സേവാഗിനെക്കുറിച്ച് തനിക്കുള്ളത് മനോവീര്യം കെടുത്തുന്ന ഓര്‍മകള്‍ മാത്രം; മുന്‍താരത്തിനെതിരെ തുറന്നടിച്ച് ആര്‍.അശ്വിന്

മുന്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ വീരേന്ദര്‍ സേവാഗിനെക്കുറിച്ച് തനിക്ക് മനോവീര്യം കെടുത്തുന്ന ഓര്‍മകളാണുള്ളതെന്ന് ഓഫ് സ്പിന്നര്‍ ആര്‍.അശ്വിന്‍. വാട്ട് വിത്ത് ദ ഡക്ക് ടു എന്ന ചാറ്റ് ഷോയില്‍ സംസാരിക്കവേയാണ് നെറ്റ് പ്രാക്ടീസിനിടെ സേവാഗില്‍ നിന്നുണ്ടായ അനുഭവങ്ങള്‍ അശ്വിന്‍ പറഞ്ഞത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ കോച്ചാകാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന താരങ്ങളില്‍ പ്രമുഖനാണ് സേവാഗ്.
ധാംബുള്ളയില്‍ വെച്ചുണ്ടായ ഒരു അനുഭവമാണ് അശ്വിന് പറയാനുള്ളത്. നെറ്റ്‌സില്‍ ബൗള്‍ ചെയ്ത തന്നെ സേവാഗ് അടിച്ച് പറത്തി. ആദ്യം ഓഫ് സ്റ്റമ്പിന് പുറത്ത് എറിഞ്ഞു. സേവാഗ് കട്ട് ചെയ്തു. ഓഫ് സ്റ്റമ്പില്‍ എറിഞ്ഞു, അതും സേവാഗ് കട്ട് ചെയ്തു. അടുത്ത പന്ത് മിഡില്‍ സ്റ്റംബില്‍ എറിഞ്ഞു അതും സേവാഗ് കട്ട് ചെയ്തു. ലെഗ് സ്റ്റമ്പില്‍ എറിഞ്ഞ അടുത്ത പന്തും സേവാഗ് കട്ട് ചെയ്തു.
എന്ത് കുന്തമാണ് ഇവിടെ സംഭവിക്കുന്നത് എന്ന് മനസില്‍ ഓര്‍ത്ത് ഒരു ഫുള്‍ ബോള്‍ എറിഞ്ഞു. സേവാഗ് മുന്നോട്ട് കയറി കൂറ്റന്‍ ഒരു സിക്‌സടിച്ചു. താന്‍ ഇന്ത്യന്‍ ടീമില്‍ ഇടം കണ്ടെത്താന്‍ കഷ്ടപ്പെടുന്ന സമയം കൂടിയായിരുന്നു അത്. ഒന്നുകില്‍ താന്‍ അത്ര നല്ല ബൗളറല്ല അല്ലെങ്കില്‍ ഇയാള്‍ അത്രയ്ക്കും മികച്ചവനാണെന്ന തോന്നിയെന്ന് അശ്വിന്‍ പറയുന്നു.
ബാറ്റിങ് ഇതിഹാസമായ സച്ചിന്‍ പോലും തന്നെ ഇത്രയും ബുദ്ധിമുട്ടിച്ചിട്ടില്ല എന്നാണ് അശ്വിന്‍ പറയുന്നത്. ഇത് കുറേ ദിവസം തുടര്‍ന്നപ്പോള്‍ താന്‍ സേവാഗിനോട് തന്നെ സംസാരിക്കാന്‍ തീരുമാനിച്ചു. സേവാഗിന്റെ പ്രതികരണം തന്നെ അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഓഫ് സ്പിന്‍ ബൗളര്‍മാരെ താന്‍ ബൗളര്‍മാരായി തന്നെ കാണുന്നില്ല എന്നായിരുന്നു തന്നോട് സേവാഗ് പറഞ്ഞത്. അവര്‍ ഒരിക്കലും തന്നെ ബുദ്ധിമുട്ടിച്ചിട്ടേ ഇല്ല. അനായാസമായി താനവരെ അടിച്ചുപറത്തും. ഒരു പത്ത് വയസ്സുകാരന്‍ തനിക്കെതിരെ ബൗള്‍ ചെയ്താല്‍ താന്‍ എങ്ങനെ ബാറ്റ് ചെയ്യുമോ അത്രയ്ക്കും അനായാസമാണ് സേവാഗ് തനിക്കെതിരെ ബാറ്റ് ചെയ്തതെന്നും അശ്വിന്‍ ഓര്‍ക്കുന്നു.
തന്റെ മികച്ച പന്തുകളെല്ലാം സേവാഗ് അടിച്ചുപറത്തുന്നത് കണ്ട് അവസാനം അശ്വിന്‍ ഒരു വഴി കണ്ടുപിടിച്ചു. ഏറ്റവും മോശം പന്തുകള്‍ സേവാഗിനെതിരെ എറിയുക. അത് ഒട്ടും പ്രതീക്ഷിക്കാത്ത സേവാഗ് വിക്കറ്റ് കളയും. ഐപിഎല്ലിലും ഈ സൂത്രം താന്‍ പ്രയോഗിച്ച് വിജയിച്ചിട്ടുണ്ട് എന്ന് അശ്വിന്‍ പറഞ്ഞു.
പനി പിടിച്ച് കളിച്ച ഒരു ദിവസം ഹര്‍ഭജന്‍ സിങ്ങിനെ താന്‍ 12 സിക്‌സറിന് പറത്തിയ കാര്യം സേവാഗ് പറഞ്ഞതും അശ്വിന്‍ ഓര്‍ക്കുന്നു. സേവാഗിന്റെ ഈഗോയ്‌ക്കെതിരെയാണ് തനിക്ക് പന്തെറിയേണ്ടി വന്നത്. ടീം മീറ്റിങില്‍ ഏറ്റവും കുറച്ച് സംസാരിക്കുന്ന ആളും സേവാഗ് ആയിരുന്നെന്ന് അശ്വിന്‍ പറയുന്നു.
https://www.facebook.com/Malayalivartha