കരോളിന മാരിന് സിന്ധുവിന്റെ സ്നേഹ സന്ദേശം; ഹായി കരോളി, ഞാന്‍ പി വി സിന്ധുവാണ്, താങ്കള്‍ക്ക് പരിക്കേറ്റു എന്നറിഞ്ഞതില്‍ സങ്കടമുണ്ട്, വേഗം സുഖം പ്രാപിക്കും എന്ന് പ്രതീക്ഷിക്കുന്നു, ശക്തമായി തിരിച്ചെത്തുക

പരിക്ക് കാരണം ടോക്യോ ഒളിംപിക്സില്‍ നിന്ന് പിന്മാറേണ്ടി വന്ന നിലവിലെ ബാഡ്മിന്റൻ ജേതാവ് കരോളിന മാരിന് ആശ്വാസവാക്കുകളുമായി ഇന്ത്യയുടെ പി വി സിന്ധു. മാരിന്റെ പരുക്ക് എത്രയും വേഗം സുഖപ്പെട്ട് കളിക്കളത്തില്‍ സജീവമാകട്ടെയെന്നു ട്വിറ്ററില്‍ സിന്ധു പങ്കുവച്ച വിഡിയോ മെസേജില്‍ പറയുന്നു. കരോളിനയുടെ തിരിച്ചു വരവിനായി കാത്തിരിക്കുകയാണെന്നും ഒളിംപിക്‌സില്‍ അടക്കം ഒരുമിച്ചുള്ള പോരാട്ടങ്ങള്‍ മനോഹരമാണെന്നും സിന്ധു വീഡിയോ സന്ദേശത്തില്‍ പറയുന്നുണ്ട്.
കഴിഞ്ഞ റിയോ ഒളിംപിക്‌സില്‍ വനിതാ ബാഡ്മിന്റൻ സിംഗിള്‍സ് ഫൈനലില്‍ സിന്ധുവിനെ പരാജയപ്പെടുത്തിയാണ് കരോലിന മാരിന്‍ സ്വര്‍ണം നേടിയത്. ആദ്യ ഗെയിം നഷ്ടമായ ശേഷം തിരിച്ചുവന്ന മാരിന്‍ അവസാനം ഗെയിമില്‍ ഒപ്പത്തിനൊപ്പം നീങ്ങിയ ശേഷം വിജയം പിടിച്ചെടുക്കുകയായിരുന്നു. സ്വര്‍ണവുമായി മാരിന്‍ മടങ്ങിയപ്പോള്‍ സ്വര്‍ണത്തോളം തിളക്കമുള്ള വെള്ളിയുമായി സിന്ധു റിയോയില്‍ തലയുയര്‍ത്തിപ്പിടിച്ചു നിന്നു.
ഇത്തവണയും വനിതാ സിംഗിള്‍സില്‍ മെഡല്‍ സാധ്യതയുള്ളവരില്‍ ഒന്നാമതു മാരിനായിരുന്നു. ഒളിംപിക് വേദിയില്‍ വീണ്ടുമൊരിക്കല്‍ കൂടെ ആ തീപാറും പോരാട്ടം കാത്തിരുന്നവര്‍ക്ക് നിരാശയുടെ വാര്‍ത്തകളെയുള്ളൂ. കാല്‍മുട്ടിന് പരിക്കേറ്റ മാരിന്‍ ഇത്തവണ ടോക്യോയിലേക്കില്ല. നിലവിലെ സ്വര്‍ണ മെഡല്‍ ജേതാവ് ഒളിംപിക്സില്‍ നിന്ന് പിന്മാറിയപ്പോള്‍ വേദനിക്കുന്നവരില്‍ കോര്‍ട്ടിലെ എതിരാളിയായ പി വി സിന്ധുവുമുണ്ട്.
സിന്ധുവിന്റെ വാക്കുകള്‍ ഇങ്ങനെ, 'ഹായി കരോളി, ഞാന്‍ പി വിയാണ്(പി വി സിന്ധു), താങ്കള്‍ക്ക് പരിക്കേറ്റു എന്നറിഞ്ഞതില്‍ സങ്കടമുണ്ട്. വേഗം സുഖം പ്രാപിക്കും എന്ന് പ്രതീക്ഷിക്കുന്നു. ശക്തമായി തിരിച്ചെത്തുക. നമ്മളൊരുമിച്ച് ഫൈനല്‍ കളിച്ച അവസാന ഒളിംപിക്സ് ഓര്‍ക്കുന്നു. ഒരുമിച്ചുള്ള പോരാട്ടങ്ങള്‍ മനോഹരമാണ്. അത് ഞാന്‍ മിസ് ചെയ്യാന്‍ പോവുകയാണ്. നിങ്ങളെ മിസ് ചെയ്യും. ഒളിംപിക് ഗെയിമില്‍ മിസ് ചെയ്യുമെങ്കിലും ഉടന്‍ കോര്‍ട്ടില്‍ നേര്‍ക്കുനേര്‍ വരാനാകും എന്ന് പ്രതീക്ഷിക്കുന്നു. വേഗം സുഖംപ്രാപിക്കൂ, തിരിച്ചുവരൂ. ഏറെ സ്നേഹം'.
ഈ വര്‍ഷം മികച്ച ഫോമിലായിരുന്ന കരോളിന മാരിന്‍ നാല് മേജര്‍ ടൂര്‍ണമെന്റുകള്‍ വിജയിച്ചിരുന്നു. പരിശീലനത്തിനിടെ പരിക്കേറ്റതായി മാരിന്‍ കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ശസ്ത്രക്രിയ വേണ്ടിവന്നതോടെയാണ് സൂപ്പര്‍ താരം ടോക്യോ ഗെയിംസില്‍ നിന്ന് വിട്ടു നില്‍ക്കുന്നത്. അതേസമയം സ്വിറ്റ്‌സര്‍ലണ്ടില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പ് കിരീടമടക്കം നേടി വലിയ പ്രതീക്ഷയുമായാണ് സിന്ധു ഇത്തവണ ടോക്യോയില്‍ എത്തുന്നത്.
കോവിഡ് പ്രതിസന്ധി കാരണം ടോക്യോയില്‍ ഒളിംപിക്സ് നടക്കുമോ എന്ന കാര്യത്തിലെ ആശങ്കകള്‍ ഇപ്പോഴും തുടരുകയാണ്. ജൂലൈ 23നാണ് ഒളിംപിക്സ് ആരംഭിക്കേണ്ടത്. ഒളിംപിക്സ് മാറ്റിവയ്ക്കണമെന്ന ആവശ്യം ജപ്പാനില്‍ ശക്തമാണ്. ഒളിംപിക്സ് നടത്തിപ്പില്‍ ആശങ്ക രേഖപ്പെടുത്തി മുഖ്യ സ്പോണ്‍സര്‍ തന്നെ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഒളിംപിക്സ് നടത്താനുള്ള തയ്യാറെടുപ്പുകളുമായി മുന്നോട്ടുപോവുകയാണ് ജപ്പാനും അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയും.
https://www.facebook.com/Malayalivartha

























