സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ പിറന്നത് റഷ്യന്‍ ലോകകപ്പിലെ നൂറാമത്തെ ഗോള്‍; ആരാധകര്‍ കാത്തിരുന്ന ഈ ഗോളിന് നൂറിരട്ടി മധുരം

ഒടുവില്‍ ലയണല്‍ മെസ്സിയും റഷ്യന്‍ ലോകകപ്പില്‍ സ്‌കോര്‍ ചെയ്തിരിക്കുന്നു. നൈജീരിയക്കെതിരായ നിര്‍ണായക മത്സരത്തിന്റെ 14ാം മിനിറ്റിലായിരുന്നു മെസ്സിയുടെ അതി സുന്ദര ഗോള്‍ പിറന്നത്. എവര്‍ ബനേഗ മൈതാന മധ്യത്ത് നിന്ന് പ്രതിരോധ താരങ്ങള്‍ക്ക് മുകളിലൂടെ നല്‍കിയ നെടുനീളന്‍ ലോബ് ബോക്‌സിന്റെ വലതുഭാഗത്തേക്ക് ഓടിയിറങ്ങി തുടയില്‍ താങ്ങിയെടുത്ത് വലങ്കാല്‍ കൊണ്ട് പോസ്റ്റിന്റെ വലതു മൂലയിലേക്ക് തൊടുക്കുകയായിരുന്നു മെസ്സി.
തടയാന്‍ വന്ന ഡിഫന്‍ഡര്‍ ഒമേറുവിനോട് മത്സരിച്ചായിരുന്നു മെസ്സിയെന്ന ഇടംകാലന്റെ ഈ വലങ്കാല്‍ ഷോട്ട്. എന്നാല്‍ ആ ഗോള്‍ റഷ്യന്‍ ലോകകപ്പിലെ നൂറാമത്തേതായിരുന്നു. അതു മാത്രമല്ല, ആ ഗോളില്‍ ഒളിഞ്ഞിരിക്കുന്ന മറ്റൊരു കൗതുകം കൂടിയുണ്ട്. റഷ്യന്‍ ലോകകപ്പിലും ബ്രസീല്‍ ലോകകപ്പിലും ദക്ഷിണാഫ്രിക്കന്‍ ലോകകപ്പിലും 100ാം ഗോള്‍ നേടിയത് ബാഴ്‌സലോണ താരങ്ങളായിരുന്നു എന്ന പ്രത്യേകതയുമുണ്ട്.
റഷ്യന്‍ ലോകകപ്പില്‍ ഗോള്‍ നേടിയതോടെ വ്യത്യസ്തമായ മൂന്ന് ലോകകപ്പില്‍ അര്‍ജന്റീനക്കായി ഗോളടിക്കുന്ന മൂന്നാമത്തെ താരമെന്ന റെക്കോഡും മെസ്സി സ്വന്തമാക്കി. ഡീഗോ മാറഡോണയും ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടയുമാണ് ഇതിന് മുമ്പ് ഈ നേട്ടം കൈവരിച്ചത്.
2006ലെ ലോകകപ്പില്‍ 18ാം വയസ്സില്‍ ഗോള്‍ നേടിയ മെസ്സി 2018ല്‍ 31ാം വയസ്സിലും ഗോള്‍ നേടി പുതിയ ചരിത്രമെഴുതി. കൗമാര കാലത്തും മുപ്പതുകളിലും ലോകകപ്പില്‍ ഗോള്‍ നേടുന്ന ആദ്യ താരമെന്ന റെക്കോഡ് കൂടി ഇനിമുതല്‍ മെസ്സിക്ക് സ്വന്തം.
https://www.facebook.com/Malayalivartha