ദേശീയ ഗെയിംസ് വേദികളിലേക്കു താരങ്ങളെയെത്തിക്കാന്‍ കെഎസ്ആര്‍ടിസി
ദേശീയ ഗെയിംസ് വേദികളിലേക്കു താരങ്ങളെയെത്തിക്കാന്‍ കെഎസ്ആര്‍ടിസി ബസുകളുടെ സേവനം ലഭ്യമാകും. ഗെയിംസിനുവേണ്ടി ബസുകള്‍ വിട്ടുകൊടുക്കാനുള്ള സന്നദ്ധത കെഎസ്ആര്‍ടിസി അറിയിച്ചതായി ഗെയിംസ് ഗതാഗത കമ്മിറ്റി ഉപാധ്യക്ഷന്‍ വിജയന് തോമസ് പറഞ്ഞു. ഇതിനു നിശ്ചിത തുക കെഎസ്ആര്‍ടിസിക്കു നല്‍കേണ്ടതായുണ്ട്. ഏറ്റവും കൂടുതല്‍ മല്‍സരങ്ങള്‍ക്കു വേദിയാകുന്ന തിരുവനന്തപുരം ജില്ലയിലായിരിക്കും പ്രധാനമായും ഈ സംവിധാനമുണ്ടായിരിക്കുക.
ഗെയിംസിനു കാര്‍, മിനിബസ്, ബസ് എന്നിവയാണു ഗതാഗത കമ്മിറ്റി ഉപയോഗപ്പെടുത്തുന്നത്. ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന് പ്രതിനിധികള്‍, വിവിധ കായികസംഘടനാ ഭാരവാഹികള്‍, വിശിഷ്ടാതിഥികള്‍, ഒഫീഷ്യലുകള്‍ എന്നിവര്‍ക്കായി കാറുകളാണ് ഒരുക്കിയിട്ടുള്ളത്. മിനി ബസുകളും ബസുകളും താരങ്ങള്‍, മാധ്യമ പ്രവര്‍ത്തകര്‍, വൊളന്റിയര്‍മാര്‍ എന്നിവര്ക്കായിട്ടാണു ക്രമീകരിച്ചിട്ടുള്ളത്.
ടെന്‍ഡറിലൂടെ കരാര്‍ നേടിയ സ്വകാര്യ കമ്പനിയ്ക്കാണു ഗതാഗതമൊരുക്കുന്നതിന്റെ ചുമതല. ദേശീയ ഗെയിംസ് ഗതാഗത കമ്മിറ്റിക്കായി രണ്ടായിരത്തോളം വാഹനങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. സമയക്രമം തീരുമാനിക്കുന്നത് ഓരോ വാഹനത്തിലെയും ലെയ്സണ്‍ ഓഫിസറാണ്. ഏഴു ജില്ലകളിലായി നടക്കുന്ന ഗെയിംസിന്റെ 29 വേദികളിലേക്കുമുള്ള യാത്ര സുഗമമാക്കാന്‍ അനുവദിച്ചിട്ടുള്ളത് 3.91 കോടി രൂപയാണ്.
തിരുവനന്തപുരത്തെ ഗെയിംസ് വില്ലേജ്, ഗെയിംസ് ദിനങ്ങളില്‍ താരങ്ങള്‍ താമസിക്കുന്ന മറ്റു ജില്ലകളിലെ ഹോട്ടലുകള്‍ എന്നിവ കേന്ദ്രീകരിച്ച് 24 മണിക്കൂറും വാഹനസൗകര്യം ലഭിക്കുന്ന രീതിയിലുള്ള ക്രമീകരണമാണ് നടത്തിയിട്ടുള്ളത്. മുഴുവന്‍ ഗതാഗത ക്രമീകരണങ്ങളും നിയന്ത്രിക്കുന്നത് തിരുവനന്തപുരത്തുള്ള പ്രത്യേക കണ്ട്രോള് റൂമില്‍ നിന്നായിരിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha