സ്വിറ്റ്‌സർലൻഡിലെ ലോസാനിൽ നടന്ന ഡയമണ്ട് ലീഗ് മീറ്റിൽ വെള്ളി മെഡൽ സ്വന്തമാക്കി ഇന്ത്യയുടെ ഒളിംപിക് ചാംപ്യൻ നീരജ് ചോപ്ര

സ്വിറ്റ്‌സർലൻഡിലെ ലോസാനിൽ നടന്ന ഡയമണ്ട് ലീഗ് മീറ്റിൽ വെള്ളി മെഡൽ സ്വന്തമാക്കി ഇന്ത്യയുടെ ഒളിംപിക് ചാംപ്യൻ നീരജ് ചോപ്ര . ആവേശകരമായ പോരാട്ടത്തിൽ കേവലം 9 സെന്റീമീറ്ററിന്റെ വ്യത്യാസത്തിലാണ് ശ്രീലങ്കൻ താരം റുമേഷ് പതിരഗെയ്ക്ക് മുന്നിൽ നീരജിന് ഒന്നാം സ്ഥാനം നഷ്ടമായത്.
സീസണിലെ ഏറ്റവും മികച്ച ദൂരമായ 88.05 മീറ്റർ കണ്ടെത്താനായി നീരജിനായെങ്കിലും 88.14 മീറ്റർ ദൂരം എറിഞ്ഞ പതിരഗെ സ്വർണം സ്വന്തമാക്കി.
ആദ്യ ശ്രമത്തിൽ 83.54 മീറ്റർ എറിഞ്ഞ നീരജ്, രണ്ടാം ശ്രമത്തിൽ 88.05 മീറ്റർ ദൂരം കണ്ടെത്തി ഒന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തി.
തൊട്ടടുത്ത മൂന്നാം ശ്രമത്തിൽ 88.14 മീറ്റർ എറിഞ്ഞ് റുമേഷ് പതിരഗെ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കുകയായിരുന്നു. മൂന്നാം ശ്രമത്തിൽ 83.72 മീറ്ററും നാലാം ശ്രമത്തിൽ ഫൗളും വഴങ്ങിയ നീരജ് അഞ്ചാം ശ്രമം ഉപേക്ഷിക്കുകയും ചെയ്തു. അവസാന ശ്രമത്തിൽ 82.15 മീറ്റർ മാത്രമാണ് നീരജിന് എറിയാനായത്. 86.69 മീറ്റർ ദൂരം കണ്ടെത്തിയ ഗ്രെനഡയുടെ ആൻഡേഴ്‌സൺ പീറ്റേഴ്‌സ് മൂന്നാം സ്ഥാനത്തെത്തി.പരിക്കിൽ നിന്നും മുക്തനായി തിരിച്ചെത്തിയ ശേഷമുള്ള നീരജ് ചോപ്രയുടെ ഈ വർഷത്തെ മൂന്നാമത്തെ മാത്രം മത്സരമായിരുന്നു ഇത്.
ദോഹ ഡയമണ്ട് ലീഗിലെ നാലാം സ്ഥാനവും കോമൺവെൽത്ത് ഗെയിംസിലെ വെള്ളി മെഡലിനും ശേഷമാണ് നീരജ് സീസണിലെ തന്റെ ഏറ്റവും മികച്ച ദൂരം സ്വിറ്റ്‌സർലൻഡിൽ കുറിച്ചത്. ഡയമണ്ട് ലീഗിൽ ഹാട്രിക് തികച്ച റുമേഷ് പതിരഗെയും നീരജ് ചോപ്രയും അടുത്തതായി ഏറ്റുമുട്ടുന്നത് സെപ്റ്റംബർ 19ന് ആരംഭിക്കുന്ന ഏഷ്യൻ ഗെയിംസിലാണ്.
https://www.facebook.com/Malayalivartha


























