ബിക്കിനി ധരിച്ചില്ല: നോര്‍വേയുടെ വനിത ബീച്ച് ഹാന്‍ഡ് ബോള്‍ ടീമിന് പിഴ ചുമത്തി യൂറോപ്യന്‍ ഹാന്‍ഡ്‌ബോള്‍ ഫെഡറേഷൻ; 150 യൂറോ വീതം ഓരോ താരവും പിഴ അടക്കണം

യൂറോപ്യന്‍ വനിത ബീച്ച് ഹാന്‍ഡ് ബോള്‍ ടൂര്‍ണമെന്റില്‍ ബിക്കിനി ധരിച്ച് മത്സരിക്കാത്തതിന് നോര്‍വേയുടെ ദേശീയ ടീമിന് പിഴ ചുമത്തി. മത്സരം സംഘടിപ്പിക്കുന്ന യൂറോപ്യന്‍ ഹാന്‍ഡ്‌ബോള്‍ ഫെഡറേഷനാണ് പിഴ വിധിച്ചത്. ശരിയായ വസ്ത്രധാരണം അല്ലെന്ന കുറ്റത്തിന് ഒരോ താരത്തിനും 150 യൂറോ വീതമാണ് പിഴ വിധിച്ചത്.
ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത് ബെല്‍ജിയത്തിലെ വെര്‍ണയിലാണ്. ഇവിടെ ഞായറാഴ്ച ലൂസേഴ്സ് ഫൈനലില്‍ സ്പെയിനുമായുള്ള മത്സരത്തില്‍ ബീച്ച് ഹാന്‍ഡ് ബോള്‍ വേഷമായ ബിക്കിനിക്ക് പകരം ഷോര്‍ട്ട് ഇട്ടാണ് നോര്‍വീജിയന്‍ ടീം കളത്തിലിറങ്ങിയത്. മത്സരത്തിന്റെ സംഘാടകര്‍ ഉണ്ടാക്കിയ അച്ചടക്ക സമിതിയാണ് കുറ്റം കണ്ടെത്തി പിഴ വിധിച്ചത്.
അതേസമയം, കളിക്കാര്‍ക്ക് വേണ്ടി തങ്ങള്‍ തന്നെ പിഴയടക്കുമെന്ന് നോര്‍വീജിയന്‍ ഹാന്‍ഡ് ബോള്‍ അസോസിയേഷന്‍ വ്യക്തമാക്കി. എന്നാല്‍ സംഭവത്തില്‍ തങ്ങളുടെ താരങ്ങള്‍ക്കൊപ്പമാണ് തങ്ങളെന്നും സംഘടന ഇന്‍സ്റ്റാഗ്രാം പേജിലൂടെ അറിയിച്ചു. കൂടാതെ, കളിക്കാര്‍ക്ക് അനുയോജ്യമായ വസ്ത്രങ്ങള്‍ അവരുടെ സൗകര്യത്തിന് അനുസരിച്ച് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം വേണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha

























