സയ്യിദ് മുഷ്താഖ് അലി ട്വന്റി 20 ടൂർണ്ണമെന്റ്... കരുത്തരായ മഹാരാഷ്ട്രയ്ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം, എം ഡി നിധീഷാണ് പ്ലെയർ ഓഫ് ദി മാച്ച്

സയ്യിദ് മുഷ്താഖ് അലി ട്വന്റി 20 ടൂർണ്ണമെന്റിൽ കരുത്തരായ മഹാരാഷ്ട്രയ്ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം. 94 റൺസിനാണ് കേരളം മഹാരാഷ്ട്രയെ പരാജയപ്പെടുത്തിയത്.
ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 211 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ മഹാരാഷ്ട്ര 16 ഓവറിൽ 117 റൺസിന് ഓൾഔട്ടാകുകയായിരുന്നു. ക്യാപ്റ്റൻ സഞ്ജു സാംസൺന്റെയും രോഹൻ കുന്നുമ്മലിന്റെയും തകർപ്പൻ ബാറ്റിങ്ങും എം.ഡി. നിധീഷിന്റെ അഞ്ച് വിക്കറ്റ് നേട്ടവുമാണ് കേരളത്തിന് ഉജ്ജ്വല വിജയം സമ്മാനിച്ചത്. എം ഡി നിധീഷാണ് പ്ലെയർ ഓഫ് ദി മാച്ച്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളത്തിന് മുഹമ്മദ് അസറുദ്ദീന്റെ (1) വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായെങ്കിലും തകർപ്പൻ ഫോമിലായിരുന്ന രോഹൻ കുന്നുമ്മലിന്റെ ഇന്നിങ്സ് തുണയാകുകയായിരുന്നു.
രോഹനും അഹ്മദ് ഇമ്രാനും ചേർന്ന് രണ്ടാം വിക്കറ്റിൽ 47 റൺസ് കൂട്ടിച്ചേർത്തു. 13 റൺസെടുത്ത അഹ്മദ് ഇമ്രാൻ വിക്കി ഓസ്വാളിന്റെ പന്തിൽ പുറത്തായി. തുടർന്ന് ഒത്തുചേർന്ന സഞ്ജു സാംസണും രോഹൻ കുന്നുമ്മലും ചേർന്ന് 26 പന്തുകളിൽ 66 റൺസാണ് കൂട്ടിച്ചേർത്തത്.
ആദ്യ പന്തിൽ തന്നെ പ്രശാന്ത് സോളങ്കിയെ ബൗണ്ടറി കടത്തിയാണ് സഞ്ജു സ്കോറിങ്ങിന് തുടക്കമിട്ടത്. സോളങ്കിയുടെ അടുത്ത ഓവറിൽ തുടരെ രണ്ട് സിക്സും ഒരു ബൗണ്ടറിയും നേടിയ സഞ്ജു, തനയ് സാംഘ്വിയുടെ ഓവറിൽ തുടരെ മൂന്ന് സിക്സുകൾ നേടി. 16 പന്തുകളിൽ മൂന്ന് ഫോറും അഞ്ച് സിക്സുമടക്കം 47 റൺസെടുത്ത സഞ്ജു, വിക്കി ഓസ്വാളിന്റെ പന്തിലാണ് പുറത്തായത്.
"
https://www.facebook.com/Malayalivartha

























