ഐഎഫ്എ ഷീൽഡ് ഫൈനലിൽ ചിരവൈരികളായ ഈസ്റ്റ് ബംഗാളിനെ മറുപടിയില്ലാത്ത ഒരു ഗോളിന് കീഴടക്കി മോഹൻ ബഗാൻ സൂപ്പർ ജയന്റ്

ഐഎഫ്എ ഷീൽഡ് ഫൈനലിൽ ചിരവൈരികളായ ഈസ്റ്റ് ബംഗാളിനെ മറുപടിയില്ലാത്ത ഒരു ഗോളിന് കീഴടക്കി (1-0) കീരീടമണിഞ്ഞ് മോഹൻ ബഗാൻ സൂപ്പർ ജയന്റ്.
സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ (വിവേകാനന്ദ യുവഭാരതി ക്രീരംഗൻ) നടന്ന ആവേശകരമായ പോരാട്ടത്തിൽ സമീർ സെൽകോവിച്ച് നേടിയ ഒറ്റ ഗോളാണ് മോഹൻ ബഗാന് വിജയം സമ്മാനിച്ചത്. മോഹൻ ബഗാന്റെ 22-ാം ഐഎഫ്എ ഷീൽഡ് കിരീടമാണിത്. മത്സരത്തിന്റെ തുടക്കത്തിൽ ഇരുടീമുകളും ആക്രമിച്ച് കളിക്കുകയായിരുന്നു. കളിയുടെ ആറാം മിനിറ്റിൽ ഈസ്റ്റ് ബംഗാളിന്റെ എഡ്മണ്ട് ലാൽറിൻഡികയ്ക്ക് ഗോൾ നേടാൻ മികച്ച അവസരം ലഭിച്ചെങ്കിലും മോഹൻ ബഗാൻ ഗോൾകീപ്പർ വിശാൽ കൈത് മുന്നോട്ട് കയറിവന്ന് പന്ത് തടയുകയായിരുന്നു. തുടർന്ന് മോഹൻ ബഗാന്റെ മെഹ്താബ് സിങ്ങിന് ലഭിച്ച ഹെഡർ അവസരം ലക്ഷ്യം കാണാതെ പുറത്തുപോയി.
ലാല്ലിയൻസുവാല ഛാങ്‌തെ, സഹൽ അബ്ദുൽ സമദ് എന്നിവരുടെ ശക്തമായ ഷോട്ടുകൾ ഈസ്റ്റ് ബംഗാൾ ഗോൾകീപ്പർ ഫുർബ ലാചെൻപ സമർഥമായി തടഞ്ഞു. എന്നാൽ ഒന്നാം പകുതിയുടെ അവസാന നിമിഷത്തിൽ മോഹൻ ബഗാൻ ലീഡ് നേടുകയും ചെയ്തു. ഈസ്റ്റ് ബംഗാൾ താരം എഡ്മണ്ട് വരുത്തിയ പിഴവിൽ നിന്ന് പന്ത് പിടിച്ചെടുത്ത സമീർ സെൽകോവിച്ച്, സഹൽ അബ്ദുൽ സമദുമായി ചേർന്ന് നടത്തിയ മികച്ച വൺ-ടു നീക്കത്തിനൊടുവിൽ പന്ത് വലയിലാക്കുകയായിരുന്നു. സഹൽ ബോക്‌സിലേക്ക് നൽകിയ ലോബ് പാസ് സ്വീകരിച്ചാണ് സെൽകോവിച്ച് ഫുർബ ലാചെൻപയെ മറികടന്ന് ഗോൾ നേടിയത്.
രണ്ടാം പകുതിയിൽ സമനില ഗോളിനായി ഈസ്റ്റ് ബംഗാൾ കടുത്ത സമ്മർദ്ദം ചെലുത്തി. സെബാസ്റ്റ്യൻ സ്വോളിൻസ്‌കി, അന്റോണിയോ ലോബ എന്നിവരെ ഇറക്കി അവർ ആക്രമണം കടുപ്പിച്ചെങ്കിലും, മോഹൻ ബഗാൻ പ്രതിരോധവും ഗോൾകീപ്പർ വിശാൽ കൈതും ഉറച്ചുനിൽക്കുകയായിരുന്നു.
https://www.facebook.com/Malayalivartha
























