സംസ്ഥാനത്തിന് പുറത്തുനിന്നടക്കം നിരവധി സഞ്ചാരികള്‍ .... മൂന്നാറിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്

മൂന്നാറിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. ജില്ലയിലേക്കെത്തിയ സഞ്ചാരികളുടെ എണ്ണം ലക്ഷത്തിനടുത്ത്. പൂജ അവധിയോടനുബന്ധിച്ച് സംസ്ഥാനത്തിന് പുറത്തുനിന്നടക്കം നിരവധി സഞ്ചാരികള്‍ എത്തിയതോടെയാണ് നാലുദിവസം സന്ദര്‍ശകരാല്‍ നിറഞ്ഞത്.
വാഗമണ്‍ മൊട്ടക്കുന്ന് കാണാന്‍ തിങ്കളാഴ്ച മാത്രം എത്തിയത് പതിനായിരത്തിലധികം പേരാണ്. വാഗമണ്‍ അഡ്വഞ്ചര്‍ പാര്‍ക്കില്‍ 20,000 പേര്‍ ഈ ദിവസങ്ങളില്‍ സന്ദര്‍ശിച്ചു.
ചൊവ്വാഴ്ചത്തെ കണക്ക് കൂടി എടുത്താല്‍ സഞ്ചാരികളുടെ എണ്ണം ഒരുലക്ഷം കവിയുമെന്നാണ് ഡി.ടി.പി.സി അധികൃതര്‍ . ഇതുകൂടാതെ ജില്ലയിലെ മറ്റ് ടൂറിസം സെന്ററുകളിലും നിരവധി സഞ്ചാരികളാണ് കഴിഞ്ഞ ദിവസങ്ങളിലായി എത്തിച്ചേര്‍ന്നത്. മൂന്നാറിലേക്കും ഒട്ടേറെ സന്ദര്‍ശകരെത്തി. മാട്ടുപ്പെട്ടിയിലും രാജമലയിലും കഴിഞ്ഞ ദിവസങ്ങളില്‍ വലിയ തിരക്കായിരുന്നു.
തേക്കടി, രാമക്കല്‍മേട്, കാല്‍വരിമൗണ്ട്, അഞ്ചുരുളി, പരുന്തുംപാറ, പാഞ്ചാലിമേട്, പാല്‍ക്കുളംമേട്, അരുവിക്കുഴി, തൊമ്മന്‍കുത്ത്, ആനയാടിക്കുത്ത്, മലങ്കര എന്നിവിടങ്ങളിലും തദ്ദേശീയരായ സഞ്ചാരികളുടെ തിരക്ക് അനുഭവപ്പെട്ടു.
വാഗമണില്‍ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. ഇടുക്കി-ഏലപ്പാറ-വാഗമണ്‍ റൂട്ടിലും ഈരാറ്റുപേട്ട റൂട്ടിലും ഗതാഗത തടസ്സമുണ്ടായി. കെ.എസ്.ആര്‍.ടി.സി സ്വകാര്യ ബസുകളും വിനോദസഞ്ചാരികളുടെ വാഹനങ്ങളും കുരുക്കില്‍പെട്ടു.
അതേസമയം മൂന്നാര്‍-മറയൂര്‍ റൂട്ടില്‍ രാജമലയുടെ പ്രവേശന കവാടമായ അഞ്ചാം മൈലിലും ഗതാഗതക്കുരുക്ക് യാത്രക്കാരെ വലച്ചു. യാത്രാബസുകള്‍ വരെ ഈ കുരുക്കില്‍പെട്ട് മണിക്കൂറുകള്‍ വൈകിയാണ് ഓടിയത്. തിങ്കളാഴ്ച 2800 പേരാണ് രാജമല സന്ദര്‍ശിച്ചത്.
അഞ്ചാം മൈലില്‍നിന്ന് വനം വകുപ്പിന്റെ വാഹനങ്ങളിലാണ് ആറര കിലോമീറ്റര്‍ ദൂരെ രാജമലയിലേക്ക് സന്ദര്‍ശകരെ കൊണ്ടുപോകുന്നതും തിരിച്ചെത്തിക്കുന്നതും. പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമായി ഈ റൂട്ടില്‍ ബഗികാര്‍ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha