പാക്കിസ്ഥാനെ തകര്‍ത്ത് തരിപ്പണമാക്കി ഇന്ത്യ

ചാംപ്യന്‍സ് ട്രോഫി പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ പാക്കിസ്ഥാനെ 124 റണ്‍സിന് പരാജയപ്പെടുത്തി. മൂന്നു തവണ മഴ തടസ്സപ്പെടുത്തിയ മല്‍സരത്തില്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം 124 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 48 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 319 റണ്‍സെടുത്തു, ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം പാക്കിസ്ഥാന് ജയിക്കാന്‍ 41 ഓവറില്‍ 289 റണ്‍സ് വേണമായിരുന്നു. എന്നാല്‍ അവരുടെ പോരാട്ടം 33.4 ഓവറില്‍ 164 റണ്‍സിലൊതുങ്ങി. ബോളിങ്ങിനിടെ പരുക്കേറ്റ പാക്ക് താരം വഹാബ് റിയാസ് ബാറ്റിങ്ങിനിറങ്ങിയില്ല. യുവരാജ് സിങ്ങാണ് കളിയിലെ കേമന്‍.
അര്‍ധസെഞ്ചുറി നേടിയ അസ്ഹര്‍ അലിയാണ് പാക്കിസ്ഥാന്റെ ടോപ് സ്‌കോറര്‍. മുഹമ്മദ് ഹഫീസ് 33 റണ്‍സെടുത്തു. ഇന്ത്യയ്ക്കായി ഉമേഷ് യാദവ് മൂന്നും ജഡേജ, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി. അതേസമയം, ബാബര്‍ അസം (12 പന്തില്‍ എട്ട്), അഹമ്മദ് ഷെഹ്‌സാദ് (22 പന്തില്‍ 12), ശുഐബ് മാലിക്ക് (ഒന്‍പതു പന്തില്‍ 15), മുഹമ്മദ് ആമിര്‍ (16 പന്തില്‍ 9) ഇമാദ് വാസിം (0), സര്‍ഫ്രാസ് അഹമ്മദ് (16 പന്തില്‍ 15), ഹസന്‍ അലി (0) എന്നിവര്‍ നിരാശപ്പെടുത്തി. മികച്ച തുടക്കം ലഭിച്ച ശുഐബ് മാലിക്ക് ജഡേജയുടെ തകര്‍പ്പന്‍ ത്രോയില്‍ റണ്ണൗട്ടാവുകയായിരുന്നു. ഷദാബ് ഖാന്‍ 14 റണ്‍സുമായി പുറത്താകാതെ നിന്നു.
ടോസ് നേടിയ പാക്കിസ്ഥാന്‍ ഇന്ത്യയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍മാരായ ശിഖര്‍ ധവാന്‍ (68), രോഹിത് ശര്‍മ (91), ക്യാപ്റ്റന്‍ വിരാട് കോഹ്!ലി (81*), യുവരാജ് സിങ് (53) എന്നിവരാണ് ഇന്ത്യന്‍ സ്‌കോര്‍ 300 കടത്തിയത്. അവസാന ഓവറില്‍ തകര്‍ത്തടിച്ച ഹാര്‍ദിക് പാണ്ഡ്യ ആറു പന്തില്‍ 20 റണ്‍സുമായി പുറത്താകാതെ നിന്നു. അവസാന നാല് ഓവറില്‍ മാത്രം 72 റണ്‍സ് നേടിയാണ് ഇന്ത്യ പാക്കിസ്ഥാന് മുന്നില്‍ റണ്‍മല തീര്‍ത്തത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം പതര്‍ച്ചയോടെയായിരുന്നു. പാക്ക് ബോളര്‍മാര്‍ക്കു മുന്നില്‍ പതറിയ ധവാനും രോഹിതിനും പിന്നീട് തിരിച്ചുവരികയായിരുന്നു. ആദ്യ ഓവറില്‍ ഇന്ത്യയ്ക്ക് റണ്ണൊന്നും നേടാനായില്ല. ഇമാദ് വാസിം എറിഞ്ഞ രണ്ടാം ഓവറില്‍ മൂന്നും ആമിറിന്റെ അടുത്ത ഓവറില്‍ രണ്ടും റണ്‍സും മാത്രമേ സ്‌കോര്‍ ചെയ്യാനായുള്ളൂ. അഞ്ച് ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ വിക്കറ്റ് നഷ്ടം കൂടാതെ 15 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ. എന്നാല്‍, മല്‍സരം പുരോഗമിക്കുന്തോറും താളം വീണ്ടെടുത്ത ഇന്ത്യ മേധാവിത്തം വീണ്ടെടുത്തു. രണ്ടു തവണയായെത്തിയ മഴ ഇടയ്ക്ക് രസംകൊല്ലിയായെങ്കിലും അതിനൊന്നും ധവാന്റെയും രോഹിതിന്റെയും വീര്യം കെടുത്താനായില്ല.
