭ്യാസ വകുപ്പിന് കൈമാറിയിരിക്കുകയാണ് ബാലാവകാശ കമ്മിഷൻ. ഇതു നടപ്പാക്കാൻ സാമ്പത്തികബാധ്യതയില്ല.
നിലവിലെ 200 പേജിനുപകരം 120 പേജിന്റെ നോട്ട്ബുക്കാണ് കമ്മിഷൻ ശുപാർശ ചെയ്യുന്നത്. പല വിഷയങ്ങൾക്കുമായി സംയോജിത നോട്ട് ബുക്ക് ആവാമെന്നാണ് എസ്.സി.ഇ.ആർ.ടിയുടെ നിർദേശമുള്ളത്. ക്ലാസ് റൂം പഠനത്തിന് പാഠപുസ്തകങ്ങളുടെ ഇ-പതിപ്പ് നിർദേശിച്ചിട്ടുണ്ടെങ്കിലും, വിദ്യാർഥികൾക്ക് ടാബ് ഉൾപ്പെടെയുള്ള ഡിജിറ്റൽ ഉപകരണങ്ങൾ ലഭ്യമാക്കേണ്ടതായി വരും.
https://www.facebook.com/Malayalivartha
























