ഓണ്‍ലൈന്‍ ബാങ്കിംഗ് ഇടപാടുകാര്‍ ജാഗ്രതൈ; എസ്ബിഐയില്‍ ഒന്നര ലക്ഷം ഡെപ്പോസിറ്റ് ചെയ്ത സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറുടെ ബാലന്‍സ് 16 രൂപ

ഓണ്‍ലൈന്‍ ബാങ്കിംഗ് ഇടപാടുകള്‍ നടത്തുന്നവര്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണം പോകുന്ന വഴി അറിയില്ല. ന്യൂജനറേഷന്‍ ബാങ്കുകളിലും ദേശാസാല്‍കൃത ബാങ്കുകളിലും നെറ്റ്‌സൗകര്യം വാഗ്ദാനം ചെയ്യുന്നതുകണ്ട് ഓണ്‍ ലൈന്‍ അക്കൗണ്ട് തുടങ്ങുന്നവരാണ് സൂക്ഷിക്കേണ്ടത്.
എ ടി എം കൗണ്ടറുകളിലൂടെ അന്യരുടെ അക്കൗണ്ടില്‍നിന്നും പണം തട്ടുന്ന അതേ വിദ്യതന്നെയാണ് ഓണ്‍ ലൈന്‍ ബാങ്കിംഗിലും നടക്കുന്നത്. ഇതിനായി പുതിയ സോഫ്റ്റ് വെയര്‍ തന്നെ രൂപപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തില്‍ ഇന്റര്‍നെറ്റ് ഓണ്‍ ലൈന്‍ ബാങ്കിംഗിലൂടെ ഒന്നര ലക്ഷം രൂപ നഷ്ടപ്പെട്ട ആളാണ് ചെങ്ങന്നൂര്‍ കീഴ്‌ചേരിമേല്‍ കിഴക്കേഅറ്റത്ത് വീട്ടില്‍ കെ.എസ് അരവിന്ദന്റെ മകള്‍ അര്‍ച്ചനാ അരവിന്ദ്. അര്‍ച്ചന ഓണ്‍ലൈന്‍ വഴി അക്കൗണ്ട് തുറന്നത് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലായിരുന്നു.
ബാംഗ്ലൂരില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ അര്‍ച്ചന ചെങ്ങന്നൂരിലെ ബാങ്ക് ശാഖയില്‍ 30202260036 നമ്പരായുള്ള സേവിങ്‌സ് ബാങ്ക് അക്കൗണ്ടില്‍നിന്നും പണം എടുക്കാന്‍ ബാങ്കിലെത്തിയപ്പോഴാണ് തട്ടിപ്പുവിവരം അറിയുന്നത്. 1.5 ലക്ഷത്തോളം രൂപ നിക്ഷേപിക്കപ്പെട്ട അക്കൗണ്ടില്‍ ഇപ്പോള്‍ 16 രൂപ മാത്രമാണ് ബാലന്‍സ്. തട്ടിപ്പ് ചൂണ്ടിക്കാട്ടി അര്‍ച്ചന നല്‍കിയ പരാതി ബാങ്ക് പരിശോധിച്ച് തട്ടിപ്പ് മനസിലാക്കിയെങ്കിലും അധികൃതര്‍ കൈമലര്‍ത്തുകയായിരുന്നു. ഇപ്പോള്‍ ബാങ്കിനെതിരെ നിയമനടപടിക്കായി കോടതിയില്‍ പോകാനൊരുങ്ങുകയാണ് അര്‍ച്ചന.
കൊല്‍ക്കത്ത, പൂന എന്നിവിടങ്ങളില്‍നിന്നുള്ളവരാകാം തട്ടിപ്പുകാരെന്നാണു ബാങ്ക്‌രേഖകള്‍ നല്‍കുന്ന സൂചന. തട്ടിപ്പുകാര്‍ രണ്ട് അക്കൗണ്ട് നമ്പറുകളിലൂടെ രണ്ടു പ്രാവശ്യം 40,000 രൂപ വീതവും, 26,000 രൂപ ഒറ്റത്തവണയായുമാണ് പിന്‍വലിച്ചിട്ടുള്ളതെന്നു ബാങ്ക് രേഖകള്‍ വ്യക്തമാക്കുന്നു
ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ മലയാളികളെ ലക്ഷ്യംവച്ച് ഒട്ടേറെയുണ്ടാകുന്നുണ്ട്. ഈയിടെ മലപ്പുറത്ത് ഒരു അമ്മയും മകനും ഓണ്‍ലൈന്‍വഴി ലഭിച്ച സന്ദേശത്തെ തുടര്‍ന്ന് അജ്ഞാതന് അയച്ചുകൊടുത്തത് 36 ലക്ഷം രൂപയാണ് ഇവര്‍ക്ക് ലഭിച്ച വാഗ്ദാനം സ്വര്‍ണസാന്നിദ്ധ്യമുള്ള എന്‍ജിന്‍ ഓയില്‍ നല്‍കാമെന്നായിരുന്നു. ഒടുവില്‍ അമ്മയും മകനും കൂടി ഓയില്‍ എടുക്കാന്‍ വണ്ടിയും പിടിച്ച് ആരുമറിയാതെ ഡല്‍ഹിയിലെത്തിയപ്പോഴാണ് പറ്റിപ്പാണെന്ന് മനസിലായത്. അജ്ഞാതന്‍ നല്‍കിയ മേല്‍വിലാസത്തില്‍ അങ്ങനെ ഒരു കമ്പനി പോയിട്ട് ബോര്‍ഡുപോലുമില്ലായിരുന്നു.
കൊല്ലത്ത് ഇന്റര്‍നെറ്റിലൂടെ ലഭിച്ച സന്ദേശത്തെ തുടര്‍ന്ന് യുവാവ് അയച്ചുകൊടുത്തത് ലക്ഷങ്ങള്‍. ഇയാള്‍ക്ക് ലഭിച്ചത് നൈജീരിയയില്‍ അപ്പനും അമ്മയും വംശീയ കലാപത്തില്‍ നഷ്ടപ്പെട്ട യുവതി ആശ്രിതരെ തേടുന്നുവെന്ന പതിവു തട്ടിപ്പുപരിപാടി തന്നെ. നിരവധിപേര്‍ വലയില്‍വീണിട്ടുള്ള ഈ തട്ടിപ്പില്‍ കൊല്ലത്തെ യുവാവും വീഴുകയായിരുന്നു. യുവതിയുടെ അന്വേഷണത്തില്‍ താങ്കളെ സ്വീകരിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ടെന്നും ഇവരുടെ സ്വത്തുവകകള്‍ താങ്കളുടെ ബാങ്കിലേക്ക് മാറ്റാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നുമാണ് അറിയിപ്പ്.
രാജ്യാന്തര ബാങ്കിങ് ആയതുകൊണ്ടുതന്നെ നടപടികള്‍ എളുപ്പത്തിലാക്കാന്‍ ആവശ്യമായ തുക അയച്ചുതരണമെന്നാണ് ഏജന്‍സി ആവശ്യപ്പെട്ടത്. ഇതുകേട്ട് ആവേശം മൂത്ത യുവാവ് കൈയിലുള്ളതും കടം വാങ്ങിയും അജ്ഞാതന്‍ നല്‍കിയ അക്കൗണ്ടില്‍ പണം ഇട്ടുകൊടുത്തു. വരാന്‍ പോകുന്ന ഭാരിച്ച സ്വത്തിനെ കുറിച്ച് ഓര്‍ത്ത് യുവാവ് നാളുകള്‍ കഴിച്ചെങ്കിലും ഒന്നും വന്നില്ല. ഇതിനിടെ സുന്ദരിയായ യുവതിയുടെ ചിത്രം അയച്ച് തട്ടിപ്പുകാര്‍ യുവാവിനെ പ്രലോഭിപ്പിച്ചുകൊണ്ടുമിരുന്നു. യുവതിയെ നേരാംവണ്ണം സംരക്ഷിച്ചുകൊള്ളണമെന്ന നിര്‍ദേശവും സന്ദേശത്തിലുണ്ടായിരുന്നു.
ഇങ്ങനെ നൂറുകണക്കിന് മലയാളികള്‍ ഓണ്‍ലൈനിലൂടെ ദിവസവും പറ്റിക്കപ്പെട്ടുകൊണ്ടെയിരിക്കുന്നു
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha