വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു:- മലയോര/ തീരദേശ മേഖലയിൽ പ്രത്യേക ജാഗ്രത നിർദ്ദേശം...

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
കേരളത്തിൽ വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാൽ മഴ ശക്തി പ്രാപിക്കാൻ സാധ്യതയുള്ള മലയോര/ തീരദേശ മേഖലയിൽ പ്രത്യേക ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ് നൽകുന്നു. അതേ സമയം കഴിഞ്ഞ ദിവസം പെയ്ത മഴയിൽ തിരുവനന്തപുരം നഗരത്തിന്റെ സമീപ പ്രദേശങ്ങളിൽ വീടുകളിലേക്ക് വെള്ളം കയറി.
വർഷങ്ങളായി ഇതേ കാര്യം സംഭവിച്ചിട്ടും ഇതിനു പരിഹാരം കാണാൻ അധികൃതർക്കായിട്ടില്ല. ഇന്നലെ ഉച്ചയ്ക്കു ശേഷം പെയ്ത മഴയിൽ നഗരപരിധിയിൽ രണ്ടിടങ്ങളിലായി വാഹനങ്ങൾ വെള്ളക്കെട്ടിൽ അകപ്പെട്ടു. ഒട്ടേറെ റോഡുകൾ വെള്ളത്തിലായി. വീടുകളിൽ വെള്ളം കയറി.
ഇവയെല്ലാം പരിഹരിക്കാൻ ജില്ലാ കലക്ടർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെങ്കിലും എന്ന് സാധ്യമാകും എന്ന ചോദ്യമാണ് ജനങ്ങളിൽ ശേഷിക്കുന്നത്. ഇന്നലെ കനത്ത മഴയെത്തുടർന്ന് ശാസ്തമംഗലം കൊച്ചാർ റോഡ്, ഗൗരീശപട്ടം തേക്കുംമൂട്, ഇടപഴഞ്ഞി ചിത്രാനഗർ എന്നിവിടങ്ങളിൽ വെള്ളം കയറി. മരുതംകുഴി പടയണി ഗാർഡൻസിൽ ഒട്ടേറെ വീടുകളിൽ ഇന്നലെ വൈകിട്ടോടെ വെള്ളം കയറി.
സമീപ ഓടകളിൽ മണ്ണ് വീണ് ഒഴുക്ക് തടസ്സപ്പെട്ടതാണ് കാരണമെന്ന് പ്രദേശവാസികൾ പറയുന്നു. കഴിഞ്ഞ ദിവസവും ഇതേ അവസ്ഥ ഉണ്ടായെന്നും എന്നാൽ നടപടി എടുത്തില്ലെന്നും ഇവർ ആരോപിക്കുന്നു. എസ്എസ് കോവിൽ റോഡ്, മോഡൽ സ്കൂൾ ജംക്‌ഷൻ, ഈഞ്ചക്കൽ–വള്ളക്കടവ് റോഡ്, വെള്ളയമ്പലം ജംക്‌ഷൻ തുടങ്ങിയ പ്രദേശങ്ങൾ പതിവ് വെള്ളക്കെട്ട് പ്രദേശങ്ങളാണ്.
നഗരത്തിന്റെ പലഭാഗങ്ങളിലും വെള്ളക്കെട്ടിനു കാരണം ഓട മാലിന്യം കയറി അടഞ്ഞതാണെന്ന് നാട്ടുകാർ പറയുന്നു. ഇന്നലെ മാത്രം നഗരത്തിന്റെ പലയിടങ്ങളിലായി നടന്ന പത്തോളം സംഭവങ്ങളിൽ നേരിട്ടെത്തി ദൗത്യനിർവഹണം നടത്തി തിരുവനന്തപുരം ഫയർഫോഴ്സ് യൂണിറ്റ്. വെള്ളക്കെട്ടും മരം വീണതും വീട് തകർന്നതും ഉൾപ്പെടെയുള്ള സംഭവങ്ങളിൽ ഇവർ രക്ഷാ പ്രവർത്തനം നടത്തി.
അഗ്നിരക്ഷാ നിലയത്തിൽ നിന്നു ഗ്രേഡ് അസിസ്റ്റന്റ് എസ്.ജയകുമാറിന്റെ നേതൃത്വത്തിലുള്ള സേനാംഗങ്ങളാണ് പങ്കെടുത്തത്. ശക്തമായ മഴയിലും കാറ്റിലും മരങ്ങൾ വീണ് വിളവൂർക്കൽ പഞ്ചായത്തിലെ വീടിന് നാശം ഉണ്ടായി. ഗൃഹനാഥൻ പരുക്കേൽക്കാതെ രക്ഷപ്പെട്ടത്ത ലനാരിഴയ്‌ക്കായിരുന്നു. ശനിയാഴ്ച രാത്രിയാണ് ജയകുമാർ വിൽസന്റെ വീടിനു മുകളിലൂടെ സമീപത്തെ കൂറ്റൻ പുളി മരവും തേക്കും വീണത്. ഷീറ്റിട്ട മേൽക്കൂര പൂർണമായും തകർന്നു.
ചുവരുകൾ വിണ്ടുകീറി. ജയകുമാർ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ശബ്ദം കേട്ട് ജയകുമാർ പുറത്തേക്ക് ഇറങ്ങിയതിനാൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ശനിയാഴ്ച രാത്രി മലയിൻകീഴ് – പാപ്പനംകോട് റോഡിൽ വിളവൂർക്കൽ ചന്തയ്ക്കു സമീപം കൂറ്റൻ മരം കടപുഴകി വീണു, രാത്രി റോഡിൽ വാഹനങ്ങളും യാത്രക്കാരും ഇല്ലാതിരുന്നതിനാൽ ആളപായമില്ല. സമീപത്തെ ബസ്‌സ്റ്റോപ്പിനു ചെറിയ തകരാർ ഉണ്ടായി.
മലയിൻകീഴ് പണ്ടാരകണ്ടം ഭാഗത്തും മരം റോഡിൽ വീണ് ഗതാഗതതടസ്സം ഉണ്ടായി. വിളവൂർക്കൽ പഞ്ചായത്തിലെ വിഴവൂർ വാർഡിലെ ചേനവിള ഷാനു നിവാസിൽ അനിലിന്റെ വീടിനോട് ചേർന്നുള്ള പതിനഞ്ചടിയോളം ഉയരമുള്ള സംരക്ഷണഭിത്തിയുടെ ഒരു ഭാഗം ഇടിഞ്ഞു വീണു. കരിങ്കല്ല് കൊണ്ടു നിർമിച്ച ഭിത്തിയാണ് ഇന്നലെ മഴയിൽ തകർന്നത്. വിളവൂർക്കൽ മലയം തൊഴുപുരവിള രമ്യയുടെ വീടിന്റെ അടിസ്ഥാനത്തിലെ ഭാഗം ഉൾപ്പെടെ മൺതിട്ട ഇടിഞ്ഞു തോട്ടിലേക്കു പതിഞ്ഞു.
https://www.facebook.com/Malayalivartha