ശ്രീലങ്കയ്ക്കെതിരായ ആദ്യ ട്വന്റി 20യില്‍ ഇന്ത്യയ്ക്ക് ജയം; 165 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്ക 126ന് ഓള് ഔട്ടായി
ശ്രീലങ്കയ്ക്കെതിരായ ആദ്യ ട്വന്റി 20യില്‍ ഇന്ത്യയ്ക്ക് ജയം. 38 റണ്‍സിനാണ് ശ്രീലങ്കയെ ഇന്ത്യ എറിഞ്ഞിട്ടത്. ഇന്ത്യ ഉയര്‍ത്തിയ 165 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്ക 126ന് ഓള്‍ഒൗട്ടായി. അവിഷ്ക ഫെര്‍ണാഡോ (26), മിനോദ് ഭാനുക്ക (10), ചാരിത് അസലങ്ക (44), ദാസുന്‍ ഷാനക (16) എന്നിവര്‍ക്ക് മാത്രമാണ് ശ്രീലങ്കന്‍ നിരയില്‍ രണ്ടക്കം കാണാന്‍ സാധിച്ചത്. ഭൂവനേശ്വര്‍ കുമാറിന്റെ മിന്നും പ്രകടനമാണ് ശ്രീലങ്കയെ തകര്‍ത്തത്. 3.3 ഓവറില്‍ 22 റണ്‍സ് വഴങ്ങി നാല് വിക്കറ്റാണ് ഭൂവനേശ്വര്‍ എറിഞ്ഞിട്ടത്. ദീപക് ചഹാര്‍ രണ്ട് വിക്കറ്റും വീഴ്ത്തി. ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിംഗിനു വിടുകയായിരുന്നു. ഇന്ത്യ 20 ഓവറില്‍ 164 റണ്‍സ്എടുത്തു. സൂര്യകുമാര്‍ യാദവ് (34 പന്തില്‍ 50), നായകന് ശിഖര്‍ ധവാന് (36 പന്തില്‍ 46), സഞ്ജു (20 പന്തില്‍ 27), ഇഷാന് കിഷന് (14 പന്തില്‍ 20 നോട്ടൗട്ട്) എന്നിവരുടെ പ്രകടനമാണ് ഇന്ത്യയെ മാന്യമായ സ്കോറിലെത്തിച്ചത്.
ഇന്നിംഗ്സിന്റെ ആദ്യ പന്തില്‍തന്നെ പൃഥ്വി ഷായെ ഇന്ത്യക്കു നഷ്ടമായി. സഞ്ജുവും ധവാനും ചേര്‍ന്ന രണ്ടാം വിക്കറ്റ് സഖ്യത്തില്‍ 51 റണ്‍സാണ് നേടിയത്. സഞ്ജു പുറത്തായശേഷമെത്തിയ സൂര്യകുമാര്‍ നായകനൊപ്പം ചേര്‍ന്ന് ഇന്ത്യയെ മുന്നോട്ടു നയിച്ചു. ധവാനും സൂര്യകുമാറും പുറത്തായശേഷം എത്തിയവരില്‍ ഇഷാനൊഴികെ മറ്റാര്‍ക്കും മികവിലെത്താനായില്ല. ലങ്കയ്ക്കായി ദുഷ്മന്ത ചമീരയും വാനിന്ദു ഹസരംഗയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
https://www.facebook.com/Malayalivartha