ചരിത്രത്തിലേക്കുള്ള ടോസ്, അഞ്ഞൂറാം ടെസ്റ്റ് കളിക്കുന്ന ഇന്ത്യ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുന്നു
അഞ്ഞൂറാം ടെസ്റ്റ് കളിക്കുന്ന ഇന്ത്യ കാണ്‍പൂരില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുന്നു. ന്യൂസിലന്‍ഡിനെതിരായ മൂന്ന് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യമത്സരം കൂടിയാണ് ഇത്. വിരാട് കോലിയാണ് അഞ്ഞൂറാം ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുന്നത് .
ടെസ്റ്റ് ക്രിക്കറ്റിലെ രണ്ടാം റാങ്കുകാരായ ഇന്ത്യയ്ക്കു മുന്നിലിപ്പോള്‍ പാക്കിസ്ഥാന് മാത്രമേയുള്ളൂ. അവരെ മറികടന്ന് ഒന്നാം റാങ്കിന്റെ പകിട്ടിലേക്കെത്താനുള്ള തുടക്കം കൂടിയാണ് ഇന്ത്യയ്ക്ക് ഈ പരമ്പര. ഇന്ത്യയുടെ 500 ാം മത് ടെസ്റ്റാണിതെന്ന പ്രത്യേകത കൂടിയുള്ളതിനാല്‍ ആരാധകരുടെ മുഴുവന്‍ ശ്രദ്ധയും കാണ്‍പൂരിലെ പിച്ചിലേക്കാകും. നാട്ടില്‍ തുടര്‍ച്ചയായി കളിക്കുന്ന 13 ടെസ്റ്റുകളിലെ ആദ്യ മല്സരമാണിതെന്ന പ്രത്യേകത കൂടിയുണ്ട് ഇന്നാരംഭിച്ച ഇന്ത്യ-ന്യൂസീലന്‍ഡ് പോരാട്ടത്തിന്. അടുത്ത ആറുദിവസം ഇവിടെ മഴ പെയ്തേക്കുമെന്ന കാലാവസ്ഥാ സൂചനകളാണ് ഇന്ത്യയെ സംബന്ധിച്ചുള്ള പ്രതികൂല ഘടകം. ചരിത്ര ടെസ്റ്റിനു സാക്ഷികളാകാന്‍ മുഹമ്മദ് അസ്ഹറുദ്ദീന് അടക്കം ഇന്ത്യയുടെ മുന്‍കാല ക്യാപ്റ്റന്മാരെയെല്ലാം ബിസിസിഐ ക്ഷണിച്ചിട്ടുണ്ട്.
കഴിഞ്ഞ 14 ടെസ്റ്റുകളില്‍ ഇന്ത്യന്‍ മണ്ണില്‍ ന്യൂസീലന്‍ഡിനു വിജയം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ഇന്ത്യയില്‍ കളിച്ച അവസാനത്തെ 10 ടെസ്റ്റുകളില്‍ ഒന്‍പതെണ്ണത്തിലും ഇന്ത്യയ്ക്കു ജയം കണ്ടെത്താനായി. ദക്ഷിണാഫ്രിക്കയ്ക്കെതിരെ സമനിലയായ ഒരെണ്ണത്തിലാകട്ടെ കാലാവസ്ഥയുടെ ഇടപെടലാണു പ്രശ്നമായത്. 13 ടെസ്റ്റുകളടങ്ങിയ ബമ്പര്‍ സീസണ് കഴിയുമ്പോള്‍ ടെസ്റ്റ് ടീമുകളില്‍ ഏറ്റവും മികച്ച ടീം ഇന്ത്യയായിരിക്കുമെന്ന് ക്യാപ്റ്റന്‍ വിരാട് കോഹ്ലി പറഞ്ഞു. നാലു രാജ്യങ്ങള്‍ക്കെതിരെ നാട്ടില്‍ നടക്കുന്ന പരമ്പര ഇന്ത്യയ്ക്കു മികവു തെളിയിക്കാനുള്ള ഏറ്റവും വലിയ അവസരമാണ്.
കോലിയുടെ ടീം ഇന്ത്യയും കെയ്ന്‍ വില്യംസണിന്റെ കീഴില്‍ അണിനിരക്കുന്ന ന്യൂസീലന്‍ഡും സ്പിന്നിനെ തുണയ്ക്കുന്ന പിച്ചിന് യോജിച്ച ടീമിനെ ഒരുക്കിക്കഴിഞ്ഞു. ഇരു ടീമുകളിലും മികച്ച സ്പിന്നര്‍മാരുണ്ട്. ഒപ്പം നല്ല ബാറ്റ്സ്മാന്മാരും. ടിം സൗത്തി പരിക്കേറ്റ് പുറത്തായെങ്കിലും പേസ് ബൗളിങ്ങില്‍ സമ്പന്നമാണ് കിവികള്‍. ഇന്ത്യയും മികച്ച ഫാസ്റ്റ്ബൗളര്‍മാരുടെ സേവനം ഉറപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ നല്ല പോരാട്ടം മൂന്നു ടെസ്റ്റുകളടങ്ങുന്ന പരമ്പരയില്‍ ഉണ്ടാവുമെന്നാണ് കണക്കുകൂട്ടല്‍.
യുവനിരയെങ്കിലും വിദേശത്ത് കളിച്ച് നല്ല തഴക്കവും വഴക്കവുമുള്ള ടീമാണിതെന്നാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ സുവര്‍ണകാല പ്രതിനിധിയായ വി.വി.എസ്. ലക്ഷ്മണിന്റെ അഭിപ്രായം. വിരാട് കോലിയുടെ കീഴില്‍ ഇന്ത്യ നേട്ടങ്ങള്‍ കൊയ്യുമെന്ന് മാത്രമല്ല ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകളെപ്പോലെ ദീര്‍ഘകാലം ലോക ഒന്നാം നമ്പര്‍ ടെസ്റ്റ് പദവി കൈയാളുകയും ചെയ്യും. ഈ സീസണ് അവസാനിക്കുംമുമ്പ് ലോകത്തെ ഒന്നാം നമ്പര്‍ ടീമായി ടീം ഇന്ത്യ മാറുമെന്നാണ് ലക്ഷ്മണിന്റെ വിലയിരുത്തല്‍.
https://www.facebook.com/Malayalivartha