സുവാരസിന്റെ ഗോളില്‍ സൗദി അറേബ്യക്കെതിരെ ഉറുഗ്വേയ്ക്ക് ജയം

ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തില്‍ സൗദി അറേബ്യക്കെതിരെ ഉറുഗ്വേയ്ക്ക് ജയം. നൂറാ മത്സരം ഗോള്‍നേട്ടത്തോടെ ആഘോഷിച്ച ലൂയിസ് സുവാരസാണ് ഉറുഗ്വേയ്ക്ക് ജയമൊരുക്കിയത്. ഇരുപത്തിമൂന്നാം മിനിറ്റിലായിരുന്നു സുവാരസിന്റെ ഗോള്‍. കോര്‍ണറില്‍നിന്നും കാര്‍ലോസ് സാഞ്ചസ് ഉയര്‍ത്തിവിട്ട പന്ത് സുവാരസ് കൃത്യമായി വലയിലെത്തിച്ചു.
ഉറുഗ്വേയ്ക്കായി 100 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ സുവാരസിന്റെ 52ാം ഗോളാണിത്. മൂന്ന് ലോകകപ്പുകളില്‍ ഉറുഗ്വേയ്ക്കായി ഗോള്‍ നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡും ഇതോടെ സുവാരസ് സ്വന്തമാക്കി. ആദ്യ മത്സരത്തില്‍ ഈജിപ്തിനെ ഒരു ഗോളിന് പരാജയപ്പെടുത്തിയ ഉറുഗ്വേ സൗദിക്കെതിരെയുള്ള വിജയത്തോടെ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചു.
ഒപ്പത്തിനൊപ്പമായിരുന്നു ഇരു ടീമുകളുടെയും കളി. ലഭിച്ച അവസരങ്ങള്‍ ഫിനിഷിംഗ് പോരായ്മയിലൂടെ സൗദി ഏറെയും തുലച്ചുകളു. മുന്നേറ്റനിരയുടെ ഒത്തിണക്കമില്ലായ്മയും അവര്‍ക്ക് വിനയായി. ലോകകപ്പില്‍ സൗദി അറേബ്യയും യുറഗ്വായും ആദ്യമായാണ് മുഖാമുഖം വരുന്നത്. ലോകകപ്പില്‍ 15ാം മത്സരം കളിക്കുന്ന സൗദി പക്ഷേ ഒരു ലാറ്റിനമേരിക്കന്‍ ടീമിനെതിരെ ആദ്യമായാണ് കളിക്കുന്നത്.
https://www.facebook.com/Malayalivartha