വാട്ട്‌സ് അപ്പും ഇന്‍സ്റ്റഗ്രാമും ഫെയ്‌സ് ബുക്ക് മെസഞ്ചറും സംയോജിക്കുന്നു; ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള മെസഞ്ചര്‍ ആപ്ലിക്കേഷനുകൾ ഒരുമിപ്പിക്കാനുള്ള പണിപ്പുരയിൽ മാര്‍ക്ക് സക്കര്‍ബര്‍ഗ്

ഫെയ്‌സ് ബുക്കിന്റെ മെസഞ്ചര്‍ ആപ്ലിക്കേഷനുകളായ വാട്ട്‌സ് അപ്പും ഇന്‍സ്റ്റഗ്രാമും ഫെയ്‌സ് ബുക്ക് മെസഞ്ചറും ഒറ്റക്കുടകകീഴിലെത്തിക്കാനൊരുങ്ങുന്നു. മൂന്നിന്റെയും ഉപയോക്താക്കള്‍ക്ക് ഫെയ്‌സ്ബുക്കില്‍ നിന്ന് സന്ദേശങ്ങള്‍ പങ്കുവെയ്ക്കാന്‍ കഴിയുന്ന സംവിധാനമാണ് നിലവില്‍ സജ്ജീകരിക്കാനൊരുങ്ങുന്നത്.
ഫെയ്‌സ് ബുക്കിന്റെ സിഇഒ ആയ മാര്‍ക്ക് സക്കര്‍ബര്‍ഗ് ഈ സ്വപ്‌ന പദ്ധതിയുടെ പണിപ്പുരയിലാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഈ മൂന്ന് മെസേജ് സംവിധാനങ്ങളും പരസ്പരം യോജിപ്പിച്ച് പ്രവര്‍ത്തനക്ഷമമാക്കുന്നതിന്റെ ഭാഗമായി മൂന്ന് ആപ്പുകളുടേയും അടിസ്ഥാന സോഫ്റ്റുവെയറുകളില്‍ ആവശ്യമായ അഴിച്ചുപണികള്‍ നടത്തും.
ഒരു വാട്ട്‌സ് ആപ്പ് ഉപയോക്താവിന് ആപ്പ് മാറാതെതന്നെ ഇന്‍സ്റ്റഗ്രാം ഉപയോക്താവിന് സന്ദേശങ്ങള്‍ അയക്കാന്‍ കഴിയും. ഇത് നിലവില്‍ വരുന്നതോടെ ഇത്തരത്തില്‍ പരസ്പരം സന്ദേശങ്ങള്‍ കൈമാറാന്‍കഴിയുന്ന ഏക സംവിധാനമായി മാറും. ഒരേപ്ലാറ്റ് ഫോമില്‍ നിന്ന് മറ്റ് ആപ്പുകളിലേക്ക് ഒരേ സമയം സന്ദേശങ്ങള്‍ കൈമാറുമ്പോള്‍തന്നെ അവ സന്ദേശം അയക്കുകയും അത് സ്വീകരിക്കുകയും ചെയ്യുന്ന ഉപഭോക്താക്കളല്ലാതെ മറ്റാരും കാണുന്നില്ല എന്ന് ഉറപ്പുവരുത്തുന്നതിനുള്ള മുന്‍കരുതലായ ഇ ടു ഇ സംവിധാനവും ഏര്‍പ്പെടുത്തുന്നു. ഇതിലൂടെ ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പാക്കാന്‍ കഴിയുമെന്നും ന്യൂയോര്‍ക്ക് ടൈംസ് ലേഖകന്‍ മൈക് ഐസക് റിപ്പോര്‍ട്ട് ചെയ്യുന്നു.
വലിയ പ്രക്രിയയുടെ തുടക്കമാണിതെന്നാണ് പുതിയ പദ്ധതിയെ കുറിച്ച് ഫേസ്ബുക്കിന്റെ പ്രതികരണം. മൂന്ന് മെസഞ്ചര്‍ സര്‍വീസ് ആപ്പുകളും വെവ്വേറെ നിലനില്‍ക്കുമ്പോള്‍തന്നെ ഒന്നില്‍നിന്ന് മറ്റൊന്നിലേക്ക് സന്ദേശങ്ങള്‍ പോകുന്ന തരത്തില്‍ ബന്ധിപ്പിക്കുകയാണ് ചെയ്യുക. പദ്ധതി പൂര്‍ത്തിയായല്‍ ഒരു ഫേസ്ബുക്ക് ഉപയോക്താവിന് ഫേസ്ബുക്ക് ഇന്‍സ്റ്റാള്‍ ചെയ്യാത്തയാളുടെ വാട്സാപ്പിലേക്ക് നേരിട്ട് സന്ദേശമയക്കാന്‍ കഴിയും. പൊതുവായി ബന്ധിപ്പിക്കാത്തതിനാല്‍ നിലവില്‍ ഇതു സാധ്യമല്ല. അതേസമയം മൂന്നു പ്ലാറ്റ്‌ഫോമുകളും സംയോജിപ്പിക്കാനുള്ള പ്രക്രിയ ആരംഭിച്ചു കഴിഞ്ഞുവെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
https://www.facebook.com/Malayalivartha
