തുടക്കത്തിലെ മികച്ച കൂട്ടുകെട്ടുകളുടെ പിന്‍ബലത്തിലാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ നേടാനായത്. രോഹിത്-ധവാന്‍ സഖ്യം ഒന്നാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ട് (136) തീര്‍ത്തപ്പോള്‍, രണ്ടാം വിക്കറ്റില്‍ രോഹിത-കോഹ്!ലി സഖ്യവും (56) മൂന്നാം വിക്കറ്റില്‍ കോഹ്!ലി-യുവരാജ് സഖ്യവും (93) അര്‍ധസെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്തു. പിരിയാത്ത നാലാം വിക്കറ്റില്‍ കോഹ്!ലി-ഹാര്‍ദിക് പാണ്ഡ്യ സഖ്യം 10 പന്തില്‍ 34 റണ്‍സെടുത്ത് ഇന്നിങ്‌സിന് വേഗത പകര്‍ന്നു.
24.3 ഓവര്‍ ക്രീസില്‍ നിന്ന ഇരുവരും 136 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് മടങ്ങിയത്. 65 പന്തുകള്‍ നേരിട്ട് ആറു ബൗണ്ടറിയും ഒരു സിക്‌സും ഉള്‍പ്പെടെ 68 റണ്‍സെടുത്ത ധവാനാണ് ആദ്യം പുറത്തായത്. ഷതാബ് ഖാന്റെ പന്തില്‍ അസ്ഹര്‍ അലിക്കു ക്യാച്ചു നല്‍കിയായിരുന്നു ധവാന്റെ മടക്കം. കോഹ്!ലിയുമൊത്ത് അര്‍ധസെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്തതിനു പിന്നാലെ രോഹിതും മടങ്ങി. 119 പന്തില്‍ ഏഴു ബൗണ്ടറിയും രണ്ടു സിക്‌സും ഉള്‍പ്പെടെ 91 റണ്‍സെടുത്ത രോഹിത് ശര്‍മ, റണ്ണൗട്ടാവുകയായിരുന്നു. അതിനു മുന്‍പ് 33.1 ഓവറില്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുത്തു നില്‍ക്കെ മഴയെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് 48 ഓവറാക്കി വെട്ടിച്ചുരുക്കിയശേഷമാണ് മല്‍സരം പുനരാരംഭിച്ചത്. നേരത്തെ, 9.5 ഓവറില്‍ ഇന്ത്യ 46 റണ്‍സെടുത്തു നില്‍ക്കെ മഴ അല്‍പസമയം മല്‍സരം തടസ്സപ്പെടുത്തിയിരുന്നു.
രോഹിത്തും പുറത്തായശേഷമെത്തിയ യുവരാജ് സിങ്ങാണ് ഇന്ത്യന്‍ ഇന്നിങ്‌സിന് ഗതിവേഗം പകര്‍ന്നത്. അതുവരെ ഇഴഞ്ഞുനീങ്ങിയ ഇന്ത്യന്‍ ഇന്നിങ്‌സിന് യുവരാജിന്റെ വരവോടെ വേഗത കൈവന്നു. 32 പന്തില്‍ എട്ടു ബൗണ്ടറിയും ഒരു സിക്‌സും ഉള്‍പ്പെടെ 53 റണ്‍സെടുത്ത യുവരാജ് ഹസന്‍ അലിക്കു വിക്കറ്റ് സമ്മാനിച്ചു മടങ്ങി. മൂന്നാം വിക്കറ്റില്‍ കോഹ്!ലി-യുവരാജ് സഖ്യം കൂട്ടിച്ചേര്‍ത്തത് 93 റണ്‍സ്.
യുവരാജിനു പിന്നാലെ ധോണിയെ പ്രതീക്ഷിച്ചിരുന്ന ആരാധകര്‍ക്കു മുന്നിലേക്കെത്തിയത് ഹാര്‍ദിക് പാണ്ഡ്യ. വന്നതു വെറുതെയല്ലെന്ന് ആറു പന്തുകള്‍ മാത്രം നീണ്ട ഇന്നിങ്‌സില്‍ തെളിയിച്ച പാണ്ഡ്യ, അതില്‍ മൂന്നു പന്തും ഗാലറിയിലെത്തിച്ച് 20 റണ്‍സുമായി പുറത്താകാതെ നിന്നു. ഇന്നിങ്‌സ് അവസാനിക്കുമ്പോഴേക്കും ഫോമിന്റെ ഉത്തുംഗശൃംഗത്തിലെത്തിയ കോഹ്!ലി, 68 പന്തില്‍ ആറു ബൗണ്ടറിയും മൂന്നു സിക്‌സും ഉള്‍പ്പെടെ 81 റണ്‍സെടുത്തു പുറത്താകാതെ നിന്നു. ഹസന്‍ അലി, ഷതാബ് ഖാന്‍ എന്നിവര്‍ പാക്കിസ്ഥാനായി ഓരോ വിക്കറ്റ് വീഴ്ത്തി. വഹാബ് റിയാസ് 8.4 ഓവറില്‍ 87 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും നേടാനായില്ല.
https://www.facebook.com/Malayalivartha