ശര്‍ക്കര വരട്ടി തയ്യാറാക്കാം

ഓണക്കാലമെത്തിയതോടെ എല്ലാപേരും നെട്ടോട്ടമാണ്. ഓണം കെങ്കേമമായി ആഘോഷിക്കാനുള്ള തത്രപ്പാടിലാണ് എല്ലാവരും. കൂടാതെ ഓണസദ്യയ്്ക്കുള്ള ഒരുക്കങ്ങളും ചെയ്യണം. ഓണസദ്യയില്‍ പായസവും ഉപ്പേരിയും ശര്‍ക്കര വരട്ടിയുമാണ് മുഖ്യമായുള്ളത്. ഉപ്പേരിയും ശര്‍ക്കര വരട്ടിയും നമുക്ക് വീട്ടില്‍ തന്നെ പാചകം ചെയ്യാവുന്നതാണ്. ശര്‍ക്കര വരട്ടി എങ്ങനെയാണ് ഉണ്ടാക്കുന്നതെന്നു നോക്കാം.
ചേരുവകള്‍
പച്ച ഏത്തക്കായ് - നാലു വലുത്
ശര്‍ക്കര ചീകിയത് - മുക്കാല്‍ കപ്പ്
പഞ്ചസാര - കാല്‍ കപ്പ് (മധുരം വേണ്ടതനുസരിച്ച്)
ചുക്കുപൊടി - ഒന്നര ടീസ്പൂണ്‍
ഏലയ്ക്കാ പൊടി - മുക്കാല്‍ ടീസ്പൂണ്‍
ജീരകപ്പൊടി - കാല്‍ ടീസ്പൂണ്‍
നെയ്യ് (വേണമെങ്കില്‍ മാത്രം) - രണ്ട് ടീസ്പൂണ്‍
മഞ്ഞള്‍ പൊടി - കാല്‍ ടീസ്പൂണ്‍
വെളിച്ചെണ്ണ
പാചകരീതി
ഏത്തക്കായ് നെടുകെ രണ്ടായി കീറിയശേഷം വട്ടത്തില്‍ അല്‍പം കട്ടിയായി അരിഞ്ഞെടുക്കുക. കായ് വറക്കുന്നതിന് അരിയുന്നതിനേക്കാള്‍ കനത്തില്‍ വേണം അരിയുവാന്‍. (ഏത്തക്കായ് തൊലി നീക്കിയശേഷം അല്‍പം മഞ്ഞള്‍പ്പൊടി കലക്കിയ വെള്ളത്തില്‍ 15 മിനിറ്റോളം മുക്കിവയ്ക്കുന്നത് ഏത്തക്കായ്ക്ക് മഞ്ഞനിറം കിട്ടുവാനും ശര്‍ക്കര വരട്ടിക്ക് നല്ല നിറം കിട്ടുവാനും നല്ലതാണ്). ചീനച്ചട്ടിയില്‍ വെള്ളിച്ചെണ്ണയൊഴിച്ച് ഈ ഏത്തക്കായ് കഷണങ്ങളിട്ട് മൂപ്പിച്ചെടുക്കുക. തവി മാറ്റാതെ ഇളക്കിക്കൊണ്ടിരുന്നാല്‍ ഏത്തക്കായ് കഷണങ്ങള്‍ ഒട്ടിപ്പിടിക്കാതിരിക്കും. ചെറുതീയില്‍ വറുക്കുന്നതാണ് ഉത്തമം. നന്നായി മൂക്കുന്നതുവരെ വറുക്കണം. (ഇളം ബ്രൗണ്‍ നിറം) നല്ല കരുകരുപ്പാകുമ്പോള്‍ എണ്ണ വാര്‍ന്നുപോകുവാന്‍ വയ്ക്കണം. വെള്ളപേപ്പറിലോ മറ്റോ ഇട്ട് എണ്ണ കളയുന്നത് നല്ലതായിരിക്കും. ഇനി ശര്‍ക്കരപ്പാവ് തയാറാക്കണം. ചുവടുകട്ടിയുള്ള പാത്രത്തില്‍ ശര്‍ക്കര അല്‍പം വെള്ളം ചേര്‍ത്ത് ഇളക്കണം. മണ്ണുള്ള ശര്‍ക്കരയാണെങ്കില്‍ ആദ്യംതന്നെ ശര്‍ക്കര കുറച്ച് വെള്ളത്തിലിട്ട് അലിയിച്ച് അരിച്ചെടുക്കുന്നത് നല്ലതാണ്. ഉണ്ടശര്‍ക്കര പൊടിച്ചതും ആവശ്യാനുസരണം ഉരുക്കിയെടുക്കാവുന്നതാണ്. (ശര്‍ക്കര ഉരുക്കുമ്പോള്‍ ആവശ്യമായ പഞ്ചസാരയും രുചി കൂട്ടുവാന്‍ ചിലര്‍ ചേര്‍ക്കാറുണ്ട്്). വെള്ളം വറ്റിത്തുടങ്ങുമ്പോള്‍ ചെറു തീയെ പാടുള്ളൂ. ശര്‍ക്കര നൂല്‍പ്പരുവത്തില്‍ ആകുമ്പോള്‍ വാങ്ങിവച്ചശേഷം അതിലേക്ക് ചുക്കുപൊടി, ഏലക്കാപ്പൊടി, ജീരകപ്പൊടി എന്നിവയും ചേര്‍ത്തിളക്കുക. ഇനി കായവറുത്തതുകൂടി ഇട്ട് ഇളക്കണം. (പഞ്ചസാരയും നെയ്യും കായ് വറുത്തതിനൊപ്പം ചേര്‍ക്കുന്നവരുമുണ്ട്്). ശര്‍ക്കരപ്പാനി തയാറാക്കുമ്പോള്‍ പഞ്ചസാര ചേര്‍ത്തിട്ടുണെ്ടങ്കില്‍ ഇപ്പോള്‍ ചേര്‍ക്കേണ്ടതില്ല. നെയ്യ് മാത്രം ചേര്‍ത്താല്‍ മതിയാകും. പിടിച്ചിരിക്കുന്ന രീതിയില്‍ ഇളക്കിയെടുക്കണം. ചൂടാറുന്നതിനു മുമ്പുതന്നെ കഷണങ്ങള്‍ വേര്‍പെടുത്തുവാന്‍ വേണ്ടി ഇളക്കിക്കൊടുക്കണം. ചൂടാറിയശേഷം ഉപയോഗിക്കാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha