ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഗംഭീര അരങ്ങേറ്റം...

ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഗംഭീര അരങ്ങേറ്റം. ഈഡന്‍ ഗാര്‍ഡനില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ വിജയവിളംബരം . ഐപിഎല്‍ ക്രിക്കറ്റ് 18-ാം സീസണിലെ ഉദ്ഘാടന മത്സരത്തില്‍ അര്‍ധസെഞ്ചുറിയുമായി ഓപ്പണര്‍മാരായ വിരാട് കോഹ്ലിയും (36 പന്തില്‍ 59) ഫിലിപ് സാള്‍ട്ടും (31 പന്തില്‍ 56) തിളങ്ങി.സ്‌കോര്‍: കൊല്‍ക്കത്ത 174/8, ബംഗളൂരു 177/3 (16.2)
ആദ്യ അഞ്ച് ഓവറില്‍ 75 റണ്ണുമായി കോഹ്ലിയും സാള്‍ട്ടും കളി പിടിച്ചു. ആരംഭത്തില്‍ ഇംഗ്ലീഷ് താരം സാള്‍ട്ടായിരുന്നു കൂടുതല്‍ അപകടകാരി. പേസര്‍ വൈഭവ് അറോറയുടെ ഓവറില്‍ 20 റണ്‍. സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയുടെ അടുത്ത ഓവറില്‍ 21 റണ്‍.സ്പെന്‍സര്‍ ജോണ്‍സണെ തുടരെ രണ്ട് സിക്സറടിച്ചാണ് കോഹ്ലി ഗിയര്‍ മാറ്റിയത്. ഈ കൂട്ടുകെട്ട് 8.3 ഓവറില്‍ 95 റണ്‍ കൂട്ടിച്ചേര്‍ത്തു. സാള്‍ട്ട് ഒമ്പത് ഫോറും രണ്ട് സിക്സറുമടിച്ചു.ദേവ്ദത്ത് പടിക്കല്‍ (10) വേഗം മടങ്ങിയപ്പോള്‍ ക്യാപ്റ്റന്‍ രജത് പാട്ടീദാര്‍ (16 പന്തില്‍ 34) കോഹ്ലിക്ക് കൂട്ടായി. നാനൂറാം ട്വന്റി20 മത്സരത്തിനിറങ്ങിയ കോഹ്ലി നാല് ഫോറും മൂന്ന് സിക്സറുമടിച്ച് പുറത്താകാതെനിന്നു. ലിയാം ലിവിങ്‌സ്റ്റണ്‍ 15 റണ്ണുമായി വിജയത്തില്‍ കൂട്ടായി.
ടോസ് നഷ്ടപ്പെട്ട് ബാറ്റെടുത്ത കൊല്‍ക്കത്ത 10-ാം ഓവറില്‍ ഒരു വിക്കറ്റിന് 107 റണ്ണെന്നനിലയില്‍നിന്നാണ് തകര്‍ന്നത്. അടുത്ത ഏഴ് വിക്കറ്റുകള്‍ 67 റണ്ണിന് നഷ്ടമായി. നാല് ഓവറില്‍ 29 റണ്‍ വഴങ്ങി മൂന്ന് വിക്കറ്റുമായി ഇടംകൈയന്‍ സ്പിന്നര്‍ ക്രുണാല്‍ പാണ്ഡ്യയാണ് ചാമ്പ്യന്‍മാരെ പൂട്ടിയത്.ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയും (31 പന്തില്‍ 56) ഓപ്പണര്‍ സുനില്‍ നരെയ്നും (26 പന്തില്‍ 44) അടിച്ചെടുത്ത 103 റണ്ണാണ് പൊരുതാനുള്ള സ്‌കോര്‍ നല്‍കിയത്. രഹാനെ ആറുവീതം ഫോറും സിക്സറുമടിച്ചു. കളിയിലെ താരം ക്രുണാല്‍ പാണ്ഡ്യയാണ്.
"
https://www.facebook.com/Malayalivartha