കേരളത്തിലെ ആദ്യത്തെ മാംസ സംസ്‌കരണ പ്ലാന്റ് കാസര്‍കോട്ട്; നിരവധി തൊഴില്‍ സാധ്യതകള്‍

കേരളത്തിലെ ആദ്യത്തെ മാംസ സംസ്‌കരണ യൂണിറ്റും, പ്രത്യേക കോഴ്‌സുകള്‍ ഉള്‍പ്പെടുത്തിയ കോളേജും കാസര്‍കോട് മടിക്കൈയില്‍ വരുന്നു. കൂടാതെ ലോകത്തിലെ തന്നെ ആദ്യത്തെ വേര്‍ട്ടിക്കല്‍, അതായത് അഞ്ചു തട്ടുകളിലായി മൃഗങ്ങളെ വളര്‍ത്തുന്ന ആകാശ വ്യവസായശാലയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്ഥലപരിമിതിയുള്ള കേരളത്തില്‍ മറ്റു സംസ്ഥാനങ്ങളെപ്പോലെയുള്ള കാര്‍ഷിക രീതികള്‍ അനുയോജ്യമല്ലാത്തതിനാലാണ് വേര്‍ട്ടിക്കല്‍ രീയിലുള്ള കൃഷിരീതി ഒരുക്കുന്നത്. വിദേശ കയറ്റുമതി ഉള്‍പ്പെടെ, മാംസ സംസ്‌കരണ രംഗത്ത് നിരവധി തൊഴില്‍ സാധ്യതകളാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യയില്‍ ഇത്തരത്തിലുള്ള 29 ഗവ. അംഗീകൃത സ്ഥാപനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. കേന്ദ്രസംസ്ഥാന സര്‍ക്കാര്‍, വെറ്റിനറി സര്‍വകലാശാല എന്നിവ സംയുക്തമായി സഹകരിച്ച് മടിക്കൈ ഗ്രാമപഞ്ചായത്തിലെ കാഞ്ഞിരപ്പൊയിലാണ് ഇതിനാവശ്യമായ ഭൂമി കണ്ടെത്തിയത്.
മൃഗസംരക്ഷണ വകുപ്പിന്റെ സഹായത്തോടെ വടക്കന്‍ കേരളത്തില്‍ ആട്, പന്നി, കോഴി തുടങ്ങിയവയെ വളര്‍ത്തി മാംസ സംസ്‌കരണ യൂണിറ്റിലേക്ക് നല്‍കാവുന്നതാണ്. ഇതിനാല്‍ വിപണി കണ്ടെത്താന്‍ കൃഷിക്കാര്‍ക്ക് ബുദ്ധിമുട്ടേണ്ടി വരില്ല. വളര്‍ത്തു മൃഗങ്ങള്‍ക്കാവശ്യമായ തീറ്റകളുടെ ഉത്പാദനം, തീറ്റപ്പുല്‍ കൃഷി തുടങ്ങിയ രംഗത്തെല്ലാം കൂടുതല്‍ തൊഴില്‍ അവസരം ലഭിക്കുകയും ചെയ്യും.
നിലവില്‍ വിദേശത്തേക്ക് നടക്കുന്ന മാംസ കയറ്റുമതിലധികവും വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുമാണ്. കേരളത്തിലും മാംസ സംസ്‌കരണ യൂണിറ്റ് വരുന്നതോടെ വന്‍ വികസന കുതിപ്പ് സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. കണ്ണൂര്‍ വിമാനത്താവളം വഴിയാണ് പ്രധാനമായും കയറ്റുമതി ലക്ഷ്യമിടുന്നത്. ഇതിനായി ഒരു ലോജസ്റ്റിക് ഹബ്ബും വിമാനത്താവളത്തില്‍ ഒരുക്കുന്നുണ്ട്. 2025ഓടെ ഇന്ത്യയെ ഒരു മൃഗാധിഷ്ഠിത വ്യാവസായിക ഹബ്ബ് ആക്കി മാറ്റുക എന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ട്.
സംസ്ഥാനത്ത് മൂന്ന് മേഖലകളായാണ് പദ്ധതി തുടങ്ങുന്നത്. കാസര്‍കോട് ജില്ലയില്‍ മാംസ സംസ്‌കരണ യൂണിറ്റും, കോളേജും, കോഴിക്കോട് വേങ്ങേരിയില്‍ പ്രൊജക്ട് ഹെഡ് ക്വാര്‍ട്ടേഴ്‌സും, ആലപ്പുഴയില്‍ റീജണല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സും പ്രവര്‍ത്തിക്കും. കൂടാതെ മറ്റു 11 ജില്ലകളില്‍ ബഫര്‍ സോണുകളും, 140 നിയോജക മണ്ഡലങ്ങളില്‍ ഇംപ്ലിമെന്റിംഗ് റീജിയണ്‍സും ആരംഭിക്കും. 10 കോടി രൂപയാണ് പ്രാരംഭ പ്രവൃത്തികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ഈ വര്‍ഷത്തെ ബജറ്റില്‍ വകയിരുത്തിയത്. ഈ വര്‍ഷം തന്നെ ആദ്യഘട്ടമെന്ന നിലയില്‍ പണി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യം.
https://www.facebook.com/Malayalivartha
























